പാവങ്ങൾ


 


പാവങ്ങൾ

(നാലപ്പാട്ട് നാരായണ മേനോന്റെ വിവർത്തനം)

 

ലോകത്തിലെ തന്നെ എല്ലാ പാവപ്പെട്ട മനുഷ്യർക്കുമായി എഴുതപ്പെട്ട നോവലാണ് ലാമിറാബലെ. ഫ്രഞ്ചു സാഹിത്യകാരനായിരുന്ന വിക്ടർ യൂഗോ ആണ് ഇതിന്റെ കർത്താവ്. നാലാപ്പാട്ട് നാരായണ മേനോനാണ് നോവൽ "പാവങ്ങൾ' എന്ന പേരിൽ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്.

1925- മാത്യഭൂമിയിലാണ് പാവങ്ങൾ ആദ്യപതിപ്പായി പ്രസിദ്ധീകരിക്കുന്നത്. മലയാളഭാഷയുടെ പ്രത്യേകിച്ചും ഗദ്യത്തിന്റെ വികാസത്തെ കൃതി സാരമായിത്തന്നെ സഹായിച്ചിട്ടുണ്ട് എന്ന് പറയുന്നതിൽ തെറ്റില്ല.  ഭാവപരമായ ആന്തരികഭാവത്തെ ആവിഷ്ക്കരിക്കുവാൻ ഭാഷയെ ചിട്ടപ്പെടുത്തി എടുക്കുവാനും  വിവർത്തനം വളരെയധികം ഉപകാരപ്പെടുകയുണ്ടായി."ലാമിറാബലെ"യോട് തികച്ചും നീതി പുലർത്തുന്നതാണ് നാലപ്പാടന്റെ വിവർത്തനം.

 

പാഠസന്ദർഭം

"പാവങ്ങൾ' എന്ന നോവലിലെ മുഖ്യകഥാപാത്രമാണ് ഴാങ് വാൽഴാങ്. ദരിദ്രനായ ഒരു മരം വെട്ടുകാരനായിരുന്നു അയാൾ. അയാളുടെ വിധവയായ സഹോദരിയും അവരുടെ ഏഴുമക്കളും അയാളുടെ സംരക്ഷണയിലായിരുന്നു. ഒരു മഴക്കാലം തൊഴിലില്ലായ്മ കുടുംബത്തെ ആകെ തളർത്തി. മക്കൾ വിശന്നുകരയുന്നത് കണ്ട് സഹിക്കാനാവാതെ ഴാങ് വാൽഴാങ് ഒരു പള്ളിക്കടുത്തുള്ള ബേക്കറിയിൽ നിന്ന് ഒരു റൊട്ടി മോഷ്ടിക്കുന്നു. ചില്ലലമാരയുടെ ചില്ല് പൊട്ടിക്കുമ്പോൾ അയാളുടെ കൈയ്ക്ക് മുറിവേറ്റു. എങ്കിലും രക്തം വാർന്നൊഴുകുന്ന കൈയ്യുമായി അയാൾ ഓടി. കടയുടമ പിന്നാലെ എത്തിയപ്പോൾ റൊട്ടി അയാൾ ദൂരേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടും അയാൾ പോലീസ് പിടിയിലായി. അഞ്ചുവർഷത്തേക്ക് തടവുശിക്ഷ ലഭിച്ചു. ജയിലിൽ വെച്ച് അയാൾ പലവട്ടം ജയിൽ ചാടാൻ ശ്രമിച്ചു. അതിന്റെ ഫലമായി ശിക്ഷയുടെ കാലാവധിയും നീണ്ടു. ഒടുവിൽ പത്തൊമ്പത് വർഷം കഴിഞ്ഞ് അയാൾ ജയിൽ മോചിതനായി. എവിടെ ചെന്നാലും ജയിലിൽ നിന്ന് കിട്ടിയ മഞ്ഞക്കാർഡ് കാട്ടണം. അത് അയാൾക്ക് മറ്റൊരു ശിക്ഷയായി.

ആരും അയാൾക്ക് അഭയം കൊടുത്തില്ല. വിശപ്പും ദാഹവും കൊണ്ട് വലത്ത് ഡി നഗരത്തിലെത്തിയ ഴാങ് വാൽഴാങിന്ന് അവിടുത്തെ മെത്രാൻ അഭയം നൽകുന്നു. ഴാങ് വാൽഴാങിന് മെത്രാൻ രാത്രിയിൽ ഭക്ഷണവും ഉറങ്ങുവാനുള്ള സൗകര്യവും ചെയ്തു കൊടുത്തു.

എങ്കിലും അയാൾക്ക് ഉറങ്ങുവാൻ കഴിഞ്ഞില്ല. അയാളുടെ ശ്രദ്ധ മുഴുവൻ വെള്ളി സാമാനങ്ങളിലായിരുന്നു. അയാൾ മെത്രാൻ കിടക്കുന്ന വാതിലിനരികിലെത്തി. വാതിൽ മെല്ലെ മെല്ലെ ഉന്തിത്തുറന്നു. അല്പം ഒരു വിടവുണ്ടായെങ്കിലും അതിലൂടെ ഒരാൾക്ക് കടക്കാൻ കഴിയില്ല. - അയാൾ വീണ്ടും ശക്തിയോടെ വാതിൽ തള്ളി. കഷ്ടിച്ച് ഒരാൾക്ക് കടക്കാനുള്ള വിടവുണ്ടായി. എന്നാൽ അകത്തുള്ള കസേര വീണ്ടും വഴിമുടക്കി.

ഴാങ് വാൽഴാങ് കുറച്ചു കൂടെ ശക്തിയായി. വാതിലിൽ തള്ളി. വലിയൊരലർച്ചയോടെ വാതിൽ തുറന്നു. തിരികുറ്റിയുടെ ഒച്ച പരിസരമാകെ പ്രതിധ്വനിച്ചു. താൻ പിടിക്കപ്പെട്ടുവെന്നും തന്റെ പണി കഴിഞ്ഞു എന്നും അയാൾക്ക് തോന്നി. അല്പനേരത്തേക്ക് ഒന്നും ചെയ്യാനാവാതെ അയാൾ തരിച്ചുനിന്നു. -- കുറച്ച് കഴിഞ്ഞ് ആരും ഒന്നും അറിഞ്ഞിട്ടില്ല എന്ന് മനസ്സിലായപ്പോൾ അയാൾക്ക് സമാധാനമായി. തികഞ്ഞ ആത്മവിശ്വാസത്തോടെ ഴാങ് വാൽഴാങ് അകത്തു കടന്നു. ഉറങ്ങിക്കിടക്കുന്ന മെതാനെ ശ്രദ്ധിക്കാതെ അയാൾ ചുമർക്കൂടിലേക്ക് നോക്കി. തന്റെ കയ്യിലെ ഇരുമ്പ് വിളക്ക് ഉയർത്തി താക്കോൽ അവിടെയുണ്ടെന്ന് ഉറപ്പിച്ചു. അധികം താമസിച്ചില്ല അയാൾ ചുമർക്കൂടിൽ നിന്നും വെള്ളി സാമാനങ്ങൾ എടുത്ത് അപ്പുറത്തുള്ള പ്രാർത്ഥനാമുറിയിലേക്ക് പോയി. ജനൽ തുറന്ന് ജനൽ കട്ടിള വഴി പുറത്തു കടന്നു. -കൊട്ടയിൽനിന്ന് വെള്ളിസാമാനങ്ങൾ തന്റെ മാറാപ്പിലേക്ക് മാറ്റി കൊട്ട അവിടെ വലിച്ചെറിഞ്ഞു. എന്നിട്ട് മാറാപ്പുകെട്ടുമായി ഒരു പുലിയെപോലെ  മതിൽ ചാടിക്കടന്ന് ഓടിപ്പോയി.

അടുത്തദിവസം രാവിലെ മെത്രാൻ തോട്ടത്തിൽ ഉലാത്തുകയായിരുന്നു. അപ്പോൾ മദാം മാഗ്ലാർ വെളളി സാധനങ്ങൾ സൂക്ഷിച്ചിരുന്ന കൊട്ട കാണാതായ വിവരം മെത്രാനെ അറിയിച്ചു. തനിക്ക് നേരത്തെ കിട്ടിയ കൊട്ട അദ്ദേഹം അവരെ കാണിച്ചു. ഉടൻ തന്നെ മദാം മാഗ്ലാർ പൂജാമുറിയിലേക്കോടി. തിരിച്ചുവന്ന് വെള്ളി സാമാനങ്ങൾ നഷ്ടപ്പെട്ടുപോയ വിവരം മെത്രാനെ അറിയിച്ചു. അത് കട്ടുപോയത് രാത്രിയിൽ അവിടെ താമസിപ്പിച്ച മനുഷ്യനാണെന്നും പറഞ്ഞു. - അല്പനേരം കഴിഞ്ഞില്ല, മൂന്ന് പോലീസുകാർ ഴാങ് വാൽഴാങിന്റെ ചുമലിൽ പിടിച്ച് അവിടേക്ക് കൊണ്ടുവന്നു. ഒരു കുറ്റവാളിയെപ്പോലെ തന്റെ മുന്നിൽ ഹാജരാക്കപ്പെട്ട ഴാങ് വാൽഴാങിനെ കണ്ടതോടെ മെത്രാന് കാര്യങ്ങളെല്ലാം മനസ്സിലായി.

ഴാങ് വാൽഴാങിനെ രക്ഷിക്കാനുള്ള ശ്രമമായി പിന്നെ മെത്രാൻ. മെത്രാൻ ഴാങ് വാൽഴാങിനോട് താങ്കൾ വന്നത് നന്നായെന്നും, വെള്ളി സാമാനങ്ങൾക്കൊപ്പം ഞാൻ തന്ന വെള്ളിമെഴുകുതിരിക്കാലുകൾ എന്തുകൊണ്ട് കൊണ്ടുപോയില്ല, അതുവിറ്റാലും ഇരുനൂറ് ഫ്രാങ്ക് കിട്ടുമായിരുന്നല്ലോ എന്ന് പറഞ്ഞു.

പോലീസ്സുകാർക്ക് കാര്യം മനസ്സിലായി. ഴാങ് വാൽഴാങിൽ നിന്നും കണ്ടെടുത്ത വെള്ളിസാമാനങ്ങൾ മെത്രാൻ കൊടുത്തതാണെന്നും അയാൾ മോഷ്ടിച്ചതല്ല എന്നും മനസ്സിലാക്കി അവർ അയാളെ വെറുതെ വിട്ടു. പോലീസുകാർ പോകുന്നതിന് മുമ്പ് തന്നെ മെത്രാൻ ഴാങ് വാൽഴാങിനോട് ഇനി വരുമ്പോൾ തോട്ടത്തിലൂടെ വരേണ്ടതില്ല എന്നും മുൻവശത്തുള്ള വാതിലിലൂടെ വന്നാൽ മതിയെന്നും അതെപ്പോഴും തുറന്നു തന്നെ കിടക്കുമെന്നും ഉപദേശിച്ചു. ഴാങ് വാൽഴാങ് തികഞ്ഞ പാരവശ്യത്തോടെ മെത്രാനെ നോക്കി. പോലീസുകാർ പോയി. മെത്രാൻ ഴാങ് വാൽഴാങിന്റെ ചെവിയിൽ താൻ സത്യവാനായി മാറുമെന്നുള്ളത് പ്രതിജ്ഞ ചെയ്തിട്ടുള്ള കാര്യം ഓർമ്മിപ്പിക്കുന്നു.

 

രണ്ടു മാർക്കിനുള്ള മാതൃകാചോദ്യോത്തരം

 

ചോദ്യം 1.

"വെള്ളി സാമാനം പട്ടാള മാറാപ്പിലിട്ടു കൊട്ട് വലിച്ചെറിഞ്ഞു, തോട്ടം പിന്നിട്ടു, നരിയെപ്പോലെ മതിൽ ചാടിക്കടന്ന് ഒരു പാച്ചിൽ കൊടുത്തു."

പ്രസ്തുത പ്രയോഗം പോലുള്ള മറ്റു പ്രയോഗങ്ങൾ കണ്ടെത്താമോ...?

 

ഉത്തരം :

രണ്ടു ചെന്നിക്കുമുള്ള രക്തനാഡികൾ കൊല്ലന്റെ രണ്ടുകൂടങ്ങൾ പോലെ ഞ്ഞടിക്കുന്നത് അയാൾ കേട്ടു.

 

നാലു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

 

ചോദ്യം 2.

മെത്രാൻ പറഞ്ഞു: "നിങ്ങൾ സമാധാനത്തോടുകൂടി പോവുക. കൂട്ടത്തിൽ പറയട്ടെ, എന്റെ സ്നേഹിതാ, ഇനി ഇങ്ങോട്ടു വരുമ്പോൾ നിങ്ങൾക്ക് തോട്ടത്തിലൂടെ കടന്നു പോരണമെന്നില്ല, തെരുവിലേക്കുള്ള വാതിലിലൂടെ തന്നെ എപ്പോഴും വരുകയും പോവുകയും ചെയ്യാം. രാത്രിയും പകലും ഒരു നീക്കു നീക്കിയിരിക്കുന്നതു കൂടാതെ അതൊരിക്കലും പൂട്ടിയിടുകയില്ല.''

- മെത്രാന്റെ വാക്കുകൾ സമൂഹത്തിനു നൽകുന്ന സന്ദേശമെന്ത്?

 

ഉത്തരം :

ഫ്രഞ്ചു സാഹിത്യകാരനായ വിക്ടർ യൂഗോ എഴുതിയ നോവലാണ് ലാമിറാബലെ. നാലപ്പാട്ട് നാരായണ മേനോനാണ് നോവൽ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. പാവങ്ങൾ എന്നു പേരു നൽകിയ നോവലിലേതാണ് പാഠഭാഗം.

വെള്ളി സാമാനങ്ങൾ ഴാങ് വാൽഴാങിന് താൻ സന്തോഷത്തോടുകൂടി സമ്മാനമായി കൊടുത്തതാണെന്നും പറഞ്ഞ് രണ്ട് വെള്ളി മെഴുകു തിരിക്കാലുകൾ കൂടി അയാൾക്ക് കൊടുക്കുന്നത് കണ്ട് പോലീസുകാർ ഴാങ് വാൽഴാങിനെ വെറുതെ വിട്ടു. കള്ളനായ തന്നെ രക്ഷിക്കാൻ മെത്രാൻ ചെയ്ത മഹാമനസ്കത കണ്ട് പരവശനായ ഴാങ് വാൽഴാങിനോട് മെത്രാൻ പറയുന്ന വാക്കുകളാണിത്. മെത്രാന്റെ മനസ്സിന്റെ വിശാലതയും തെളിമയും നന്മയും ഉദ്ദേശ്യശുദ്ധിയും വാക്കുകളിൽ തെളിഞ്ഞുകാണാം. ഴാങ് വാൽ ഴാങിന് മാത്രമല്ല മാനവരാശിക്ക് തന്നെയും എക്കാലത്തും മനസ്സിൽ സൂക്ഷിക്കാനുള്ള മഹത്തായ ഒരു സന്ദേശം വാക്കുകളിൽ നിർലീനമായിക്കിടക്കുന്നുണ്ട്.

താൻ വിശ്വസിച്ച് സ്നേഹിച്ച് ഭക്ഷണവും ഉറങ്ങുവാനുളള സ്ഥലവും നൽകി രാത്രിയിൽ തന്റെ കൂടെ കൂട്ടിയ ഒരു മനുഷ്യനാണ് രാത്രിയിൽ തന്നെ ചതിച്ച് വെള്ളി സാമാനങ്ങൾ മോഷ്ടിച്ചു കടന്നു കളഞ്ഞത്. അങ്ങനെയുള്ള ഒരു മനുഷ്യനോടാണ് ഇനിയും ഒരു കള്ളനെപ്പോലെ തോട്ടത്തിലൂടെ വരണമെന്നില്ലെന്നും, എപ്പോഴും തുറന്നുകിടക്കുന്ന മുൻവാതിലിലൂടെ വന്നാൽ മതിയെന്നും പറയുന്നത്.

കളങ്കപൂരിതമായ ഒരു മനുഷ്യന്റെ കണ്ണു തുറപ്പിക്കാൻ പര്യാപ്തമായ ശക്തിയും ആഴവും സ്നേഹവും വാക്കുകൾക്കുണ്ട്. സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ കളവിന്റേയും കുറ്റങ്ങളുടേയും പാതയിലേക്ക് തിരിഞ്ഞു പോയവരെ വിശ്വാസത്തിലെടുക്കണമെന്നും, സ്നേഹിക്കണമെന്നും അവർക്ക് നന്നാവാനുള്ള സാഹചര്യങ്ങൾ ചെയ്തു കൊടുക്കണമെന്നും മെത്രാൻ ഇതിലൂടെ ലോകത്തിന് മുമ്പിൽ വിളംബരം ചെയ്യുന്നു. ഴാങ് വാൽഴാങ് എന്ന മനുഷ്യന്റെ മനസ്സിനേക്കാൾ വാചകം ചെന്ന് തറയ്ക്കുക ലോകമനസാക്ഷിയിലാണ്. സത്യസന്ധതയും വിശ്വാസവും ആണ് ജീവിതത്തിൽ സമ്പാദിക്കേണ്ടത് എന്ന മഹത്തായ ഒരു സന്ദേശമാണ് മെത്രാൻ ഇത് വഴി സമൂഹത്തിന്ന് നൽകുന്നത്.

 

ചോദ്യം 3.

"പരലോകത്തു വച്ച് ഇഹലോകകർമ്മങ്ങളെ വിചാരണയ്ക്കടുക്കുമ്പോഴത്തെ തുളഞ്ഞു കയറുന്നതും ഭയം ജനിപ്പിക്കു ന്നതുമായ കാഹളശബ്ദം പോലെ, തിരി കുറ്റിയുടെ കരച്ചിലൊച്ച അയാളുടെ ചെകിട്ടിലലച്ചു." ഴാങ് വാൽ ഴാങ്ങിന്റെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കാൻ വരികൾക്ക് എത്ര മാത്രം കഴിയുന്നുണ്ട് ? കുറിപ്പ് തയാറാക്കുക.

 

ഉത്തരം :

ഫ്രഞ്ചു സാഹിത്യകാരനായ വിക്ടർ യൂഗോ എഴുതിയ നോവലാണ് ലാമിറാബലെ. നാലപ്പാട്ട് നാരായണ മേനോനാണ് നോവൽ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. പാവങ്ങൾ എന്നു പേരു നൽകിയ നോവലിലേതാണ് പാഠഭാഗം.

മെത്രാൻ ഴാങ് വാൽഴാങിന് ഭക്ഷണവും ഉറങ്ങാനുള്ള മുറിയും നൽകിയെങ്കിലും അയാൾക്ക് ഉറക്കം വന്നില്ല. അയാളുടെ പൈശാചികമായ മനസ്സിൽ താൻ നേരത്തെ കണ്ട വെള്ളി സാമാനങ്ങൾ എങ്ങനെ കൈക്കലാക്കാം എന്ന ചിന്ത മാത്രമായിരുന്നു. ഉറങ്ങിക്കിടക്കുന്ന മെത്രാനും മറ്റുള്ളവരും അറിയാതെ അയാൾ വാതിൽ മെല്ലെ മെല്ലെ തള്ളിത്തുറന്ന് ചുമർ കൂട്ടിൽ സൂക്ഷിച്ചു വെച്ചിരുന്ന വെള്ളിസാമാനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുന്നു. ഒന്നുരണ്ടു വട്ടം ശ്രമിച്ചെങ്കിലും വാതിലിൽ നേരിയ വിടവേ ഉണ്ടായുള്ളൂ. വീണ്ടും കുറച്ച് ശക്തിയോടെ അയാൾ വാതിൽ തള്ളി. അപ്പോൾ വാതിലിന്റെ വേണ്ടവിധം എണ്ണ കൊടുത്തിട്ടില്ലാത്ത തിരുകുറ്റിയിൽ നിന്ന് നിലവിളിപോലെ ഒരു ശബ്ദം ഉണ്ടായി. രാത്രിയുടെ നിശബ്ദതയിൽ ശബ്ദം അവിടെയാകെ പ്രതിധ്വനിച്ചു. ശബ്ദം ഴാങ് വാൽഴാങിൽ ഉണ്ടാക്കിയ പരിഭ്രമവും അങ്കലാപ്പും ഭയവും നിറഞ്ഞ മാനസികാവസ്ഥ പകർന്ന് നൽകുന്നതാണ് പ്രയോഗം. താൻ കയ്യോടെ പിടിക്കപ്പെട്ടുവെന്ന് അയാൾ മനസ്സിലാക്കി. പല കുറ്റങ്ങൾക്കായി പിടിക്കപ്പെട്ട് പത്തൊമ്പത് വർഷം ജയിൽവാസം കിട്ടി പുറത്തുവന്ന ആളാണ് അയാൾ.

ഇനിയും ലോകാരാധ്യനായ മെത്രാന്റെ കൊട്ടാരത്തിൽ നിന്ന് പിടിക്കപ്പെട്ടാൽ തനിക്ക് തീരെ രക്ഷയുണ്ടാവുകയില്ലെന്നും മരണം വരെ ജയിൽവാസം തുടരേണ്ടിവരുമെന്നോ, ഒരു പക്ഷെ മരണശിക്ഷവരെ കിട്ടുമെന്നോ അയാൾക്ക് തോന്നിയിരിക്കണം.

അതുകൊണ്ടാണ് വാതിലിന്റെ കരയുന്ന ശബ്ദം മരണശേഷമുളള വിചാരണവേളയിലെ കാഹള ശബ്ദമായി അയാൾക്ക് തോന്നിയത്. ദൈവസന്നിധിയിൽ എല്ലാകുറ്റങ്ങളും ഏറ്റു പറയേണ്ടിവരുന്ന രംഗം അയാൾ അകക്കണ്ണ് കൊണ്ട് കണ്ടിരിക്കണം. അത്രയും ഭയവിഹ്വലമായ ഒരു മാനസ്സികാവസ്ഥയിലായിരുന്നു അയാളെന്ന് കാണിക്കുന്നതാണ് വരികൾ.

 

ചോദ്യം 4,

"ഉപ്പുകൊണ്ടുള്ള ഒരു പ്രതിമപോലെ അയാൾ നിന്നേടത്തു തന്നെ മിഴിച്ചു കൊണ്ടു നിന്നു"

- പ്രയോഗഭംഗി വിശദമാക്കിക്കൊണ്ട് ഒരു കുറിപ്പ് തയ്യാറാക്കുക.

 

ഉത്തരം

ഫ്രഞ്ചു സാഹിത്യകാരനായ വിക്ടർ യൂഗോ എഴുതിയ നോവലാണ് ലാമിറാബലെ. നാലപ്പാട്ട് നാരായണ മേനോനാണ് നോവൽ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. പാവങ്ങൾ എന്നു പേരു നൽകിയ നോവലിലേതാണ് പാഠഭാഗം.

ഴാങ് വാൽഴാങ് താൻ കണ്ട വെള്ളി സാമാനങ്ങൾ മോഷ്ടിക്കാനായി മെത്രാനുറങ്ങുന്ന മുറിയുടെ വാതിൽ പലവട്ടം തള്ളുന്നു. ഒടുവിൽ വാതിലിന്റെ തിരികുറ്റിയിൽ നിന്ന് ഒരലർച്ചയുണ്ടായി. രാത്രിയുടെ ഏകാന്തതയിൽ ഉണ്ടായ ശബ്ദം അവിടമാകെ പ്രകമ്പനമായി. പ്രസ്തുത സന്ദർഭത്തിൽ താൻ പിടിക്കപ്പെട്ടു എന്ന് മനസ്സിലാക്കുന്ന ഴാങ് എന്ത് ചെയ്യണമെന്നറിയാതെ തരിച്ചു നിൽക്കുന്ന ചിത്രമാണ് പ്രയോഗത്തിലൂടെ ആസ്വാദകന് കിട്ടുന്നത്. വയസ്സനായ മെത്രാനും രണ്ട് വൃദ്ധ സ്ത്രീകളും ഉണർന്ന് വരുന്നതും നിലവിളിക്കുന്നതും ആളുകൾ ഓടിയെത്തു ന്നതും പോലീസിൽ വീണ്ടും അകപ്പെടുന്നതും മനസ്സിൽ കണ്ട ഴാങിന്റെ മിഴിച്ചു നിൽപ്പിനെയാണ് പ്രയോഗം കാണിക്കുന്നത്. ഉപ്പു കൊണ്ടുള്ള പ്രതിമയിൽ സദാ ഈർപ്പമുണ്ടായിരിക്കും. മാത്രമല്ല അതൊരു വിളർത്ത നിറത്തിലുമായിരിക്കും. പേടിമൂലം രക്തം നഷ്പ്പെട്ട പോലെ വിളറി വെളുത്ത് വിയർപ്പിൽ മുങ്ങി ചലനമറ്റു നിൽക്കുന്ന ഴാങിന്റെ തൽക്കാല സ്ഥിതിയാണ് പ്രയോഗം വരച്ചുവെയ്ക്കുന്നത്.

 

ചോദ്യം 5.

"അപ്പോൾ ഒന്നാമത്, വെള്ളിസ്സാമാനം നമ്മുടെയായിരുന്നുവോ!" "മദാം മഗ്ലാർ, ഞാൻ വെള്ളിസ്സാമാനം വളരെക്കാലം  സൂക്ഷിച്ചുപോന്നത് ഒരിക്കലും ശരിയായിട്ടല്ല. അത് പാവങ്ങളുടെയാണ്. വന്ന മനുഷ്യൻ ആരായിരുന്നു? കാഴ്ചയിൽത്തന്നെ ഒരു പാവം." വെള്ളി സാമാനങ്ങൾ നഷ്ടപ്പെട്ടു എന്നറിഞ്ഞപ്പോഴുള്ള മെത്രാന്റെ അഭിപ്രായ പ്രകടനങ്ങളാണിത്. ഇതിലൂടെ തെളിയുന്ന മെത്രാന്റെ മാനസിക വ്യാപാരത്തെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.

 

ഉത്തരം :

ഫ്രഞ്ചു സാഹിത്യകാരനായ വിക്ടർ യൂഗോ എഴുതിയ നോവലാണ് ലാമിറാബലെ. നാലപ്പാട്ട് നാരായണ മേനോനാണ് നോവൽ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. പാവങ്ങൾ എന്നു പേരു നൽകിയ നോവലിലേതാണ് പാഠഭാഗം.

വെള്ളിസാമാനങ്ങൾ മോഷ്ടിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ വൃദ്ധകൾ പരിഭ്രമത്തോടെ അത് മെത്രാനോട് വിളിച്ചു പറഞ്ഞു. പക്ഷെ മെത്രാന് കുറ്റപ്പെടുത്തലുകളും പരിഭ്രമവും ബാധിച്ചതേയില്ല. നിസ്വാർത്ഥനായ അദ്ദേഹത്തിന്റെ തൽക്കാല മാനസ്സികാവസ്ഥയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത്. നിഷ്കളങ്കമായ സ്നേഹത്തിന്റേയും , കാരുണ്യത്തിന്റേയും, വിശ്വാസത്തിന്റേയും മൂർത്തിഭാവമാണദ്ദേഹം. ഭൗതികമായ ഒന്നിലും അദ്ദേഹത്തിന് താല്പര്യമില്ല. അത് കുമിഞ്ഞുകൂടുന്നതും ശരിയല്ല എന്ന് അദ്ദേഹം വിശ്വസിക്കുന്നു. പ്രകൃതിയിലെ ഭൗതികമായതെന്നും പ്രാപഞ്ചിക ജീവികളായ എല്ലാവർക്കുമായി അനുഭവിക്കാനുള്ളതാണ്.

അത് ആരുടേയും സ്വന്തവുമല്ല എന്നാണ് അദ്ദേഹത്തിന്റെ ചിന്ത. അത് എവിടെ കൂടിയിരുന്നാലും അവസാനം അത് അർഹിക്കുന്ന ആളുകളുടെ അടുത്ത് തന്നെ എത്തപ്പെടും എന്ന ചിന്തയാണ് മെത്രാനെ ഭരിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു നിസ്സംഗമായ മറുപടി പറഞ്ഞത്. ആവശ്യത്തിൽ കവിഞ്ഞുള്ള നിക്ഷേപങ്ങൾ പാവങ്ങളുടേതാണ്. അർഹതയുളളത് മാത്രമേ സൂക്ഷിക്കാവൂ എന്ന മഹത്തായ ഒരു സന്ദേശവും മെത്രാൻ വാക്കുകളിലൂടെ ലോകത്തിന് സമർപ്പിക്കുന്നു. അനർഹമായത് സൂക്ഷിച്ചുവെച്ചിട്ട് കാര്യമില്ല. അത് കാലാന്തരത്തിൽ അർഹതപ്പെട്ട കൈകളിൽ എത്തിച്ചേരും. നമ്മൾ നമ്മുടേതെന്ന് പറത്ത് സൂക്ഷിച്ചുവെക്കുന്ന സാധനങ്ങൾ ഒന്നും തന്നെ നേരത്തെ നമ്മുടേതായിരുന്നില്ലെന്നുമുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് മെത്രാന്റെ വാക്കുകൾ.

 

ചോദ്യം 6.

ഴാങ് വാൽഴാങ്ങിന്റെ കണ്ണുരണ്ടും മിഴിത്തുപോയി. മനുഷ്യനെക്കൊണ്ടു പറഞ്ഞറിയിക്കാൻ നിവൃത്തിയില്ലാത്ത ഒരു ഭാവവിശേഷത്തോട് കൂടി അയാൾ വന്ദ്യനായ മെത്രാനെ തുറിച്ചുനോക്കി. - സന്ദർഭവും ആശയവും വിശദീകരിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.

 

ഉത്തരം :

ഫ്രഞ്ചു സാഹിത്യകാരനായ വിക്ടർ യൂഗോ എഴുതിയ നോവലാണ് ലാമിറാബലെ. നാലപ്പാട്ട് നാരായണ മേനോനാണ് നോവൽ ആദ്യമായി മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്. പാവങ്ങൾ എന്നു പേരു നൽകിയ നോവലിലേതാണ് പാഠഭാഗം.

മെത്രാന്റെ വെള്ളിസാമാനങ്ങളുമായി കടന്നുകളഞ്ഞ ഴാങിനെ മൂന്ന് പോലീസുകാർ കയ്യോടെ പിടികൂടി മെത്രാന്റെ മുന്നിൽ എത്തിച്ചു. ഴാങിനെ കണ്ടതോടെ മെത്രാന് കാര്യങ്ങൾ എല്ലാം മനസ്സിലായി. ഴാങിനെ പോലീസിൽ നിന്നും രക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ മെത്രാൻ പോലീസ് കേൾക്കെ ഒരു വിശുദ്ധനുണ പറയുന്നു. ഞാൻ തന്ന രണ്ട് വെള്ളി മെഴുകുതിരിക്കാലുകൾ കൂടി എന്തുകൊണ്ട് താങ്കൾ കൊണ്ടുപോയില്ല എന്ന് അദ്ദേഹം ഴാങ്ങിനോട് ചോദിച്ചു.

മറ്റ് വെള്ളിസാധനങ്ങൾ താൻ അറിഞ്ഞുനൽകിയതാണെന്നും അയാൾ കട്ടെടുത്തതായിരുന്നില്ല എന്ന് തോന്നിപ്പിച്ച് ഴാങിനെ രക്ഷപ്പെ ടുത്തുകയായിരുന്നു മെത്രാന്റെ ലക്ഷ്യം. മെത്രാന്റെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കിയ

ഴാങിന്റെ തൽക്കാല മാനസികാവസ്ഥയാണ് വരികൾ വ്യക്തമാക്കുന്നത്. മെത്രാന്റെ ഹൃദയ വിശാലതയും, അങ്ങനെയുള്ള ഒരു മനുഷ്യനോട് താൻ ചെയ്ത് പോയ അപരാധവും ഒന്നിച്ച് അയാളുടെ പ്രജ്ഞയെ കീഴടക്കി. മെത്രാന്റെ സമീപനത്തിന് മുന്നിൽ അയാളുടെ കണ്ണുകൾ തള്ളിപ്പോയി. എന്ത് പറയണം, എന്തുചെയ്യണം, എങ്ങനെ നന്ദി പ്രകാശിപ്പിക്കണം എന്നറിയാതെ ഴാങ് പരവശപ്പെട്ടുപ്പോയി. മാനസികമായ പിരിമുറുക്കത്തിൽ, എന്ത് പറയണമെന്നറിയാതെ മൂകനായിപ്പോകുന്ന അവസ്ഥയാണ് മനുഷ്യന്റെതല്ലാത്ത ചേഷ്ടാവിശേഷത്തോടെ തുറിച്ചുനോക്കി എന്ന പ്രയോഗം എടുത്തു കാണിക്കുന്നത്. മെതാനോടുള്ള നന്ദിയും കടപ്പാടും, സ്നേഹവും, പശ്ചാത്താപവും എല്ലാം വരികൾ ഉൾക്കൊള്ളുന്നു.

 

ആറു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം 7.

"ചെറിയ കുറ്റത്തിന് വലിയ ശിക്ഷ നൽകുന്ന നിയമവ്യവസ്ഥ മാത്രമല്ല, തെറ്റു കുറ്റങ്ങൾക്ക് മാപ്പു നൽകുന്ന സ്നേഹത്തിന്റെ വ്യവസ്ഥ കൂടി ലോക ത്തുണ്ടെന്ന് ഴാങ് തിരിച്ചറിയുന്നതപ്പോഴാണ്. നന്മയുടെ വെളിച്ചം ഴാങ്ങിലേക്ക് കടക്കുന്ന ഒരൊറ്റ മുഹൂർത്തം മതി വിക്ടർ ഹ്യഗോ എന്ന എഴുത്തുകാരന് അമരത്വം ലഭിക്കാൻ. എന്റെ എഴുത്തിലും സ്വഭാവഘടയിലും ചിന്തയിലും സ്വാധീനം ചെലുത്തിയ പുസ്തകമാണ് "പാവങ്ങൾ'. നന്മയുടെ കാലം അസ്തമിച്ചിട്ടില്ല (- . ഹരികുമാർ)

പ്രശസ്ത കഥാകൃത്ത് . ഹരികുമാറിന്റെ നിരീക്ഷണവും നിങ്ങളുടെ വായനാനുഭവവും പരിഗണിച്ച് "പാവങ്ങൾ' : ലോകസാഹിത്യത്തിലെ നിത്യ വിസ്മയം' എന്ന വിഷയത്തിൽ ഉപന്യാസം തയാറാക്കുക.

 

ഉത്തരം :

"പാവങ്ങൾ - ലോകസാഹിത്യത്തിലെ നിത്യവിസ്മയം"

ലോകമെമ്പാടുമുള്ള എഴുത്തുകാർക്കും വായനക്കാർക്കും എന്നും പ്രചോദനം നൽകുന്ന മഹത്തായ കലാസൃഷ്ടിയാണ് പാവങ്ങൾ.

ലോകപ്രശസ്തനായ സാഹിത്യകാരൻ വിക്ടർ യൂഗോ എഴുതിയ അതിപ്രസിദ്ധമായഒരു കൃതിയാണ് പാവങ്ങൾ എന്ന നോവൽ. ലാമിറാബലെ എന്നാണ് ഫ്രഞ്ചിൽ അതിന്റെ പേര്. പേര് സൂചിപ്പിക്കുന്ന പോലെ ലോകത്തിലെ ദുരിതമനുഭവിക്കുന്ന എല്ലാ പാവപ്പെട്ട മനുഷ്യർക്കും വേണ്ടി എഴുതപ്പെട്ട ഒരു നോവലാണ് അത്.

ലോകത്ത് ഇത്രമാത്രം വായിക്കപ്പെടുകയും മൊഴിമാറ്റം ചെയ്യപ്പെടുകയും ചെയ്യപ്പെട്ട മറ്റൊരു കൃതിയുണ്ടോ എന്ന് സംശയമാണ്. മനുഷ്യന്റെ വായനാശീലത്തേയും, മാനുഷികമായ എല്ലാ കാമനകളേയും, വികാ ങ്ങളേയും, അനുകമ്പയേയും, പശ്ചാത്താപത്തേയും, കുറ്റബോധത്തെയും എല്ലാം തന്നെ പരിപോഷിപ്പിച്ചെടുത്ത് അവനെ ഒരു മനുഷ്യനാക്കി മാറ്റാൻ പ്രലോഭിപ്പിച്ച ഒരു നോവലാണിത്. അതുകൊണ്ട് തന്നെയായിരിക്കണം നോവലുകളുടെ അമ്മ എന്ന് വിമർശനലോകം കൃതിയെ വിശേഷിപ്പിച്ചത്. ഴാങ് വാൽഴാങ് എന്ന പാവപ്പെട്ട ഒരു കുറ്റവാളിയുടെ ജീവിത സമരത്തിന്റെ മഹാഗാഥയാണ് പാവങ്ങൾ എന്ന നോവലിലെ പ്രമേയം.

സ്വന്തം സഹോദരിയുടെ കുഞ്ഞുങ്ങൾക്കായി ഒരു കഷ്ണം റൊട്ടി മോഷ്ടിച്ചതിന്റെ പേരിൽ 1795 തടവിലാക്കപ്പെട്ട ഴാങ് ആണ് മുഖ്യകഥാപാത്രം. ജയിലിൽ വെച്ച് അയാൾ പലതവണ ജയിൽ ചാടുവാൻ ശ്രമിക്കുന്നു. പിടിക്കപ്പെട്ട ഴാങിന് വീണ്ടും തടവുശിക്ഷ കിട്ടുന്നു. ഒടുവിൽ നീണ്ട പത്തൊമ്പത് വർഷം ജയിൽ ജീവിതം അനുഭവി ക്കേണ്ടിവരുന്നു.

നീണ്ട പത്തൊമ്പത് വർഷത്തെ തടവുശിക്ഷയും - കഴിഞ്ഞ് പുറത്തിറങ്ങിയ ഴാങ് 1833- മരിക്കുന്നത് വരെയുള്ള കഥയാണ് പാവങ്ങൾ പറയുന്നത്. മനുഷ്യനെ മാറ്റിയെടുക്കുവാനും മാനസാന്തരപ്പെടുത്തുവാനും എപ്പോഴും ഉപകരിക്കുക കുഞ്ഞു ശിക്ഷകളേക്കാൾ സ്നേഹസ്പർശനമാണ് എന്ന് നോവൽ ആവർത്തിച്ച് അടിവരയിടുന്നു. ഒരേസമയത്ത് തന്നെ കുറ്റവാളിയുടേയും, സ്നേഹത്തിന്റേയും,  അനുകമ്പയുടേയും മനസാ ക്ഷിയുടേയും, പശ്ചാത്താപത്തിന്റേയും, തിരിച്ചറിവിന്റേയും, മാനസാന്തരത്തിന്റേയും മുഖമുള്ള കഥാപാത്ര മാണ് ഴാങ് വാൽഴാങ്. അതിന്റെ മറുവശമാണ് നോവലിലെ ജവേരറ്റ് എന്ന പോലീസ് ഇൻസ്പെക്ടർ, നാം തന്നെ സൃഷ്ടിച്ചെടുത്ത നീതിന്യായ വ്യവസ്ഥയുടെ ആൾരൂപമാണ് അയാൾ. വിട്ടുവീഴ്ചയില്ലാത്ത, അഭിപ്രായമേതുമില്ലാത്ത നീതിയുടെ വക്താവ് മാത്രമാണയാൾ. ഴാങ് അനുഭവിച്ചു കൊണ്ടിരിക്കുന്ന ദു:ഖത്തിന്റേയും, ദുരന്തത്തിന്റേയും, മനുഷ്യത്വത്തിന്റേയും പാതയിലേക്ക് അയാൾക്ക് യാതൊരു എത്തിനോട്ടവുമില്ല. മനസാക്ഷിയെ മരവിപ്പിച്ച നീതിന്യായ വ്യവസ്ഥയാണ് ഒരു കണക്കിന് ഴാങിനെ രക്ഷപ്പെടാനാവാത്ത വിധം വിധിയുടെ നീർക്കയത്തിലേക്ക് താഴ്ത്തി. വലിക്കുന്നത്.

ഴാങ് പരുക്കനും, നിഷ്കളങ്കനും ആയ ഒരു കർഷകനായിരുന്നു. സാധാരണയിൽ കവിഞ്ഞ സ്നേഹമായിരുന്നു അദ്ദേഹത്തിന് ഭർത്താവ് മരിച്ച സഹോദരിയോടു ണ്ടായിരുന്നത്. ഒരു മഴക്കാലത്ത് വിശന്നു കരയുന്ന സഹോദരിയുടെ ഏഴു കുഞ്ഞുങ്ങൾക്കായി ഒരു കടയിൽ നിന്ന് അയാൾക്ക് ഒരു കഷ്ണം അപ്പം മോഷ്ടിക്കേണ്ടി വരുന്നു. അതോടെയാണ് ഴാങ് എന്ന കഥാപാത്രം സമൂത്തിന്റെ നിയമവ്യവസ്ഥയ്ക്ക് പാത്രീഭവിക്കുന്നത്. എന്നാൽ സ്വന്തം മനഃസാക്ഷിക്ക് മുമ്പിൽ അയാൾ കുറ്റക്കാരനല്ല. ജയിലിൽ കിടക്കുമ്പോഴും അദ്ദേഹത്തിന്റെ ചിന്ത പട്ടിണി കിടക്കുന്ന മക്കളായിരുന്നു. തടവു ചാടാൻ പല തവണ അയാളെ പ്രേരിപ്പിച്ചത് കടുത്ത ദാരിദ്ര്യവും അനുകമ്പയുമായിരുന്നു. പക്ഷേ പിടിക്കപ്പെട്ട അയാൾക്ക് പുറത്ത് കടക്കാൻ കഴിഞ്ഞത് നീണ്ട പത്തൊമ്പത് വർഷത്തെ ജയിൽവാസത്തിന് ശേഷമാണ്.

പക്ഷെ ഇക്കാലം കൊണ്ട് ഴാങ് ആകെ മാറിപ്പോയി. അയാളുടെ മനസ്സ് മരവിച്ചു പോയിരുന്നു. ശരീരത്തിൽ കുറ്റവാളിയെന്ന ചാപ്പകുത്ത് അയാളെ വല്ലാതെ വേദനിപ്പിച്ചു.

കൈയിൽ കിട്ടിയ മഞ്ഞകാർഡുമായി നടന്ന അദ്ദേഹത്തെ ഒരു മെത്രാൻ രക്ഷിക്കുന്നു. മെത്രാൻ അയാൾക്ക് ഭക്ഷണവും ഉറങ്ങാനുള്ള സ്ഥലവും നൽകുന്നു. എങ്കിലും ഴാങിന്റെ ഉള്ളിലെ കുറ്റവാളി ഉണർന്നു. അവിടെ വെച്ച് അയാൾ മെത്രാന്റെ വെള്ളിപാത്രങ്ങൾ മോഷ്ടിച്ചു കടന്നുകളയുന്നു. രാവിലെ തന്നെ പോലീസുകാർ ഴാങ്ങുമായി മെത്രാന്റെ മുന്നിലെത്തി. കാര്യം മനസ്സിലാക്കി മെത്രാൻ വിശുദ്ധമായ ഒരു കള്ളം പറഞ്ഞ് ഴാങ്ങിനെ രക്ഷിക്കുന്നു.

വിമർശകനായ ഹരികുമാർ പറഞ്ഞ പോലെ ചെറിയ കുറ്റത്തിന് വലിയ ശിക്ഷ നൽകുന്ന നിയമവ്യവസ്ഥ മാത്രമല്ല തെറ്റു കുറ്റങ്ങൾക്ക് മാപ്പു നൽകുന്ന സ്നേഹത്തിന്റെ വ്യവസ്ഥകൂടി ലോകത്ത് ഉണ്ടെന്ന് ആദ്യമായി ഴാങിന് കാണിച്ചുകൊടുത്തത് മെത്രാനാണ്. ഒരു പക്ഷേ പിൽക്കാലത്ത് ഴാങ് എന്ന കുറ്റവാളിയെ അടിമുടി മാറ്റിയെടുക്കുവാനും മാനസാന്തരപ്പെടുത്തുവാനും സഹായിച്ചത് സ്നേഹസ്പർശനമായിരിക്കാം.

പുറത്തേക്ക് പരുക്കനെന്ന് തോന്നിച്ചിരുന്നുവെങ്കിലും അഗാധമായ സ്നേഹത്തിന്റേയും, അനുകമ്പയുടേയും  ഉറവിടമായിരുന്നു ഴാങ്. അദ്ദേഹത്തിനു കോടതി അയാളുടെ മനസാക്ഷി മാത്രമായിരുന്നു. താൻ ഒരു കുറ്റവാളിയായതും തടവ് ശിക്ഷ അനുഭവിക്കുന്നതുമെല്ലാം സാഹചര്യങ്ങളുടെ സമ്മർദ്ദത്തിലാണ് എന്ന പുതിയൊരു സന്ദേശം തന്റെ ജീവിതത്തിലൂടെ അയാൾ മനസ്സിലാക്കി.

ആരും കുറ്റവാളിയായി ജനിക്കപ്പെടുന്നില്ല എന്ന മഹത്തായ സന്ദേശമാണ് പാവങ്ങൾ എന്ന നോവലിന്റെ സത്ത. അതുകൊണ്ട് തന്നെയാണ് കഷ്ടപ്പെടുന്നവരുടേയും ദുരിതമനുഭവിക്കുന്നവരുടേയും ഇഷ്ടനോവലായി കൃതി മാറിയത്. ലോകമെമ്പാടുമുള്ള എഴുത്തുകാർക്കും, വായനക്കാർക്കും ഇന്നും അത് പ്രചോദനം നൽകിക്കൊണ്ടേയിരിക്കുന്നു. യാഥാർഥ്യം മനസ്സിലാക്കിയാവണം തന്റെ തന്നെ നോവലിന്റെ ആമുഖത്തിൽ വിക്ടർ യൂഗോ ഇപ്രകാരം എഴുതിയത്. മനുഷ്യൻ അജ്ഞനും, നിരാശനുമായി എവിടെയുമുണ്ട്, ഭക്ഷണത്തിനു വേണ്ടി സ്ത്രീകൾ എവിടെ വിൽക്കപ്പെടുന്നു, അറിവുണ്ടാക്കുവാനുള്ള ഗ്രന്ഥവും തണുപ്പുമാറ്റാനുള്ള അടുപ്പും കിട്ടാതെ കുട്ടികൾ എവിടെ കഷ്ടപ്പെടുന്നു, അവിടെയെല്ലാം പാവങ്ങൾ എന്ന പുസ്തകം വാതിൽക്കൽ മുട്ടി വിളിച്ചുപറയും: എനിക്ക് വാതിൽ തുറന്നു തരിക; ഞാൻ വരുന്നതു നിങ്ങളെ കാണാനാണ് എന്ന്.

 

 വിക്ടർ ഹ്യൂഗോ

ലോകം മുഴുവൻ പ്രസിദ്ധനായ ഫ്രഞ്ച് എഴുത്തുകാരനാണ് വിക്ടർ ഹ്യൂഗോ. കവി, നോവലിസ്റ്റ്, നാടകകൃത്ത്, ഉപന്യാസകാരൻ, ദൃശ്യകലാകാരൻ തുടങ്ങിയ നിലകളിൽ ഒരു ബഹുമുഖ പ്രതിഭയായിരുന്നു. മികച്ച മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു. കാല്പനികതാ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവ് കൂടിയായിരുന്നു അദ്ദേഹം. 1802 ഫിബ്രവരി 26ന് ജനിച്ച അദ്ദേഹം 1885 മെയ് 22 ന് നിര്യാതനായി.

 

നാലപ്പാട്ട് നാരായണ മേനോൻ

മലയാള സാഹിത്യരംഗത്തെ പ്രശസ്തനായ ഒരു സാഹിത്യകാരനായിരുന്നു നാലാപ്പാട്ട് നാരായണമേനോൻ. വിവർത്തനം, കവിത, തത്ത്വചിന്ത തുടങ്ങിയ മേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. തികഞ്ഞ ദാർശനികനായിരുന്ന അദ്ദേഹം മലയാള കവിതയിലെ ഭാവഗീത പ്രസ്ഥാനത്തിന്റെ വളർച്ചയിൽ വലിയപങ്കുവഹിച്ചിട്ടുണ്ട്. വളരെ കുറച്ചെ എഴുതിയിട്ടുള്ളുവെങ്കിലും മലയാള സാഹിത്യത്തിൽ വലിയൊരു സ്ഥാനമുണ്ട്. ചക്രവാളം. പുളകാങ്കുരം, കണ്ണുനീർത്തുള്ളി, പാവങ്ങൾ, രതിസാമ്രാജ്യം, പൗരസ്ത്യദീപം എന്നിവയാണ് പ്രധാന കൃതികൾ. 1887- ഒക്ടോബർ 7 ന് നാലപ്പാട്ട് കുടുംബത്തിൽ ജനനം 1954 ജൂൺ 3 ന് നിര്യാതനായി.

3 comments:

കേരളപാഠാവലി

 യൂണിറ്റ് 1 പാഠം 1        ലക്ഷ്മണസാന്ത്വനം പാഠം 2        ഋതുയോഗം പാഠം 3        പാവങ്ങള്‍ യൂണിറ്റ് 2 പാഠം 1        വിശ്വരൂപം പാഠം 2        പ...