യൂണിറ്റ് -1 : കാലാതീതം കാവ്യവിസ്മയം
പ്രവേശകം
"കവികൾക്ക് ലോകമെമ്പാടും
ഒരു ഭാഷയേയുള്ളു
ഇലകൾക്കും തത്തകൾക്കും
ഗൗളികൾക്കുമെന്നപോലെ."
(- കവികളുടെ ഭാഷ - സച്ചിദാനന്ദൻ)
ഈ വരികളിൽ തെളിയുന്ന ആശയം ചർച്ച ചെയ്യുക.
സച്ചിദാനന്ദന്റെ റഷ്യൻ യാത്രാനുഭവങ്ങളുടെ പശ്ചാത്തലത്തിലെഴുതിയ ' മഞ്ഞ്' എന്ന കവിതയിലെ വരികളാണിത്. ലോകമെമ്പാടുമുള്ള കവിതകളുടെ വൈകാരികതലത്തിന്റെ ഭാഷ ഒന്നാണെന്നാണ് കവി ഈ വരികളിലൂടെ വ്യക്തമാക്കുന്നത്.
ആശയവിനിമയത്തിന് വേണ്ടി മനുഷ്യൻ ബൗദ്ധികമായി രൂപപ്പെടുത്തിയെടുത്ത താണ് ഭാഷ. അതു കൊണ്ടു തന്നെ ലോകത്ത് ഒരു ഭാഷ മറ്റൊന്നിൽ നിന്ന് വ്യത്യസ്തമാണ്.
നൂറുകണക്കിനുള്ള ഭാഷ കളെക്കാൾ വ്യത്യസ്തവും ഏകമുഖവുമാണ് കവികളുടെ ഭാഷയ്ക്ക്. അവർ കൈകാര്യം ചെയ്യുന്നത് സാർവലൗകികമായ ഭാവവികാരങ്ങളുമാണ്. എഴുതുവാനുള്ള ഭാഷ വ്യത്യസ്തമാകുമ്പോൾ തന്നെ കവിതയുടെ ആന്തരികഭാഷ സാർവ്വദേശീയമായ സ്വഭാവം കൈവരിക്കുന്നു. അത് ബുദ്ധിപരമായി കണ്ടു പിടിക്കപ്പെട്ടതല്ല. നൈസർഗികമായി ഉറഞ്ഞു വരുന്നതാണ്. ഇലകളുടെ മർമ്മരം, തത്തകളുടെ കൊഞ്ചലുകൾ, ഗൗളികളുടെ നാദങ്ങൾ തുടങ്ങിയവ എല്ലാം സാർവ്വദേശീയമായി എല്ലാ വർക്കും ആസ്വദിക്കാൻ കഴിയുന്നു. അവ കാലദേശങ്ങൾക്ക് അതീതമായ അനുഭവതലം ആസ്വാദകനിൽ ഉണ്ടാക്കുന്നു. അതുകൊണ്ടാണ് കവികളും കവിതകളും കാലാ തീതമാകുന്നത്.
പാഠം 1: ലക്ഷ്മണസാന്ത്വനം
പാഠഭാഗത്തിന്റെ ആശയം
അധ്യാത്മരാമായണം കിളിപ്പാട്ടിലെ "ലക്ഷ്മണോപദേശം" എന്ന ഭാഗമാണ് ഇത്. ശ്രീരാമചന്ദ്രന്റെ പട്ടാഭിഷേകം മുടങ്ങിയ വാർത്തയറിഞ്ഞ ലക്ഷ്മണൻ കോപാക്രാന്തനാകുന്നു. ത്രിലോകം മുഴുവൻ ചുട്ടുചാമ്പലാക്കുവാനൊരുങ്ങി. രാമസവിധത്തിലെത്തിയ ലക്ഷ്മണനെ ശ്രീരാമൻ സാന്ത്വനിപ്പിക്കുന്നു.
- സുമിതാപുത്രനായ വത്സാ നീ മത്സരബുദ്ധി ഉപേക്ഷിച്ചു ഞാൻ പറയുന്നത് കേൾക്കണം.
നിന്റെ മനോഭാവം എന്താണെന്ന് ഞാൻ നേരത്തെത്തന്നെ മനസ്സിലാക്കിയിട്ടുണ്ട്. നിന്റെ ഉള്ളിൽ എപ്പോഴും എന്നോട് വാത്സല്യമാണെന്നും അത് മറ്റാർക്കുമുള്ളതിനേക്കാൾ കൂടുതലാണെന്നും എനിക്കറിയാം. നിന്നാൽ അസാധ്യമായ ഒരു കാര്യവും തന്നെയില്ല. എന്നിരുന്നാലും എന്റെ വാക്കുകൾ നീ കേൾക്കണം.
പ്രത്യക്ഷമായി കാണാൻ കഴിയുന്ന ഈ രാജ്യവും ദേഹവും, ലോകവും, ധാന്യങ്ങളും ധനവും ഒക്കെ സത്യമാണെങ്കിൽ നിന്റെ ഈ ക്രോധം കൊള്ളൽ മനസ്സിലാക്കാം. സത്യമല്ലെങ്കിൽ അതിന് എന്ത് ഫലമാണുള്ളത്?
സുഖഭോഗങ്ങളെല്ലാം മിന്നൽപിണർപോലെ അസ്ഥിരമാണ്. അതുപോലെ നമ്മുടെ ആയുസ്സും വേഗത്തിൽ നഷ്ടപ്പെടുന്നു എന്നും നീ ഓർക്കുക. അഗ്നിയാൽ ചുട്ടുപഴുത്തിരിക്കുന്ന ലോഹത്തകിടിൽ വീഴുന്ന വെള്ളത്തുള്ളികൾ പോലെ ക്ഷണനേരം കൊണ്ട് നശിച്ചുപോകുന്നതാണ് മനുഷ്യജന്മം. പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഭക്ഷണം ആഗ്രഹിക്കുന്നതുപോലെ കാലമാകുന്ന പാമ്പിന്റെ വായിൽ അകപ്പെട്ട മനുഷ്യരും ചഞ്ചലമായ മനസ്സോടെ സുഖഭോഗങ്ങൾ തേടുന്നു.
മക്കളോടും ബന്ധുക്കളോടും ഭാര്യയോടും മറ്റുമുള്ള ജീവിതം അല്പകാലത്തേക്ക് മാത്രമേയുള്ളൂ എന്ന് നീ ഓർക്കണം. വഴിപോക്കർ വിശ്രമത്തി വഴിയമ്പലത്തിൽ ഒത്തുകൂടി പിരിഞ്ഞുപോകുന്നതുപോലെ, നദിയിലൂടെ ഒലിച്ചുപോകുന്ന തടിക്കഷണങ്ങൾ പോലെ എത്രയും ആകസ്മികവും ചഞ്ചലവുമാണ് കുടുംബബന്ധങ്ങൾ.
ഐശ്വര്യവും സ്ഥിരമല്ല. യൗവനവും എല്ലാ കാലത്തും നിലനില്ക്കുന്ന ഒന്നല്ല. സ്വപ്നസമാനമാണ് ഭാര്യാസുഖം. നമ്മൾ അല്പായുസ്സുക്കളുമാണ് ലക്ഷ്മണ. സ്നേഹവും ദേഷ്യവും ഇടകലർന്നുള്ള ജീവിതം ആകെക്കൂടി. ചിന്തിച്ചാൽ സ്വപ്നത്തിന് തുല്യമാണ്.
ഒരു ശരീരമുണ്ട് എന്ന അഹങ്കാരത്താൽ ജന്തുക്കളായ നാം ഞാൻ ബ്രാഹ്മണനാണ്, രാജാവാണ്, ആഢ്യനാണ് എന്നൊക്കെ ആവർത്തിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ മരണം നമ്മെ കീഴെ്പടുത്തുന്നു. പിന്നെ ശരീരം കൊണ്ടെന്ത് കാര്യം. അത് ജന്തുക്കൾ ഭക്ഷിച്ച് കാഷ്ഠിച്ച് പോയേക്കാം. അല്ലെങ്കിൽ വെന്ത് ചാമ്പലായി മാറിയേക്കാം. അതുമല്ലെങ്കിൽ ചീഞ്ഞളിഞ്ഞ് മണ്ണിൽ കൃമികളായി പോയേക്കാം. അതിനാൽ ദേഹത്തെക്കുറിച്ചുള്ള അതിമോഹം നല്ലതല്ല.
"തൊലി, മാംസം, രക്തം, അസ്ഥി, മലം, മൂത്രം, ബീജം തുടങ്ങിയവ കൂടിച്ചേർന്ന നമ്മുടെ ശരീരം പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ്. അത് മാറ്റങ്ങൾക്ക് വിധേയവുമാണ്. ദേഹാഭിമാനം നിമിത്തം ഉണ്ടായ മോഹത്താലാണ് നീ ലോകം ദഹിപ്പിക്കുവാനായി ആഗ്രഹിച്ചത്. അങ്ങനെ നീ ചിന്തിച്ചതിന്റെ കാരണം നിനക്കുള്ള അജ്ഞതയാണ്. ദേഹത്തോടുള്ള അമിതമായ സ്നേഹമാണ് ദോഷങ്ങൾ എല്ലാം സംഭവിക്കാൻ കാരണമായിത്തീരുന്നത്.
ദേഹമാണ് ഞാൻ എന്ന ചിന്ത മനുഷ്യരുടെ അവിദ്യയെയാണ് കാണിക്കുന്നത്. മോഹങ്ങളെ ജനിപ്പിക്കുന്നത് അവിദ്യയാണ്. അതിനാൽ "അവിദ്യ" മാതാവാകുന്നു. ഞാൻ ദേഹമല്ല; ആത്മാവാണ് എന്ന ചിന്ത മോഹത്തെ നശിപ്പിക്കുന്ന "വിദ്യ"യുമാകുന്നു.
സുഖഭോഗങ്ങളിൽ ഭ്രമിച്ചു കഴിയുന്ന സംസാരജീവിതത്തിന് കാരണമാകുന്നത് "അവിദ്യ" യും, അതിനെ ഇല്ലാതാക്കുന്നത് "വിദ്യ"യുമാണ്. അതുകൊണ്ട് മോക്ഷം നേടണമെന്നുണ്ടെങ്കിൽ ഏകാഗ്രതയോടെ "വിദ്യ' അഭ്യസിക്കേണ്ടതാണ്. അവിടെ കാമം, ക്രോധം, ലോഭം, മോഹം തുടങ്ങിയവ നമ്മുടെ ശത്രുക്കളാണെന്നും നീ അറിയണം. ഇവയിൽ മോക്ഷത്തിന് തടസ്സമായി നിൽക്കാൻ ഏറ്റവും ശക്തിയുള്ളത് കോധത്തിനാണ്.
മാതാവ്, പിതാവ്, സഹോദരൻ, ബന്ധു, സുഹൃത്ത് എന്നിവരെപ്പോലും ക്രാധം മൂലം മനുഷ്യൻ കൊല്ലുന്നു. ക്രോധം മനോദുഃഖമുണ്ടാക്കുന്നു. ലൗകികജീവിതത്തിൽ മനുഷ്യനെ തളച്ചിടുന്നത് കോധമാണ്. ധർമ്മത്തിന്റെ ക്ഷയത്തിന് കാരണമാകുന്നതും ക്രോധമാണ്. അതിനാൽ ക്രോധത്തെ ബുദ്ധിമാന്മാർ ഉപേക്ഷിക്കുക തന്നെ വേണം.
ഒരു മാർക്കിന് ഉത്തരമെഴുതേണ്ട മാതൃകാ ചോദ്യോത്തരങ്ങൾ
ചോദ്യം 1.
" *ദേഹാഭിമാനം* നിമിത്തമായുണ്ടായ
മോഹേന ലോകം ദഹിപ്പിപ്പതിന്നു നീ"
ദേഹാഭിമാനം എന്ന പദത്തിന്റെ വിഗ്രഹരൂപം എഴുതുക.
ഉത്തരം :
ദേഹത്തോടുള്ള അഭിമാനം.
ചോദ്യം 2.
അസാധ്യം - വിപരീതപദം എഴുതുക.
ഉത്തരം
സാധ്യം
ചോദ്യം 3.
ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
അടിവരയിട്ട പദത്തിന്റെ അർത്ഥം കണ്ടെത്തി എഴുതുക.
ഉത്തരം :
മിന്നൽ
ചോദ്യം 4.
"ആലോല ചേതസാ ഭോഗങ്ങൾ തേടുന്നു."
ആര്?
ഉത്തരം :
കാലമാകുന്ന പാമ്പിൻ വായിലകപ്പെട്ട ലോകം
രണ്ടു മാർക്കിന് ഉത്തരമെഴുതേണ്ട മാതൃകാ ചോദ്യോത്തരങ്ങൾ
ചോദ്യം 5.
"പാന്ഥർ പെരുവഴിയമ്പലം തന്നിലെ
താന്തരായ്ക്കൂടി വിയോഗം വരുംപോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങൾ പോലെയു-
മെത്രയും ചഞ്ചലമാലയ സംഗമം"
ഈ വരികളിലെ സാദൃശ്യകല്പനകളുടെ സവിശേഷതകൾ വിവരിക്കുക.
ഉത്തരം :
എഴുത്തച്ഛന്റെ ഏറ്റവും പ്രസിദ്ധമായ ഒരു ആലങ്കാരിക പ്രയോഗമാണീ സാദൃശ്യകല്പനകൾ. മനുഷ്യജീവിതത്തിലെ പരസ്പരാശ്രയത്വത്തെ പെരുവഴിയമ്പലത്തിലെ ഒത്തുകൂടലിനോടും, നദിയിലൂടെ ഒലിച്ചു പോകുന്ന വിറകു കഷ്ണങ്ങളോടും സാമ്യപ്പെടുത്തിയിരിക്കുന്നു.
ചോദ്യം 6.
ഗഹനമായ ആശയങ്ങളെ ഉദാഹരണങ്ങളിലൂടെ വിശദമാക്കാൻ എഴുത്തച്ഛന് കഴിയും. ഈ പ്രസ്താവനയ്ക്ക് ഉചിതമായ നാല് ഉദാഹരണങ്ങൾ എഴുതുക.
ഉത്തരം :
1, ചുട്ടുപഴുത്ത ലോഹത്തകിടിൽ വീണ ജലബിന്ദു.
2. പാമ്പിന്റെ വായിൽ അകപ്പെട്ട തവള
4.നദിയിലൂടെ ഒഴുകിപ്പോകുന്ന മരക്കഷണങ്ങൾ
ചോദ്യം 7.
സംസാരകാരിണി, സംസാരനാശിനി എന്നീ വിശേഷണങ്ങൾ ഏതിനോടെല്ലാമാണ് ബന്ധപ്പെടുന്നത്?
ഉത്തരം :
സംസ്കാരകാരിണിയെന്ന് വിശേഷിപ്പിക്കുന്നത് അവിദ്യയെയാണ്.
വിദ്യയെ സംസാര നാശിനിയായി വിശേഷിപ്പിക്കുന്നു.
ചോദ്യം 8.
സന്ദർഭത്തിനനുസരിച്ച് ഭാവഗൗരവം വരുത്തുവാൻ ധാരാളം സമസ്തപദങ്ങൾ പാഠഭാഗത്തുണ്ട് രണ്ട് ഉദാഹരണങ്ങൾ എഴുതുക.
ഉത്തരം :
1. "തങമാംസരക്താസ്ഥിവിൺമൂതസാം.
2. "മാതാപിതാ ഭ്രാതൃമിത്രസഖികളെ
ചോദ്യം 9.
വരികളിലെ ഭാഷാപരമായ പ്രത്യേകതകൾ എഴുതുക.
"ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചു പോകിലാം
വെന്തുവെണ്ണീറായ് ചമഞ്ഞുപോയീടിലാം"
ഉത്തരം :
രണ്ടു വരിയിലും രണ്ടാമത്തെ അക്ഷരങ്ങൾ ഒരുപോലെയാണ്. അതുപോലെ രണ്ടു വരികളിലും ഒരേ അക്ഷരങ്ങൾ ആവർത്തിക്കുന്നു. അതായത് ദ്വിതീയാക്ഷരപ്രാസവും അന്ത്യാക്ഷരപ്രാസവും വന്നിരിക്കുന്നു.
ചോദ്യം 10.
"തൊട്ടിലാട്ടും ജനനിയെ പെട്ടെന്നു
തട്ടി നീക്കി രണ്ടോമനക്കെയുകൾ"
"താക്കോൽ കൊടുക്കാതരുണോദയത്തിൽ
താനേ മുഴങ്ങും വലിയോരലാറം"
"പൊന്നണിഞ്ഞാനകൾ മുൾത്തടി കൈക്കൊണ്ടു
പൊന്നിൻമലകൾ നടക്കുന്നതുപോലെ"
കവിതാഭാഗങ്ങൾ ശ്രദ്ധിച്ചല്ലോ. പാഠഭാഗത്തെ വരികൾക്ക് സമാനമായ താളത്തിലുള്ളവ കണ്ടെത്തുക. കവിതയുടെ താളം ഭാവാവിഷ്കാരത്തിന് എത്രമാത്രം പര്യാപ്തതമാണ് ? ചർച്ച ചെയ്യുക.
ഉത്തരം :
"പൊന്നണിഞ്ഞാനകൾ മുൾത്തടികൈക്കൊണ്ടു പൊന്നിൻ മലകൾ നടക്കുന്നതു പോലെ"
രണ്ടുവരിയിലും 12 അക്ഷരം വീതം - കാകളിവൃത്തം.
(ഈണത്തിൽ ചൊല്ലി സമാനതാളം കണ്ടെത്തുകയും ആവാം.)
നാലു മാർക്കിന് ഉത്തരമെഴുതേണ്ട ചോദ്യോത്തത്തരങ്ങൾ
ചോദ്യം 11.
ക്രോധാവേശത്താൽ ലോകനാശനത്തിനൊരുങ്ങിയ ലക്ഷ്മണനെ ശ്രീരാമൻ സാന്ത്വനിപ്പിക്കുന്നതെങ്ങനെ?
-OR-
"വത്സ സൗമിത്രേ! കുമാര! നീ കേൾക്കണം
മത്സരാദ്യം വെടിത്തന്നുടെ വാക്കുകൾ
നിന്നുടെ തത്ത്വമറിഞ്ഞിരിക്കുന്നിതു
മുന്നമേ ഞാനെടോ, നിന്നുള്ളിലെപ്പോഴും
എന്നെക്കുറിച്ചുള്ള വാത്സല്യപൂരവും
നിന്നോളമില്ല മറ്റാർക്കുമെന്നുള്ളതും"
കോപാന്ധനായ ലക്ഷ്മണനെ സമചിത്തനാക്കുന്നതിന് അങ്ങേയറ്റം മനശാ സ്ത്രപരമായ സമീപനമാണ് ശ്രീരാമൻ സ്വീകരിക്കുന്നത്. ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? തന്നിരിക്കുന്ന ഭാഗം വിശകലനം ചെയ്ത് സ്വാഭിപ്രായം സമർത്ഥിക്കുക.
ഉത്തരം :
ലക്ഷ്മണനെ സാന്ത്വനിപ്പിക്കാൻ ശ്രീരാമൻ വളരെ മനഃശാസ്ത്രപരമായ സമീപനം തന്നെയാണ് സ്വീകരിക്കുന്നത്. കോപാന്ധനായി ത്രിലോകങ്ങൾ തന്നെ ചുട്ടുചാമ്പലാക്കുമെന്ന് ദൃഢനിശ്ചയത്തോടെ നില്ക്കുന്ന ലക്ഷ്മണനെയാണ് അദ്ദേഹം സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത്. വളരെ അനുനയത്തോടെയാണ് ശ്രീരാമന്റെ സമീപനം.
സഹോദരാ! എന്നും സുമിത്രാപുത്ര, കുമാര എന്നുമാണ് അദ്ദേഹത്തിന്റെ അഭിസംബോധന. പതിനാലുവർഷം കാട്ടിലേക്ക് പോകാൻ മടിയില്ലാത്തവനും രാജ്യാധികാരത്തെക്കാൾ രക്തബന്ധത്തിന് മുൻതൂക്കം കൊടുക്കുന്നവനുമായ തന്റെ അനുജനോടാണ് സംസാരിക്കുന്നത് എന്ന തോന്നൽ ശ്രീരാമൻ ആദ്യമേ ഉണ്ടാക്കുന്നു. പക്വമതിയായ സുമിതയുടെ മകനാണെന്നും, പ്രായംകൊണ്ട് കുമാരനാണെന്നും സൂചിപ്പിച്ച് ലക്ഷ്മണന്റെ എടുത്തുചാട്ടത്തിന് തടയിടുവാൻ ശ്രീരാമൻ ശ്രമിക്കുന്നു. ലക്ഷ്മണന് തന്നോടാണ് മറ്റുള്ളവരേക്കാൾ സ്നേഹമെന്നുള്ളത് എന്ന് താൻ മുമ്പുതന്നെ മനസ്സിലാക്കിയിട്ടുണ്ടെന്നും സൂചിപ്പിച്ചു. തന്റെ വാക്കുകൾക്ക് കീഴെ്പടുവാനുള്ള മാനസികാടിത്തറ രൂപപ്പെടുത്തുവാനും ആണ് ശ്രീരാമൻ ശ്രമിക്കുന്നത്. സ്നേഹനിർഭരമായ ഇത്തരം വാക്കുകൾ ആരുടെ മനസ്സിനെയാണ് വശീകരിക്കാതിരിക്കുക.
ചോദ്യം 12,
"ചക്ഷുശ്രവണഗളസ്ഥമാം ദർദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവു-
മാലോലചേതസാ ഭോഗങ്ങൾ തേടുന്നു."
- 'കാലാഹി' എന്ന പ്രയോഗത്തിന്റെ ഔചിത്യമെന്ത്? വരികൾ വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
ഉത്തരം :
"കാലമാകുന്ന പാമ്പ്" എന്നാണ് ഈ പ്രയോഗത്തിന്റെ അർത്ഥം. എഴുത്തച്ഛൻ വളരെ ഔചിത്യപൂർവ്വം ഉപയോഗിച്ചിരിക്കുന്ന ഒരു പ്രയോഗമാണിത്. സന്ദർഭത്തിന് വളരെ അനുയോജ്യമാണിത്. പാമ്പിന്റെ വായിൽ അകപ്പെട്ട തവള ജീവിതം ഇല്ലാതായിക്കൊണ്ടിരിക്കുന്ന അവസാന നിമിഷത്തിൽ പോലും ഇരയെ ലഭിക്കുവാൻ കൊതിക്കുന്നു. അതുപോലെ തന്നെയാണ് മനുഷ്യരുടെ കാര്യവും. കാലമാകുന്ന പാമ്പിന്റെ വായിൽ അകപ്പെട്ടവരാണ് മനുഷ്യരും. ഓരോ നിമിഷവും മരണത്തിലേക്കാണ് മനുഷ്യർ നീങ്ങുന്നത്. എന്നിരുന്നാലും പ്രസ്തുത സത്യം മനസ്സിലാക്കാതെ അവർ സുഖഭോഗങ്ങൾക്കായി അതിയായി ആഗ്രഹിച്ചുകൊണ്ടേയിരിക്കുന്നു. പാമ്പ് മരണത്തിന്റെ പ്രതീകമാണ്. അത് ഇഴയുംപോലെ കാലവും ഇഴഞ്ഞുനീങ്ങുന്നു. അതിലെ ജീവിതവും മരണത്തിന്റെ വായിലേക്ക് അടുത്തുകൊണ്ടേയിരിക്കുന്നു. വളരെ മനോഹരവും ഔചിത്യദീക്ഷയുള്ള തുമായ ഒരു പ്രയോഗമാണിത്. ജീവിതാസക്തിയുമായി പരക്കംപായുന്ന മനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് ഈ പ്രയോഗം.
ചോദ്യം 13.
"നീർപ്പോളപോലെയുള്ളാരു ദേഹത്തിൽ
വീർപ്പുമാത്രമുണ്ടിങ്ങനെ കാണുന്നു
ഓർത്തറിയാതെ പാടുപെടുന്നേരം
നേർത്തുപോകുമതെന്നേ പറയാവൂ”
(ജ്ഞാനപ്പാന - പൂന്താനം)
"വഹ്നിസന്തപ്ത ലോഹസ്ഥാംബുബിന്ദുനാ
സന്നിഭം മർത്ത്യജന്മം ക്ഷണഭംഗുരം"
(അധ്യാത്മരാമായണം കിളിപ്പാട്ട് എഴുത്തച്ഛൻ)
-ഇരു കാവ്യഭാഗങ്ങളിലേയും ജീവിതദർശനം താരതമ്യം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.
ഉത്തരം :
മനുഷ്യജീവിതത്തിൽ ആകസ്മികമായി സംഭവിക്കാനിരിക്കുന്ന മരണത്തെ എടുത്തുകാട്ടി, ജീവിതത്തിന്റെ ക്ഷണഭംഗുരതയെ സമർത്ഥിക്കുകയാണ് എഴുത്തച്ഛനും പൂന്താനവും ചെയ്യുന്നത്.
ജീവിതത്തെ നീർപ്പോളപോലെ പൂന്താനം കാണുന്നു. വെള്ളത്തിലെ കുമിളപോലെ ക്ഷണഭംഗു രമായ മനുഷ്യ ശരീരത്തിൽ ശ്വാസോച്ഛ്വാസം മാത്രമാണ് ജീവലക്ഷണമായിട്ടുള്ളത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാനായി കഠിനാധ്വാനം ചെയ്തു കൊണ്ടിരിക്കെ ഒട്ടും ഓർത്തിരിക്കാത്ത നേരത്ത്, ജീവൻ പെട്ടെന്ന് നിന്നുപോയേക്കാമെന്നും പൂന്താനം പറയുന്നു.
ഇതേ ജീവിതനിരീക്ഷണം തന്നെയാണ് എഴുത്തച്ഛനും ഉള്ളത്. ചുട്ടുപഴുത്ത ലോഹത്തകിടിൽ വീഴുന്ന ജലബിന്ദു പോലെ ക്ഷണനേരം കൊണ്ട് എരിഞ്ഞുതീരുന്നതാണ് മനുഷ്യജന്മം എന്ന എഴുത്തച്ഛൻ പറയുന്നു. മരണം ഒരു നിഴൽ പോലെ എപ്പോഴും കൂടെയുണ്ടെന്നും ഏത് നേരവും അതിന് നാം കീഴെ്പട്ടുപോകാം എന്നും അതിനാൽ മനുഷ്യജന്മം ക്രിയാത്മകമായി ഉപയോഗിക്കേണ്ടതുണ്ടെന്നുമാണ് രണ്ടുപേരും ആസ്വാദകരോട് സൂചിപ്പിക്കുന്നത്.
ആറു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ
ചോദ്യം 14.
" ക്രോധം പരിത്യജിക്കേണം ബുധജനം"
- ഈ വാക്യത്തിന്റെ കാലികപ്രസക്തി ചർച്ചചെയ്ത് മുഖപ്രസംഗം തയ്യാറാക്കുക.
ഉത്തരം :
"വിതയ്ക്കാം സ്നേഹവിത്തുകൾ"
സ്നേഹംപോലെത്തന്നെ മനുഷ്യനെ എത്രയും പെട്ടെന്ന് സ്വാധീനിക്കുന്ന ഒരു വികാരമാണ് കോധവും. എന്നാൽ സ്നേഹത്തിന്റെ നേർവിപരീതഫലം ഉണ്ടാക്കുന്നതാണ് ക്രോധം അഥവാ ദേഷ്യം. വ്യക്തിയുടെ ജീവിതത്തേയും സമൂഹജീവിതത്തെയും അതെങ്ങനെ നശിപ്പിക്കുന്നു എന്നതിന് തെളിവുകൾ തേടി ഏറെയൊന്നും അന്വേഷിക്കേണ്ടതില്ല. ദിവസവും പുറത്തിറങ്ങുന്ന വർത്തമാനപത്രങ്ങളുടെ താളുകളിലൂടെ കണ്ണോടിച്ചാൽ മതി.
എത്രയെത്ര കൊലപാതകങ്ങൾ, അടിപിടികൾ, തട്ടി ക്കൊണ്ടുപോകലുകൾ, പിടിച്ചുപറികൾ, പീഡനങ്ങൾ, വഞ്ചനകൾ. ഇതെല്ലാം സംഭവിക്കുന്നതിന്റെ പിറകിലെ വികാരം മറ്റെന്താണ്? ക്രോധം മാത്രമാണ്. വിവേകമില്ലാ ത്തവന്റെ ആയുധമാണ് ക്രോധം.
അതുകൊണ്ടാണ് "ക്രോധം പരിത്യജിക്കേണം ബുധജനം" എന്ന് എഴുത്തച്ഛൻ പണ്ടേതന്നെ പറഞ്ഞത്.
ആശയംകൊണ്ട് സാധ്യമാവാത്തത് ക്രോധം കൊണ്ട് സാധിക്കാൻ ശ്രമിക്കുമ്പോഴാണ് മേൽപറഞ്ഞ തരത്തിലുള്ള ദുരന്തങ്ങൾക്ക് സമൂഹം സാക്ഷിയാവേണ്ടി വരുന്നത്.
ക്ഷിപ്രകോപത്താൽ അഹങ്കരിക്കപ്പെടുന്ന ഒരുതരം നിഷേധ സംസ്കാരമാണ് ഇന്ന് സമൂഹത്തെ പ്രത്യേകിച്ച് യുവജനങ്ങളെ ഭരിക്കുന്നത് എന്ന് പറയേണ്ടിവരും. രാഷ്ട്രീയത്തിലും കാമ്പസ് പ്രണയങ്ങളിൽ പോലും മുന്നിട്ടു നിൽക്കുന്നത് ക്രോധജന്യമായ വിവേകശൂന്യത തന്നെയാണ്. എഴുത്തച്ഛൻ ഇത്തരം ഒരവസ്ഥ മുന്നേ കണ്ടു എന്നതാണ് സത്യം .
ക്രോധം മനസ്സിൽ വേരുപിടിച്ചു കഴിഞ്ഞാൽ ഉണ്ടാകുന്ന അനർത്ഥത്തെപ്പറ്റി അദ്ദേഹം എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. ക്രോധം മാതാപിതാക്കളെ കൊല്ലുന്നു. സഹോദരങ്ങളെ കൊല്ലുന്നു. ആത്മമിത്രങ്ങളെ കൊല്ലുന്നു. ഭാര്യമാരെ കൊല്ലുന്നു അത് മനസ്താപം മാത്രം ഉണ്ടാക്കുന്നു ആസക്തിപൂണ്ട മനസ്സുകളെ സംസാരജീവിതത്തിൽത്തന്നെ തളച്ചിടുന്നു. എല്ലാറ്റിനുമുപരി അത് നമ്മുടെ ധർമ്മചിന്തകളെത്തന്നെ തകർക്കുന്നു. അതിനാൽ "ക്രോധം പരിത്യജിക്കേണം ബുധജനം' എന്നാണ് എഴുത്തച്ഛൻ ഉപദേശിച്ചത്.
പരിഷ്ക്യത സമൂഹത്തിന് എന്നും എതിരാണ് ക്രോധം. സ്നേഹത്തിന്റേയും കൂട്ടായ്മയുടേയും വിട്ടുവീഴ്ചകളുടേയും പാഠങ്ങൾ നാം പഠിച്ചേ മതിയാവൂ. ശിഥിലമായിക്കൊണ്ടിരിക്കുന്ന വ്യക്തിബന്ധങ്ങളും, കുടുംബബന്ധങ്ങളും, സാമൂഹ്യബന്ധങ്ങളും മാത്രമല്ല രാജ്യബന്ധങ്ങളും ആരോഗ്യകരമായി തളിർത്തുവരണമെങ്കിൽ ക്രോധത്തെ പാടേ ഉപേക്ഷിച്ചേ തീരൂ. അതിനായി ഇന്നത്തെ തലമുറ മാറേണ്ടതുണ്ട്. അതിന് വേണ്ടിയാവട്ടെ ഇനിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ.
ചോദ്യം 15.
"ബ്രാഹ്മണോഹം നരേന്ദ്രാഹമാഢ്യാഹമെ-
ന്നാമ്രേഡിതം കലർന്നീടും ദശാന്തരേ
ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചുപോകിലാം
വെന്തു വെണ്ണീറായ് ചമത്തുപോയീടിലാം
മണ്ണിന്നു കീഴായ് കൃമികളായ് പോകിലാം
നന്നല്ല ദേഹം നിമിത്തം മഹാമോഹം."
കാവ്യഭാഗം വിശകലനം ചെയ്ത് എഴുത്തച്ഛന്റെ കാവ്യഭാഷയുടെ സവിശേഷതകളെക്കുറിച്ച് ഉപന്യാസം തയ്യാറാക്കുക.
ഉത്തരം :
കേരളീയരുടെ ഭാഷ അതിന്റെ ശക്തി മനസ്സിലാക്കി പ്രയോഗിച്ച ആദ്യത്തെ കവി എഴുത്തച്ഛൻ തന്നെയെന്ന് പറയാം. പതിനാറാം നൂറ്റാണ്ടുവരെ തുടർന്ന്പോന്ന ഭാഷയുടെ അനുസ്യൂതമായ വളർച്ചയുടെ തെളിമയാർന്ന രൂപമാണ് എഴുത്തച്ഛന്റെ ഭാഷ.
പാട്ടിനേയും മണിപ്രവാളത്തേയും എഴുത്തച്ഛൻ സമന്വയിപ്പിച്ചു. പാട്ടിൽ നിന്നും, മണിപ്രവാളത്തിൽ നിന്നും വേണ്ടുന്നത് സ്വീകരിക്കുകയും വേണ്ടാത്തത് തിരസ്കരിക്കുകയും ചെയ്തു. അതിനോടൊപ്പം തന്നെ കേരളത്തിന്റെ സ്വാഭാവികമായ നാടോടിപ്പാട്ടുകളുടെ സമ്പ്രദായവും എഴുത്തച്ചൻ സ്വീകരിച്ചു.
നാടോടിപ്പാട്ടുകളുടെ തെളിമയാർന്ന താളവും പ്രയോഗങ്ങളും ശുദ്ധമലയാളപദങ്ങളും ലളിതമായ സംസ്കൃതപദങ്ങളും കൂട്ടിച്ചേർത്ത് പ്രമേയത്തിന്റെ അന്ത:സത്ത ഉൾക്കൊള്ളാൻ പോന്ന ശക്തമായ ഒരു ഭാഷാ രീതി കണ്ടെത്തി എന്നതാണ് എഴുത്തച്ഛന്റെ വിജയം. ഒപ്പം മലയാളികളുടെ ഭാഗ്യവും.
ചുരുക്കത്തിൽ മണിപ്രവാളശൈലിയേയും പാട്ടുശൈലിയേയും പരിഷ്ക്കരിച്ച് നാടൻ ശീലുകളിൽ ഔചിത്യത്തോടെ സന്തുലതപ്പെടുത്തിയെടുത്തതാണ് എഴുത്തച്ഛന്റെ കാവ്യഭാഷ. എഴുത്തച്ഛന്റെ കാവ്യഭാഷയ്ക്ക് നല്ല ഉദാഹരണമാണ് ഈ ഭാഗം.
മനുഷ്യജീവിതത്തിന്റെ നിസ്സാരത വെളിപ്പെടുത്തുന്നതാണ് ഈ ഭാഗം. ഞാൻ ബ്രാഹ്മണനാണ്, ഞാൻ രാജാവാണ്, ഞാൻ ആഢ്യനാണ് എന്ന് അഹങ്കരിക്കുന്ന സമയത്തുതന്നെ നാം മരണത്തിന് കീഴ്പ്പെടുന്നു. നമ്മുടെ ശരീരം ജന്തുക്കൾ ഭക്ഷിച്ച് വിസർജ്ജിച്ച് പോകുകയോ, ചാമ്പലായ് മാറുകയോ മണ്ണിനടിയിൽ കൃമികളായ് മാറുകയോ ചെയ്യുന്നു. അതിനാൽ ദേഹത്തിലുള്ള അതിമോഹം നന്നല്ല.
മനുഷ്യജീവിതത്തിന്റെ നശ്വരതയും ആകസ്മികതയും നിസ്വാർത്ഥതയും ഒരു കണ്ണാടിയിലെന്നവണ്ണം വിശദീകരിച്ചു കാണിച്ചുതരുവാൻ ഈ സാദൃശ്യകല്പനകൾക്ക് കഴിയുന്നു. മനുഷ്യരുടെ ഗൃഹജീവിതം ക്ഷീണിച്ചുവരുന്ന യാത്രക്കാർ വഴിയമ്പലത്തിൽ ഒത്തു കൂടുന്നതിനോടും, നദിയിലൂടെ വിറകിൻകഷ്ണങ്ങൾ ഒലിച്ചുപോകുന്നതിനോടും സാദൃശ്യപ്പെടുത്തിയിരിക്കുന്നു.
അതീവ ഹൃദ്യവും അർത്ഥവത്തുമാണീ പ്രയോഗങ്ങൾ. ക്ഷീണിച്ചുവരുന്ന യാത്രക്കാർ വഴിയമ്പലത്തിൽ അഭയം തേടുന്നു. ക്ഷീണം മാറിയാൽ പിരിഞ്ഞുപോകുന്നു. ആരും ആരേയും കാത്തുനിൽക്കുന്നില്ല. മഴയത്തു കയറിയവൻ മഴ കഴിഞ്ഞാൽ പോകുന്നു. ഇരുട്ടത്ത് കയറിയവൻ വെളിച്ചമുദിച്ചാൽ പോകുന്നു. വെയിലത്ത് കയറിയവൻ വെയിലാറിയാൽ പോകുന്നു. ഓരോരുത്തരുടേയും ലക്ഷ്യം വേറെവേറെയാണ്. ഒത്തുകൂടൽ അല്പനേരത്തേക്കുമാത്രമാണ്. അത് കഴിഞ്ഞാൽ ലക്ഷ്യസ്ഥാനത്തേക്ക് പോകേണ്ടതുണ്ട്. അതുപോലെയാണ് നമ്മുടെ ആലയ സംഗമവും. ഭാര്യ, പുത്രൻ, പുത്രി എന്നിങ്ങനെയുള്ള ജീവിതത്തിൽ ആരും ആരേയും കാത്തു നിൽക്കുന്നില്ല. ജീവിതയാത്രയിൽ അവർ ഒറ്റയ്ക്കാണ്. ഇടവേളയിലുള്ള ഒത്തുകൂടൽ മാത്രമാണ് ചേർച്ച. അതുപോലെയാണ് വിറകിൻ കഷ്ണങ്ങളും. പിന്നാലെ വരുന്ന കഷ്ണങ്ങൾക്കായി അവ കാത്തുനിൽക്കുന്നില്ല. ലക്ഷ്യത്തേക്ക് തനിയെ യാത്രയാവുന്നു. ഇടവേളകളിൽ മാത്രം ഒന്നിച്ചുകൂടുവാൻ വിധിക്കപ്പെടുന്ന മനുഷ്യൻ തന്റെ ആ ക്ഷണികമായ ജീവിതത്തിൽ സ്നേഹത്തിന്റേയും വിശ്വാസത്തിന്റേയും നന്മയുടേയും പാതയിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. എന്ന സന്ദേശം അതീവ സുന്ദരമായി ഈ സാദൃശ്യകല്പനകൾ ഉൾക്കൊള്ളുന്നു. ഭക്തിസാന്ദ്രമായ ഈ ഭാഗത്തിന്റെ വായനാവേളയിൽ അവിടെയുള്ള സംസ്കൃത പദങ്ങൾ ഒന്നും തന്നെ മലയാളി എന്ന നിലയിൽ നമ്മെ ബാധിക്കുന്നില്ല. സ്വാഭാവികമായി മനസ്സിലാവുന്ന സംസ്കൃത പദങ്ങളും ഇടചേർന്നു നിൽക്കുന്ന കാവ്യഭാഷയിൽ നാം അലിഞ്ഞുചേരുന്നു. ബ്രാഹ്മണോഹം, നരേന്ദ്രാഹം, ആഢ്യോഹം, ദശാന്തരേ, പോകിലാം പോയീടീലാം തുടങ്ങിയ പ്രയോഗങ്ങൾ ഉദാഹരണങ്ങളാണ്.
ചോദ്യം 16.
"എഴുത്തച്ഛൻ കാലാതീതനായ കവി" എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഒരു പ്രഭാഷണം തയ്യാറാക്കുക.
ഉത്തരം :
ബഹുമാന്യരായ സദസ്സ്യരെ, എഴുത്തച്ഛനേയും അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളേയും അനുസ്മരിക്കുവാനാണ് നാമെല്ലാവരും ഇന്നിവിടെ കൂടിയിരിക്കുന്നത്. "എഴുത്തച്ഛൻ കാലാതീതനായ കവി' എന്ന വിഷയത്തിൽ ഒരു പ്രഭാഷണം നടത്തുവാൻ അവസരം കിട്ടിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. കാരണം ആധുനിക ഭാഷയുടെ പിതാവായ, ഭക്തി പ്രസ്ഥാനത്തിന്റെ കേരളപോക്താവായ, കൈരളീവ്യത്തങ്ങളുടെ ഉപജ്ഞാതാവായ എഴുത്തച്ഛനെപ്പറ്റി സംസാരിക്കുകതന്നെ ഒരു ഭാഗ്യമാണല്ലോ. 16-ാം നൂറ്റാണ്ടിലാണ് അദ്ദേഹത്തിന്റെ ജീവിത കാലം. അതായത് അഞ്ഞൂറ് വർഷങ്ങൾക്ക് മുമ്പ്.
അദ്ദേഹം എഴുതിയ കവിതകളേയും അദ്ദേഹത്തേയും നാം ഇന്നും തോളിലേറ്റി ലാളിക്കുന്നു. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ വീടുകളിൽ നിത്യ പാരായണത്തിന് ഉപയോഗിക്കുന്നു. ഒരു കവിയുടേയും കാവ്യത്തിന്റേയും കാലാതീതവർത്തിത്വത്തെയാണിത് കാണിക്കുന്നത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് അന്വേഷിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ സാഹിത്യസംഭാവനകളുടെ ആഴവും പരപ്പും നാം അറിയുക.
കേരളീയർക്ക് ഭക്തിയുടെ പാത കാട്ടിക്കൊടുത്ത കവിയാണ് എഴുത്തച്ഛൻ. ഈശ്വരചിന്തയിൽ നിന്ന് വഴിമാറി, തമ്മിൽ തമ്മിൽ കലഹിച്ച് ചത്തും കൊന്നും ചാവേറുകളായി നടന്നിരുന്ന കേരളീയർ അദ്ദേഹത്തെ വളരെയധികം വേദനിപ്പിച്ചിരുന്നു. ഭക്തിയുടെ കുറവാണ് ഇതിന്റെ പ്രധാന കാരണമെന്ന് കണ്ടെത്തിയ എഴുത്തച്ഛൻ രാമായണം, മഹാഭാരതം തുടങ്ങിയ സംസ്കൃത കാവ്യങ്ങൾ മലയാളികൾക്കായി വിവർത്തനം ചെയ്തു. അക്കാലത്ത് നിലനിന്നിരുന്ന "പാട്ടും' മണിപ്രവാളവും' കൂട്ടിക്കലർത്തിയതിലൂടെ അതിമനോഹരമായ ഒരു കാവ്യഭാഷ അദ്ദേഹം സാധിച്ചെടുത്തു. അദ്ദേഹത്തിന്റെ ആ ഭാഷ തന്നെയാണ് നാം മലയാളികൾ ഇന്നും ഉപയോഗിച്ചുപോരുന്നത്.
കേരളീയർക്ക് ഏറെ പ്രിയങ്കരമാണ് തത്ത്വചിന്തകൾ. അതീവ ലളിതമായി ഗഹനമായ ഈ ചിന്തകൾ അദ്ദേഹം മലയാളികൾക്ക് പരിചയപ്പെടുത്തി. നമ്മുടെ ജീവിതദുഃഖങ്ങൾക്ക് എല്ലാം കാരണം ദേഹം നിമിത്തമുണ്ടാകുന്ന അഹങ്കാരവും അവിദ്യയുമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ദേഹത്തേക്കാൾ ദേഹിയാകുന്ന ആത്മാവിന് പ്രാമുഖ്യം നൽകണമെന്നും, വിദ്യയാണ് ജീവിതവിജയം സമ്മാനിക്കുകയെന്നും അദ്ദേഹം തത്വചിന്തകളിലൂടെ കേരളീയരെ ബോധ്യപ്പെടുത്തി. ക്രോധമാണ് ജീവിതദുരിതങ്ങൾ ഉണ്ടാക്കുന്നതെന്നും, അതിനാൽ ബുധജനങ്ങൾ ക്രോധം ഒഴിവാക്കണമെന്നും എഴുത്തച്ഛൻ ഉപദേശിച്ചു.
മനുഷ്യർ ലൗകികസുഖങ്ങൾക്ക് പുറകെ പരക്കം പായുകയാണ്. പാമ്പിന്റെ വായിൽ അകപ്പെട്ട തവളക്കരികിലൂടെ പാറിപ്പോകുന്ന 'ഇര'യെ പിടിക്കാൻ അത് ശ്രമിക്കുന്നതുപോലെ മരണം ആസന്നമായ നിമിഷത്തിൽ പോലും ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടുന്നില്ല. കാലമാകുന്ന സർപ്പത്തിന്റെ വായിലാണ് താനെന്നും, ഓരോനിമിഷവും താൻ മരണത്തോടടുക്കുകയാണെന്നും അവൻ ചിന്തിക്കുന്നില്ല. അവൻ ലൗകികസുഖഭോഗങ്ങൾക്ക് പിറകെ പോകുന്നു. തന്റെ ആയുസ് കുറയുന്നത് തീരെ അറിയാതെ പോകുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
വളരെ ദീർഘവീക്ഷണമുളളതായിരുന്നു അദ്ദേഹത്തിന്റെ ജീവിതനിരീക്ഷണം. അതുകൊണ്ട് തന്നെ കേരളീയർക്ക് അദ്ദേഹം വളരെ പ്രിയങ്കരനായി. അദ്ദേഹത്തെപ്പോലെ അദ്ദേഹത്തിന്റെ കവിതകളും കാലത്തെ അതിജീവിച്ചുകൊണ്ട് നമ്മളിൽ ജീവിക്കുന്നു; നമ്മളിൽക്കൂടി പുനർജനി ക്കുന്നു. ഇത്രയും പറത്തുകൊണ്ട് ഞാൻ എന്റെ കൊച്ചു പ്രഭാഷണം നിർത്തട്ടെ.
- നന്ദി, നമസ്കാരം.
ചോദ്യം 17.
1. "ഇഷ്ടം പറയുന്ന ബന്ധുക്കളാരുമേ
കഷ്ടകാലത്തിങ്കലില്ലെന്ന് നിർണയം
2. "പാദപഫലം പഴുക്കും മുമ്പേ ഭുജിച്ചീടിൽ
സ്വാദുമില്ലല്ലോ പിന്നെ വിത്തുമില്ലാതെ വരും.
(എഴുത്തച്ഛൻ)
- ഈ വരികളും "ലക്ഷ്മണസാന്ത്വനത്തിലെ ആശയങ്ങളും പരിഗണിച്ച് എഴുത്തച്ഛൻ കവിതയിലെ തത്വചിന്ത എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം തയ്യാറാക്കുക.
ഉത്തരം :
പ്രിയ സഭാവാസികളെ, പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന എഴുത്തച്ഛൻ മലയാളികൾക്ക് ഭക്തിയുടെ പാത കാണിച്ചു തന്ന മഹാനായ ഒരു സാഹിത്യകാരനായിരുന്നു.
ഭക്തിയുടെ മറ്റൊരു വശമാണ് തത്വചിന്ത. ഭക്തിയോടൊപ്പം തന്നെ തത്വചിന്തകളുടെ നൂതനാവിഷ്കാരം കൊണ്ട് മലയാളികളുടെ മനസ്സിൽ ശാശ്വതമായ ഒരു സ്ഥാനം നേടുവാനും അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹം തന്റെ കൃതിയിലൂടെ വെളിച്ചം കാണിച്ച തത്വചിന്തകളെന്ന മുത്തുകളോരോന്നും മലയാളികളുടെ വായ്ത്താരികളെന്നോണം ഇന്നും നമുക്കിടയിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
ഇഷ്ടം പറയുന്ന ബന്ധുക്കൾ ആരുംതന്നെ ഒരു കഷ്ടകാലം വരുമ്പോൾ ഉണ്ടാവുകയില്ല.
വൃക്ഷങ്ങളിലെ ഫലങ്ങൾ മൂപ്പെത്താതെ പറിച്ചാൽ അവയ്ക്ക് സ്വാദുണ്ടാവുകയില്ല എന്ന് മാത്രമല്ല വിത്തും നഷ്ടപ്പെടും.
സുഖദുഃഖങ്ങൾ ഇടകലർന്ന് വരിക എന്നത് മനുഷ്യർക്ക് മാത്രമല്ല ജന്തുക്കൾക്ക് മുഴുവൻ ബാധകമാണ്.
എന്നിങ്ങനെയുള്ള തികച്ചും സ്വാഭാവികമായ തത്വചിന്തകൾ കേരളീയർക്ക് എഴുത്തച്ഛൻ നൽകിയ അമൂല്യ രത്നങ്ങളാണ്.
എഴുത്തച്ഛന്റെ തത്വചിന്തകളുടെ ആഴവും പരപ്പും കാണിക്കുന്നതാണ് ലക്ഷ്മണസാന്ത്വനം എന്ന പാഠഭാഗം. മനുഷ്യജീവിതത്തെ അടിമുടി ബാധിക്കുന്ന എന്തെല്ലാം തത്വചിന്തകൾ ഇവിടെ സാന്ദ്രീഭവിച്ച് കൂടി യിരിക്കുന്നു. ഒരു കണക്കിന് പറഞ്ഞാൽ എഴുത്തച്ഛനെ മലയാളികളുടെ ഇഷ്ടകവി യായി തിരഞ്ഞെടുക്കുവാൻ പ്രേരണ നൽകിയത് ഇത്തരം തത്വരത്നങ്ങളാണെന്ന് പറയാം.
തികഞ്ഞ അനുഭവസമ്പത്തുള്ള ഒരു എഴുത്തുകാരനായിരുന്നു എഴുത്തച്ഛൻ. അല്ലാത്തപക്ഷം ഇത്രയും ഗഹനങ്ങളായി തത്വചിന്തകൾ വളരെ ലളിതമായി അദ്ദേഹത്തിന് പറഞ്ഞുതരുവാൻ കഴിയുമായിരുന്നില്ല.
ക്ഷണഭംഗുരമാണ് മനുഷ്യന്റെ ജീവിതം, ഭോഗങ്ങൾ എല്ലാം ക്ഷണപ്രഭാചഞ്ചലവും. മനുഷ്യൻ അഹംബുദ്ധി കാണിക്കരുത്.
ജീവിതമോക്ഷത്തിന് കാരണമാകുന്നത് വിദ്യയും ജീവിത പരാജയയത്തിന് കാരണമാകുന്നത് അവിദ്യയുമാണ്. മനുഷ്യരുടെ ആലയജീവിതം പെരുവഴിയമ്പലത്തിലെ വഴിപോക്കരുടെ കൂടിച്ചേരൽ പോലെയാണ്, അല്ലെങ്കിൽ നദിയിലൂടെ ഒഴുകിപ്പോകുന്ന വിറകിൻ കഷ്ണങ്ങളെ പ്പോലെയാണ്.
ദേഷ്യം സ്നേഹത്തിന്റെ ശത്രുവാണ് എന്നിങ്ങനെ നീണ്ടുപോകുകയാണ് അദ്ദേഹത്തിന്റെ തത്വചിന്തകളാകുന്ന തൂമുത്തുകൾ,
ഭക്തി എന്ന ഭാവത്തേക്കാൾ ഒരുപക്ഷെ, കേരളീയർക്ക് അനുഗ്രഹമായത് ഈ തത്ത്വങ്ങളായിരിക്കും. അത്രമാത്രം സ്വാഭാവികതയും അനശ്വരതയും നിറഞ്ഞ ദർശനങ്ങളാണ് അവയോരോന്നും. മനുഷ്യബന്ധങ്ങളുടെ യാദൃച്ഛികതയും, നിസ്സാരതയും, മരണാസന്നമായ മുഹൂർത്തത്തിൽ പോലും പാമ്പിന്റെ വായിൽ അകപ്പെട്ട തവള ഇരപിടിക്കാൻ ആഗ്രഹിക്കുന്ന പോലെയുള്ള മനുഷ്യന്റെ അത്യാഗ്രഹവും വെളിപ്പെടുത്തി മനുഷ്യമനസ്സിനെ നിർമ്മലമാക്കുന്നതാണ് ഓരോ ചിന്തകളും. കേരളീയരിൽ അത്രമേൽ എഴുത്തച്ഛന് സ്ഥാനം ലഭിക്കുവാൻ ഇത്തരം ചിന്തകൾക്ക് കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്റെ വിജയം.
ഇത്ര നേരം എന്റെ വാക്കുകൾ ശ്രവിച്ച നിങ്ങൾക്ക് നന്ദി,
ചോദ്യം 18.
"വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലർ
(ജ്ഞാനപ്പാന - പൂന്താനം)
"കുട്ടിയിലും മുതിർന്നവരിലുമുള്ള ശാരീ രികവും മാനസികവും ആധ്യാത്മികവുമായ ഉത്തമാംശങ്ങളുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം"(ഗാന്ധിജി)
"സംസാരകാരിണിയായതവിദ്യയും
സംസാരനാശിനിയായതു വിദ്യയും"
(അധ്യാത്മരാമായണം കിളിപ്പാട്ട് എഴുത്തച്ഛൻ)
-വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള മഹാത്മാക്കളുടെ ചിന്തകളാണല്ലോ മുകളിൽ നൽകിയിരിക്കുന്നത്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ മേൽ കൊടുത്തിരിക്കുന്ന ചിന്തകളുമായി ബന്ധിപ്പിച്ച് വിശകലനം ചെയ്ത് "വിദ്യാഭ്യാസം ലക്ഷ്യവും മാർഗവും' എന്ന ശീർഷക ത്തിൽ ലഘുഉപന്യാസം തയ്യാറാക്കുക.
ഉത്തരം
"വിദ്യാഭ്യാസം ലക്ഷ്യവും മാർഗവും"
വിദ്യാഭ്യാസം അജ്ഞതയിൽ നിന്നുള്ള മോചനമാണ്. അറിവില്ലായ്മയാകുന്ന ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്കുള്ള മാർഗമാണ്, എന്നൊക്കെ സാമാന്യമായി പറയാമെങ്കിലും വിദ്യാഭ്യാസം എന്നത് ഇതിനപ്പുറത്തുള്ള എന്തൊക്കെയോ ആണ്.
ഭൗതിക ജീവിതവുമായി ബന്ധപ്പെട്ട് കാര്യങ്ങളുടെ വിശദീകരണങ്ങൾ ആകുമ്പോൾ തന്നെ വിദ്യാഭ്യാസം നമ്മുടെ ജീവിതത്തിന്റെ ആകെത്തുകയാകുന്നു. മനഃശാസ്ത്രപരമായ വിചിന്തനങ്ങളിൽ ഏറെ മുൻപന്തിയിലെത്തിയ ഇക്കാലത്ത് വിദ്യാഭ്യാസം എന്നതിന്റെ നിർവചനം വളരെ വ്യാപ്തിയുള്ള ഒന്നാണ്. വളരെ പരിമിതമായ വാക്കുകളിൽ പറഞ്ഞാൽ പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വിദ്യ അഭ്യസിക്കുന്നതാണ് വിദ്യാഭ്യാസം.
എന്താണ് ഈ വിദ്യ? ജീവിതനൈപുണി എന്ന് പറയാം. അതായത് ജീവിക്കാനുള്ള നിപുണത നേടിയെടുക്കുന്നതിൽ ഒരുവനെ പ്രാപ്തനാക്കുന്നതാണ് വിദ്യാഭ്യാസം. അത് വെറും പുസ്തകപാരായണമോ അതിൽനിന്ന് കിട്ടുന്ന അറിവുകളുടെ ശേഖരണമോ അല്ല. തന്റെ കഴിവുകൾ കണ്ടെത്തി വികസിപ്പിച്ച് ജീവിതത്തിൽ വിജയം കൈവരിക്കുവാൻ സാധ്യമായ മേഖലയിൽ എത്തിക്കുന്നതിന് പ്രാപ്തനാക്കുകയാണ് അതിന്റെ പരമമായ ലക്ഷ്യം .
ഏത് ജോലി ലഭിക്കുന്നുവോ എന്നതല്ല; ഏതൊരു ജോലിയാണോ അവന് ജീവിതത്തിൽ വിജയിക്കുവാൻ സഹായിക്കുന്നത് എന്നതാണ് വിദ്യാഭ്യാസം ലക്ഷ്യമാക്കേണ്ടത്. ഗാന്ധിജിയുടെ വാക്കുകളിൽ ഇക്കാര്യം വളരെ വ്യക്തമായിത്തന്നെ ഊന്നിപ്പറഞ്ഞിരിക്കുന്നു. കുട്ടിയിലും മുതിർന്നവരിലുമുള്ള ശാരീരികവും മാനസികവും ആധ്യാത്മികവുമായ ഉത്തമാംശങ്ങളുടെ ആവിഷ്കാരം തന്നെയാണ് ഈ അർത്ഥത്തിൽ വിദ്യാഭ്യാസം
ഒരു നിശ്ചിത അറിവ് എല്ലാവർക്കുമായി പകർന്നു കൊടുക്കുകയല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും മാർഗ്ഗവും. ഓരോരുത്തരുടേയും കഴിവുകൾ കണ്ടെത്തുകയും അതനുസരിച്ച് ആ വ്യക്തിക്ക് ജീവിതവിജയം കണ്ടെത്താൻ കഴിയുകയും വേണം. ശാരീരികവും മാനസികവും ആയ കഴിവുകൾ ഒരുപോലെ വികസിക്കണം. അപ്പോഴേ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം സാർത്ഥകമാവുകയുള്ളൂ.
പാഠപുസ്തകത്തിനപ്പുറത്തുള്ള പഠനവും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്. അതാണ് പൂന്താനം നമ്മെ അറിയിക്കുന്നത്. വിദ്യകൊണ്ട് അറിയേണ്ടത് നാം അറിയണം. അത് മനസ്സിലാക്കാതെ വിദ്യാസമ്പന്നൻ എന്ന ലേബലിൽ അഹങ്കാരത്തോടെ നടക്കുന്ന എത്രയോ പേരെ നമുക്കിന്ന് കാണാൻ കഴിയും. വിനയമാണ് വിദ്യാഭ്യാസത്തിന്റെ ഒരു ഗുണം. അറിവ് കൂടുന്തോറും അറിവിന്റെ മേഖലയിൽ അഹങ്കാരം നടിക്കുന്നതിലല്ല മറിച്ച് ഫലവൃക്ഷങ്ങൾ ഫലസമൃദ്ധിയിൽ കൊമ്പുകൾ താഴ്ത്തുന്നതുപോലെ നമ്മുടെ തല വിനയത്താൽ കുനിയുകയാണ് വേണ്ടത്.
വിദ്യാഭ്യാസത്തിന്റെ പ്രസക്തിയും പ്രാധാന്യവും അറിയണമെങ്കിൽ വിദ്യാഭ്യാസം ഇല്ലാത്ത സാഹചര്യത്തെക്കുറിച്ച് ആലോചിച്ചാൽ മതി.
"വിദ്യ" എന്നും "അവിദ്യ" എന്നും ഉള്ള തരംതിരിവിലൂടെ ജീവിതവിജയത്തേയും പരാജയത്തേയും തന്നെയാണ് എഴുത്തച്ഛനും ചൂണ്ടിക്കാട്ടുന്നത്. ജീവിതവിജയത്തിന് വിദ്യ കൂടിയേ തീരൂ. അവിദ്യ അല്ലെങ്കിൽ വിദ്യാഭ്യാസമില്ലായ്മ പരാജയത്തെ വിളിച്ചുവരുത്തുന്നു.
ചുരുക്കത്തിൽ ഒരു വ്യക്തിയെ സമ്പൂർണനാക്കുന്നതും അവനെ ജീവിതവിജയത്തിന് സമർത്ഥനാക്കുന്നതുമാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അതിനനുസരിച്ചുള്ള മാർഗ്ഗവും നാം സ്വീകരിച്ചേ മതിയാവൂ.
കേവലം ഇംഗ്ലീഷ് പഠനത്തിലൂടെ മാത്രം അത് സാധ്യമല്ല. ഓരോ പ്രദേശത്തേയും പ്രാദേശികഭാഷകളിലൂടെയുള്ള വിദ്യാഭ്യാസമേ അടിസ്ഥാനപരമായി നമ്മെ മാറ്റുകയുള്ളൂ. അതിനനുസരിച്ചുള്ള പാഠ്യപദ്ധതിയും കായികമായ മാറ്റങ്ങളും നാം കൈവരിച്ചേ മതിയാവൂ. അറിവ് സമ്പാദിക്കുന്നതോടൊപ്പം സമഭാവനയുടേയും സാഹോദര്യത്തിന്റേയും ജനാധിപത്യത്തിന്റേയും സന്ദേശം വിദ്യാഭ്യാസത്തിലൂടെ വ്യക്തികൾക്ക് നേടാൻ കഴിയണം. ആ മാർഗ്ഗത്തി ലൂടെയുള്ള ചിന്തകളും പ്രവർത്തനങ്ങളും അടങ്ങിയതായിരിക്കണം നമ്മുടെ പരിഷ്കൃതമായ പാഠ്യപദ്ധതികൾ.
സമാനരൂപങ്ങൾ
സുമിത്രയുടെ പുത്രൻ സൗമിത്രി.
ദശരഥന്റെ പുത്രൻ ദാശരഥി
വീരസേനന്റെ പുത്രൻ - വൈരസേനി
കവിപരിചയം : തുഞ്ചത്തു രാമാനുജൻ എഴുത്തച്ഛൻ
ആധുനിക മലയാളഭാഷയുടെ പിതാവ്, കിളിപ്പാട്ട് പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ്, ഭക്തിപ്രസ്ഥാനത്തിന്റെ പ്രോക്താവ് തുടങ്ങിയ നിലകളിൽവിശേഷിപ്പിക്കപ്പെടുന്ന എഴുത്തച്ഛൻ ജീവിച്ചിരുന്നത് 16-ാം നൂറ്റാണ്ടിലാണ്. തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന് മുഴുവൻ പേര്. പാട്ടും മണിപ്രവാളവും കൂട്ടിക്കലർത്തി മലയാളികൾക്ക് നിലവാരപ്പെട്ട ഒരു കാവ്യഭാഷ സമ്മാനിച്ചു. അധ്യാത്മരാമായണം, ശ്രീമഹാഭാരതം, ശ്രീമഹാഭാഗവതം, ഹരിനാമ കീർത്തനം മുതലായവയാണ് പ്രധാനകൃതികൾ.
കിളിപ്പാട്ട് പ്രസ്ഥാനം
കിളിയെക്കൊണ്ട് കഥ പാടിക്കുന്ന രീതിയിൽ കാവ്യം രചിക്കുന്നതിനാലാണ് കിളിപ്പാട്ട് എന്ന പേര് വന്നത്. അക്കാലത്ത് ഇത്തരം രീതികൾ പതിവായിരുന്നു. എഴുത്തച്ഛന്റെ വരവോടെയാണ് ഇതൊരു ഗൗരവമുള്ള പ്രസ്ഥാനം എന്ന രീതിയിലായത്. അധ്യാത്മരാമായണം, ശ്രീമഹാഭാരതം, ശീഭാഗവതം തുടങ്ങിയവയാണ് പ്രധാന കിളിപ്പാട്ടുകൾ,
അധ്യാത്മരാമായണം
ആദികവി വാല്മീകി മഹർഷി സംസ്കൃതഭാഷയിൽ രചിച്ച രാമായണത്തിന്റെ വിവർത്തനമാണ് അധ്യാത്മരാമായണം. അതിൽ എഴുത്തച്ഛന്റേതായ കാഴ്ചപ്പാടുകളും തത്വചിന്തകളും ദർശനങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. എഴുത്തച്ഛന്റെ പ്രധാന ഭാവം ഭക്തിയായിരുന്നു. കേരളീയരെ ഈ ഭക്തിഭാവത്തിലെത്തിച്ച് ഐക്യപ്പെടുത്തുകയായിരുന്നു എഴുത്തച്ഛന്റെ പ്രധാന ലക്ഷ്യം. ഇതിനായി മൂലകൃതിയായ വാത്മീകിരാമായണത്തിൽ വിശദീകരിക്കേണ്ടവ വിശദീകരിച്ചും കൂട്ടിച്ചേർക്കേണ്ടവ കൂട്ടിച്ചേർത്തും സംഗ്രഹിക്കേണ്ടവ സംഗ്രഹിച്ചും ആണ് എഴുത്തച്ഛൻ രചന നടത്തിയിട്ടുള്ളത്.
Good
ReplyDeleteVery useful
ReplyDeleteUsefull
ReplyDeletePoor
ReplyDeleteNot poor,
Deletevery useful
Its very use full
ReplyDeleteThankyou so much
യൂസ്ഫുൾ
ReplyDeleteKidillam
ReplyDeletevery very very very very usefull
ReplyDeletethank you 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯
Thank you❣️
ReplyDeleteVery usefull