വിശ്വരൂപം


 


യൂണിറ്റ് - 2

അനുഭൂതികൾ ആവിഷ്കാരങ്ങൾ

പ്രവേശകം

'അൻപുതരുമന്യരൊടു ബന്ധ,മാബന്ധങ്ങൾ

നൺപെന്ന മഹിതസൗഭാഗ്യം"

(തിരുക്കുറൾ - തിരുവള്ളുവർ)

വരികളിലെ ആശയം

സംഘകാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു കവിവര്യനായിരുന്നു തിരുവള്ളുവർ, വേദേതിഹാസങ്ങൾക്ക് തുല്യമായി അർത്ഥവ്യാപ്തിയും ആത്മസത്തയും പ്രദാനം ചെയ്യുന്ന കൃതിയാണ് തിരുക്കുറൾ, 1330 കുറലുകളിൽ കൂടി ദു:ഖത്തിലും ആലസ്യത്തിലും നിരാശയിലുംപെട്ട മനുഷ്യർക്ക് ദിശാബോധം നൽകുന്നതാണ് കൃതി. ഇതിലെ മനോഹരമായ ഒരു കുറൾ (ഈരടി) ആണിത്. സ്നേഹമാണ് നല്ല ബന്ധങ്ങൾ ഉണ്ടാക്കിത്തരുന്നത്. സ്നേഹബന്ധങ്ങളാണ് സൗഹൃദമെന്ന മഹത്തായ സൗഭാഗ്യം. സ്നേഹത്തിന്റെയും അതു വഴിയുണ്ടാകുന്ന സൗഹൃദത്തിന്റെയും മഹത്തായ സന്ദേശമാണ് വരികൾ നൽകുന്നത്.

 

 വിശ്വരൂപം

 പാഠഭാഗത്തിന്റെ ആശയം

താഴത്ത് കുഞ്ഞിക്കുട്ടിയമ്മ വിദേശത്ത് നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ഡോ.തലത്തിനെ കല്യാണം കഴിച്ചതോടെ, ജീവിതരീതിയെല്ലാം മാറി പാശ്ചാത്യസംസ്കാരത്തിനടിമപ്പെട്ട് മിസ്സിസ് തലത്തായി മാറുന്നു. ഭർത്താവ് ഡോക്ടർ തലത്തിന്റെ മരണത്തോടെ ജീവിതം നൽകിയ പാഠങ്ങൾ മനസ്സിലാക്കി തിരികെ പഴയ താഴത്ത് കുഞ്ഞിക്കുട്ടിയമ്മയായി മാതൃകാജീവിതം നയിക്കുന്നതുമാണ് കഥയിലെ പ്രമേയം.

തന്റെ ഭർത്താവിന്റെ കൂടെ സെക്രട്ടറിയായിരുന്ന സുധീർ, കുഞ്ഞിക്കുട്ടിയമ്മയെ തേടി എത്തുന്നതോടെയാണ് കഥയാരംഭിക്കുന്നത്.  ഡോ. തലത്തിനെ കല്യാണം കഴിച്ചതോടെ കുഞ്ഞിക്കുട്ടിയമ്മ തികച്ചും പാശ്ചാത്യവനിതയാവുകയും ഭർത്താവിന്റെ ഉദ്യോഗകാര്യങ്ങളിൽ എപ്പോഴും ഇടപെട്ടിരുന്ന അവർക്ക് മറ്റൊന്നിനും സമയമില്ലാതായിത്തീരുകയും ചെയ്യുന്നു. നാലു കുട്ടികളുണ്ടെങ്കിലും അവരെ വേണ്ടപോലെ ശ്രദ്ധിക്കാനൊന്നും അവർക്ക് കഴിഞ്ഞിരുന്നില്ല. സ്വീകരണമുറിയിലും, ക്ലബ്ബുകളിലും, നാടക ശാലകളിലും ഒക്കെയായിരുന്നു അവരുടെ ശ്രദ്ധ. വിവാഹിതരായ നാലുമക്കളും പിന്നീട് നാലു സ്ഥലങ്ങളിലാവുകയും ചെയ്തു.

ഭർത്താവ് മരണപ്പെട്ടതോടെ മിസിസ് തലത്തിന് തിരിച്ച് പേരേണ്ടിവന്നു. നാട്ടിലെത്തിയ അവർ പഴയ തറവാട്ടിൽ ഒറ്റക്ക് താമസമായി. ജീവിതം അവരെ വല്ലാതെ മാറ്റിമറിച്ചിരുന്നു. അവരാകെ മാറി, തികച്ചും ഒരു സന്യാസിനിയെ പോലെ. ശരീരം മെലിഞ്ഞു. നെറ്റിയിൽ ഭസ്മക്കുറി, കഴുത്തിൽ രുദ്രാക്ഷമാല മിസ്സിസ് തലത്ത് ശരിക്കും പഴയ താഴത്ത് കുഞ്ഞിക്കുട്ടിയമ്മയായി മാറുകയായിരുന്നു.

സമയത്താണ് ഭർത്താവിന്റെ സെക്രട്ടറിയായിരുന്ന സുധീർ കാണാൻ എത്തുന്നത്. കുഞ്ഞിക്കുട്ടിയമ്മ അയാളെ മകനെയെന്നോണം കെട്ടിപിടിച്ചു. യാത്ര പറഞ്ഞ് പോകാനിറങ്ങുന്ന സുധീറിനോട് തനിക്ക് പറ്റിയ പാളിച്ചകളും, അമ്മയും അച്ഛനും മക്കളും ഒന്നിച്ച് സ്നേഹം പങ്കിട്ടു ജീവിക്കുന്ന, താൻ നഷ്ടപ്പെടുത്തിയ കുടുംബജീവിതത്തിന്റെ മഹത്വത്തെ മിസ്സിസ് തലത്ത് ഓർമ്മിപ്പിയ്ക്കുന്നതോടെ കഥ അവസാനിക്കുന്നു.

 

ഒരു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ.

ചോദ്യം 1,

"വീടിനെ കുറിച്ചോർക്കുന്നത് അദ്ദേഹത്തിനൊരു ലഹരിയായിരുന്നു'. അദ്ദേഹം എന്നത് കൊണ്ട് സൂചിപ്പിക്കുന്നതാരെയാണ്?

ഉത്തരം :

ഡോ.തലത്ത്.

ചോദ്യം 2.

അങ്ങനെയുള്ള മാഡം തലത്താണിപ്പോൾ... പ്രൗഢവനിതയാണ്...

 അടിവരയിട്ട പദം വിഗ്രഹിച്ചെഴുതുമ്പോൾ കിട്ടുന്ന രൂപം ഏത്?

ഉത്തരം :

പ്രൗഢയായ വനിത

 

രണ്ടു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം 3.

മാഡം തലത്തിനെ അയാൾ ഓർത്തു പോയി.

 അയാൾ അവിടെ നിന്ന് പോയി.

അടിവരയിട്ട പദങ്ങൾക്ക് ഇവിടെ ഒരേ അർഥമാണോ ഉള്ളത് ?

ഉത്തരം :

ആദ്യ വാചകത്തിൽ " ഓർത്തു എന്ന പ്രധാന ക്രിയയുടെ സഹായക ക്രിയയാണ് "പോയി', രണ്ടാമത്തെ വാക്യത്തിൽ "പോയി' എന്നത് പ്രധാന ക്രിയയായിത്തന്നെ നിൽക്കുന്നു.

ചോദ്യം 4.

അമ്മ, വെറും അമ്മ!"

 വെറും എന്ന പദം നൽകുന്ന അർത്ഥവ്യാപ്തി കുറിക്കുക

ഉത്തരം :

വെറും എന്ന പ്രയോഗത്തിലുടെ മാതൃത്വത്തിന്റെ നിഷ്കളങ്കവും നിസ്വാർഥവും ത്യാഗപൂർണവുമായ അനുഭവത്തെയാണ് തൊട്ടറിയുന്നത്.

 

നാലു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം 5.

"ഞാൻ ഇന്ത്യയിൽ ജനിക്കാനാഗ്രഹിക്കുന്നു. മാഡം. ഇന്ത്യ എത്ര നല്ല നാടാണ്." വൃദ്ധന്റെ വാക്കുകളോടുള്ള പ്രതികരണം കുറിക്കുക.

ഉത്തരം :

ലളിതാംബിക അന്തർജനത്തിന്റെ സമ്പൂർണ്ണ കഥകൾ എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് വിശ്വരൂപം എന്ന കഥ. ജനിച്ചുവളര്‍ന്ന നാടിന്റെ നന്മകളെല്ലാം കൈവിട്ട് പാശ്ചാത്യ സംസ്കാരത്തിന്റെ പിറകെ പോകുന്ന സമകാലിക സമൂഹത്തിന്റെ കഥ പറയുകയാണ് ലളിതാംബിക അന്തർജനം വിശ്വരൂപം എന്ന കഥയിലൂടെ.

ഭർത്താവിന്റെ സെക്രട്ടറിയായിരുന്ന സുധീറിനോടുള്ള സംസാരവേളയിൽ താഴത്ത് കുഞ്ഞിക്കുട്ടിഅമ്മ ന്യൂയോർക്കിൽ വെച്ച് താൻ കണ്ടുമുട്ടിയ വൃദ്ധന്റെ വാക്കുകൾ പറയുകയാണ്. കീറിപ്പറിഞ്ഞ പാന്റും, തൊപ്പിയും ധരിച്ചിരുന്ന പാവപ്പെട്ട ഒരു വൃദ്ധനായിരുന്നു അത്. ഒരു പക്ഷെ മക്കളാൽ ശ്രദ്ധിക്കപ്പെടാതെ അനാഥനായി കഴിയുന്ന ആളായിരിക്കണം. അതുകൊണ്ടാണ് ഇന്ത്യക്കാർ മാതാപിതാക്കളെ ദൈവത്തെപോലെ വിചാരിക്കുന്നവരാണെന്ന് അദ്ദേഹം പറയാൻ കാരണം. ഒരു പക്ഷേ അദ്ദേഹം അവിടെ അനുഭവിക്കുന്ന വയസ്സുകാലത്തെ ഒറ്റപ്പെടലിന്റെ നൊമ്പരങ്ങളായിരിക്കാം ഇതിന്റെ കാരണം.

ചോദ്യം 6.

"കാലത്തിനും ദേശത്തിനുമനുസരിച്ച് ജീവതം സ്വയം രൂപപ്പെടുകയാണ്... -ജീവിതത്തെക്കുറിച്ചുള്ള സുധീറിന്റെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? സമർത്ഥിക്കുക.

ഉത്തരം :

ലളിതാംബിക അന്തർജനത്തിന്റെ സമ്പൂർണ്ണ കഥകൾ എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് വിശ്വരൂപം എന്ന കഥ. ജനിച്ചുവളര്‍ന്ന നാടിന്റെ നന്മകളെല്ലാം കൈവിട്ട് പാശ്ചാത്യ സംസ്കാരത്തിന്റെ പിറകെ പോകുന്ന സമകാലിക സമൂഹത്തിന്റെ കഥ പറയുകയാണ് ലളിതാംബിക അന്തർജനം വിശ്വരൂപം എന്ന കഥയിലൂടെ.

താഴത്ത് കുഞ്ഞിക്കുട്ടിയമ്മ വിവാഹത്തിന് മുമ്പ് ഒരു സാധാരണ നാട്ടിൻപുറത്തുകാരി മാത്രമായിരുന്നു. തികച്ചും സാധാരണമായ ഒരു വീട്ടിലായിരുന്നു താമസം. ഓടിട്ട വീടും, മുറ്റത്ത് തുളസിത്തറയും ഓരങ്ങളിൽ കോളാമ്പിച്ചെടികളും ഒക്കെയുള്ള ഒരു വീട്ടിലായിരുന്നു താമസം. പക്ഷേ മിസ്റ്റർ തലത്തിനെ കല്യാണം കഴിച്ച് വിദേശത്ത് എത്തിയതോടെ അവർ അടിമുടി മാറിപ്പോകുന്ന കാഴ്ചയാണ് നാം കാണുന്നത്. കുഞ്ഞിക്കുട്ടിയമ്മ മിസ്സിസ്സ് തലത്തായി. ഭർത്താവിന് ഡോളിയായി. സാമൂഹ്യസേവനവും ക്ലബ്ബുകളും, നാടകശാലകളും അവരുടെ ജീവിതത്തിലെ നിത്യസംഭവങ്ങളായി. വീട്ടിൽ പരിചാരികമാരാൽ സേവിക്കപ്പെടുന്ന ഗൗരവതരയായ ഒരു ലേഡിയായി. പരിചാരകർക്ക് ഗൗരവം നിറയുന്ന നോട്ടവും ആജ്ഞകളും നൽകി തുടങ്ങി. എന്ന് മാത്രമല്ല സ്വന്തം കുട്ടികളെപ്പോലും അവർക്ക് ശ്രദ്ധിക്കാൻ സമയമില്ലാതായി. അവർക്ക് ഹോസ്റ്റൽ ജീവിതം നിർബന്ധമാക്കി.

എന്നാൽ മി.തലത്തിന്റെ മരണത്തോടെ അവർക്ക് പാലക്കാട്ടെ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോരേണ്ടി വരുന്നു. അതോടെ അവർ തീർത്തും പഴയ കുഞ്ഞിക്കുട്ടി അമ്മയായി മാറി. നെറ്റിയിൽ ഭസ്മക്കുറിയും വേഷ്ടിയും മുണ്ടും, കഴുത്തിൽ രുദ്രാക്ഷമാലയും ഒക്കെ സ്ഥാനം പിടിച്ചു. അതായത് കേരളത്തിൽ തിരിച്ചെത്തിയതോടെ കേരളീയ പശ്ചാത്തലത്തിലെ നാട്ടിൻ പുറത്തെ വീട്ടമ്മയായി മാറി. വീട്ടിൽ വരുന്നവരെ സ്വീകരിക്കാനും സ്നേഹത്തോടെ പെരുമാറാനും, സ്വന്തം കൈകൊണ്ടുള്ള വിഭവങ്ങൾ സൽക്കരിക്കാനും പഠിച്ചു. സ്നേഹബന്ധത്തിന്റെ ഊഷ്മളതയും ആതിഥ്യ സൽക്കാരത്തിന്റെ മനസംതൃപ്തിയും അവർ തിരിച്ചറിഞ്ഞു. ഇത്തരം സംഭവങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് സുധീറിന്റെ "കാലത്തിനും ദേശത്തിനുമനുസരിച്ച് ജീവതം സ്വയം രൂപപ്പെടുകയാണ്..." എന്ന അഭിപ്രായത്തിന്റെ സാധൂകരണത്തിലാണ്.

ചോദ്യം 7.

"നോക്കൂ, നമുക്ക് അഞ്ചാമതൊരു കുട്ടിയുണ്ടായിരിക്കുന്നു, ഒരു മകൻ. പക്ഷേ ഒരു വ്യത്യാസമുണ്ട്. ഇവൻ കുറച്ചുനാൾ നമ്മോടുകൂടി താമസിക്കും." -ഇങ്ങനെ പറയാൻ ഡോ. തലത്തിനെ പ്രേരിപ്പിച്ച ജീവിത പശ്ചാത്തലം എന്താവാം?

ഉത്തരം :

ലളിതാംബിക അന്തർജനത്തിന്റെ സമ്പൂർണ്ണ കഥകൾ എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് വിശ്വരൂപം എന്ന കഥ. ജനിച്ചുവളര്‍ന്ന നാടിന്റെ നന്മകളെല്ലാം കൈവിട്ട് പാശ്ചാത്യ സംസ്കാരത്തിന്റെ പിറകെ പോകുന്ന സമകാലിക സമൂഹത്തിന്റെ കഥ പറയുകയാണ് ലളിതാംബിക അന്തർജനം വിശ്വരൂപം എന്ന കഥയിലൂടെ.

ഡോ, തലത്തിന്റെ നാട്ടുകാരനായിരുന്ന സുധീറിനെ സെക്രട്ടറിയാക്കി വീട്ടിൽ താമസിപ്പിക്കുവാൻ വേണ്ടി അദ്ദേഹം ഭാര്യയോട് പറയുന്ന വാക്കുകളാണിത്. നാലുമക്കളുണ്ടായിരുന്നിട്ടും അവരെയൊന്നും ശരിയാംവണ്ണം പരിചരിച്ചില്ല. തനിക്കൊപ്പം ചേർത്ത് വളർത്തിയില്ല. നാലു കുട്ടികളും വളർന്നത് സ്നേഹനിരാസത്തിന്റെ കളിത്തൊട്ടിലിലാണ് അമ്മയുടെ യാതൊരു സംസർഗവും കിട്ടാതെ ബോർഡിംഗുകളിലെ നാലു ചുമരുകൾക്കുള്ളിൽ അവർക്ക് അവരുടെ ബാല്യകാലം കഴിക്കേണ്ടി വന്നു. അത് പോലെ സുധീറിനേയും ഭാര്യ ഇഷ്ടപ്പെടുകയില്ല എന്ന് ഡോ. തലത്ത് വിചാരിച്ചിട്ടുണ്ടാവും. അതുകൊണ്ടാണ് അഞ്ചാമത്തെ മകനായി കരുതണമെന്ന രീതിയിൽ സമീപിച്ചത്.

ചോദ്യം 8.

സെൻ കഥ

ഒരിക്കൽ ഒരു യുവാവ് ഒരു പക്ഷിയേയും കൊണ്ട് തന്റെ ഗുരുവിന്റെ അടുത്ത് ചെന്നു. എന്നിട്ട് ഗുരുവിനെ കളിപ്പിക്കാൻ യുവാവ് ചോദിച്ചു. “ഗുരോ പക്ഷി ജീവനുള്ളതാണോ അതോ ചത്തതോ ഗുരു കാണാതിരിക്കാനായി ഇയാൾ പക്ഷിയെ ശരീരത്തിന് പിറകിലേക്ക് പിടിച്ചിരിക്കുകയായിരുന്നു. ഗുരു പക്ഷി ചത്തതാണെന്ന് പറയുകയാണെങ്കിൽ അതിനെ പറത്തിവിടാനും, ജീവനുണ്ടെന്ന് പറയുകയാണെങ്കിൽ കൈയ്യിലിട്ട് കഴുത്ത് ഞെരിച്ച് കൊല്ലാനും യുവാവ് മനസ്സിൽ പദ്ധതിയിട്ടിരുന്നു. യുവാവിന്റെ ചോദ്യം കേട്ട് ഗുരു പറഞ്ഞു. ചോദ്യത്തിനുള്ള ഉത്തരം നിങ്ങളുടെ കൈയിലാണ്. സെൻ കഥയിലെ ജീവിതദർശനം ചർച്ച ചെയ്ത് ഒരു കുറിപ്പ് തയ്യാറാക്കുക.

ഉത്തരം :

ചെറുതും ലളിതവും എന്നാൽ ധാരാളം ചിന്തിക്കാനുമുള്ളതുമായിരിക്കും സെൻ കഥകൾ. അത്തരത്തിലുള്ള ഒരു കഥയാണിത്. സർവചരാചരങ്ങളോടുമുള്ള സ്നേഹമാണ് കഥയിലെ പ്രധാനഭാവം. ഗുരുവിനെ കബളിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കൈകളിൽ പക്ഷിയെ മറച്ച് വെച്ച് ശിഷ്യൻ ഗുരുവിനോട് ചോദിക്കുന

പക്ഷി ചത്തതോ? ജീവനുള്ളതോ? ശിഷ്യന്റെ ഉദ്യമം തിരിച്ചറിഞ്ഞ ഗുരു മറുപടിയായി പറഞ്ഞത് "ഉത്തരം നിന്റെ കൈയിലാണ്" എന്നായിരുന്നു. രണ്ട് ഉത്തരം പറഞ്ഞാലും പക്ഷിക്ക് ജീവൻ നഷ്ടപ്പെടും എന്ന് ഗുരുവിന് ഉറപ്പായിരുന്നു. അതിനാൽ ശിഷ്യന്റെ പ്രവൃത്തി മുൻകൂട്ടി കണ്ട് അദ്ദേഹം അവനെ അതിൽ നിന്നും പിന്തിരിപ്പിക്കുകയും സ്നേഹത്തിന്റെ വില അറിയിക്കുകയും ചെയ്യുന്നു. മനുഷ്യനാണ് നമ്മുടെ പ്രവൃത്തികളുടെ ഗുണദോഷങ്ങൾക്ക് രൂപം കൊടുക്കുന്നത് എന്ന മഹത്തായ സന്ദേശം വഹിക്കുന്നതാണ് കൊച്ചുകഥ. മനുഷ്യന്റെ പ്രവൃത്തികളിലാണ് പക്ഷിമൃഗാദികൾ ഉൾപ്പെടുന്ന പ്രകൃതിയുടെ നിലനിൽപ്പ്.

ചോദ്യം 9.

"ഉതിർമണികൾക്

സൗഖ്യങ്ങൾ മാത്രമേ ലാഭമെന്നെണ്ണായ്ക

ദുഃഖങ്ങളും ബഹുലാഭം

ലാഭങ്ങളേറുമ്പോൾ

താണു വരുന്നത്

ലോഭങ്ങളെന്നറിഞ്ഞാലും

(- അക്കിത്തം)

-കവിത വിശകലനം ചെയ്ത് അനുഭൂതികൾ ആവിഷ്കാരങ്ങൾ എന്ന യൂണിറ്റിലെ ആശയങ്ങളും ഉൾപ്പെടുത്തി ഒരു കുറിപ്പ് തയ്യാറാക്കുക.

ഉത്തരം :

മഹാകവി അക്കിത്തത്തിന്റെ ചെറുതെങ്കിലും ഗഹനമായ ആശയം ഉൾക്കൊള്ളുന്ന ഒരു കവിതയാണ് "ഉതിർമണികൾ.' സുഖങ്ങൾ മാത്രമാണ് ലാഭം എന്ന് കരുതുന്നത് ശരിയല്ല. ദുഃഖങ്ങളും ലാഭമായ് വരും. ലാഭം കൂടുതലായി. വരുമ്പോൾ താഴന്ന് വരുന്നത് ലോഭങ്ങളായിരിക്കും. ഇതാണ് കവിതയുടെ ആശയം. ലാഭത്തിന് വേണ്ടി മാത്രം ജീവിതം മാറ്റിവെക്കുമ്പോൾ മറുഭാഗത്ത് നഷ്ടം കുമിഞ്ഞുകൂടുന്നത് നാം അറിയുന്നില്ല. മിസ്സിസ് തലത്തിന്റെ ജീവിതം കണ്ട് എഴുതിയതാണോ കവിത എന്ന് തോന്നി.പ്പോകും. അത്രയ്ക്കും ആശയപ്പൊരുത്തമുണ്ട് അവരുടെ ജീവിതവും കവിതയുമായി.

നേട്ടങ്ങൾക്ക് പിറകെ പാത്തിരുന്ന അവർ കുടുംബം നഷ്ടപ്പെടുന്നത് അറിയാതെ പോയി. അതിന്റെ മറുവശമാണ് "കടൽത്തീരത്തിൽ നാം കാണുന്നത്. ധനമോ പ്രതാപമോ ഒന്നുമല്ല വെള്ളായിയപ്പന്റെ സമ്പാദ്യം, നിറഞ്ഞ സ്നേഹം മാത്രം. നിസ്വാർത്ഥമായ പ്രാപഞ്ചികസ്നേഹത്തിന്റെ കഥ തന്നെയാണ് ആശാനും ആവിഷ്ക്കരിച്ചിരിക്കുന്നത്  അല്പം കൊണ്ട് അനല്പമല്ലാത്ത ഒരാശയമാണ് അക്കിത്തം കൊച്ചു കവിതയിലൂടെ സമൂഹത്തിന് നേരെ പിടിച്ച ഒരു കൊച്ചു കണ്ണാടിയാണ് കൊച്ചു കവിത.

ചോദ്യം 10.

1. "ഡോളിയില്ലെങ്കിൽ ഞാൻ വെറും നിഴലായേനെ"

2. 'നോക്കൂ, നമുക്ക് അഞ്ചാമതൊരു കുട്ടിയുണ്ടായിരിക്കുന്നു, ഒരു മകൻ. പക്ഷെ ഒരു വ്യത്യാസമുണ്ട് ഇവൻ കുറച്ച് നാൾ നമ്മോട് കൂടി താമസിക്കും."

3. "വീടിനെ പറ്റി ഓർക്കുന്നത് ഡോക്ടർ തലത്തിന് ഒരു ലഹരിയായിരുന്നു. തന്റെ അമ്മ. തന്റെ അമ്മൂമ്മ... എന്നൊക്കെ വെച്ചാൽ."

(-വിശ്വരൂപം)

തന്നിരിക്കുന്ന സൂചനകൾ വിശകലനം ചെയ്ത് "മി. തലത്ത് എന്ന കഥാപാത: ത്തെ നിരൂപണം ചെയ്യുക.

ഉത്തരം :

"മിസ്റ്റർ തലത്ത്-കഥാപാത്ര നിരൂപണം

"വിശ്വരൂപം' എന്ന കഥയിലെ ഒരു കഥാപാത്രമാണ് മിസ്റ്റർ തലത്ത്. ന്യൂയോർക്കിൽ നയതന്ത്ര ഉദ്യോഗസ്ഥനാണ് മി. തലത്ത്. ഔദ്യോഗികമായി ഉയർന്ന സ്ഥാനത്തായിരുന്നുവെങ്കിലും പ്രസ്തുത സ്ഥാനത്ത് ഒരു അലങ്കാരമായി മാത്രമേ അദ്ദേഹത്തിന് ഇരിക്കാൻ പറ്റിയിരുന്നുള്ളൂ എന്ന് വേണം അനുമാനിക്കാൻ. കാര്യങ്ങൾ എല്ലാം നിയന്ത്രിച്ചിരുന്നതും തീരുമാനിച്ചിരുന്നതും മിസ്സിസ് തലത്തായിരുന്നു. അദ്ദേഹത്തിന്റെ പ്രാപ്തിയില്ലായ്മയാണ് കുഞ്ഞിക്കുട്ടിയമ്മയെ സ്ഥാനത്തെത്തിച്ചത്.

 ഔദ്യോഗിക കാര്യങ്ങളിലെ ന്നപോലെ ഭാര്യയേയും കുടുംബത്തേയും നിയന്ത്രിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. നാലുമക്കളും നാല് വഴിക്ക് പിരിഞ്ഞു പോവാനുള്ള ഒരു പ്രധാന കാരണവും അദ്ദേഹത്തിന്റെ ഇത്തരം നോട്ടക്കുറവോ പ്രാപ്തിക്കുറവോ ആയിരുന്നു. എല്ലാ കാര്യത്തിനും മിസ്സിസ് തലത്ത് വേണം എന്നതിന്റെ തെളിവാണ് "ഡോളിയില്ലെങ്കിൽ ഞാൻ വെറും നിഴലാണ് എന്ന പ്രസ്താവന. ഭാര്യയുടെ വിനീതദാസനായിരുന്നു അദ്ദേഹമെന്ന് പറയാം. കാര്യങ്ങൾ ഭാര്യയോട് തുറന്ന് പറയുവാൻ വേണ്ടത്ര ധൈര്യം അയാൾക്കുണ്ടായിരുന്നില്ല. അതിന്റെ ഉദാഹരണമാണ് സുധീറിനെ പരിചയപ്പെടുത്തുന്ന സന്ദർഭം. അഞ്ചാമതൊരു കുട്ടിയായിട്ടാണ് സുധീറിനെ പരിചയപ്പെടുത്തുന്നത്. മക്കളെ കൂടെ നിർത്തുന്നത് ഭാര്യക്കിഷ്ടമില്ല എന്ന് അയാൾക്കറിയാമായിരു ന്നു. എന്നിട്ടും അതിനെ ഭയപ്പാടോടെയാണ് മി. തലത്ത് നോക്കിക്കാണുന്നത്. ഇതേ സമയം വീട്ടിലുള്ളവരോട് അയാൾക്ക് വലിയ സ്നേഹവും ആദരവും ആയിരുന്നു. എങ്കിലും അത്തരം സ്നേഹവാത്സല്യങ്ങളിൽ പോലും ഒരു കുടുംബനാഥന്റെയോ അച്ഛന്റെയോ പദവിയിലേക്ക് ഉയരുവാൻ അദ്ദേഹത്തിന്   കഴിഞ്ഞിരുന്നില്ല.

ചോദ്യം 11.

"മാഡം തലത്ത് മരിച്ചുപോയി മോനേ, ഡോക്ടർ തലത്തിനോടൊപ്പം അവരും പോയി. ഇത് അമ്മയാണ്. താഴത്ത് കുഞ്ഞിക്കുട്ടിയമ്മ "മിസ്സിസ് തലത്ത് മാറി കുഞ്ഞിക്കുട്ടിയമ്മയാവുന്നു'.

- വാക്കുകൾ അവരുടെ ജീവിതത്തെ കുറിച്ച് നൽകുന്ന സൂചനകളെന്തെല്ലാം? വാക്യം വിശകലനം ചെയ്ത് കുറിപ്പ് തയ്യാറാക്കുക.

ഉത്തരം :

ലളിതാംബിക അന്തർജനത്തിന്റെ സമ്പൂർണ്ണ കഥകൾ എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് വിശ്വരൂപം എന്ന കഥ. പൈതൃകമായ എന്തിനെയും കൈവിട്ട് പാശ്ചാത്യ സംസ്കാരത്തിന്റെ പിറകെ പോകുന്ന സമകാലിക സമൂഹത്തിന്റെ കഥ പറയുകയാണ് ലളിതാംബിക അന്തർജനം വിശ്വരൂപം എന്ന കഥയിലൂടെ.

താഴത്ത് കുഞ്ഞിക്കുട്ടിയമ്മയിൽ നിന്ന് മിസ്സിസ് തലത്തിലേക്കുള്ള ദൂരം ഏറെയാണ്, തികച്ചും വ്യത്യസ്തമായ ജീവിതരീതിയായിരുന്നു മിസ്സിസ് തലത്ത് സ്വീകരിച്ചിരുന്നത്. വേഷത്തിലും പെരുമാറ്റത്തിലും ആർഭാടത്തിലുമെല്ലാം ഇത് പ്രകടമായിരുന്നു. മിസ്സിസ് തലത്ത് തന്റെ ഭർത്താവിനുവേണ്ടി രൂപപ്പെടുത്തിയതായിരുന്നു ജീവിതം. കാലത്തിനും ദേശത്തിനും അനുസരിച്ച് സ്വയം രൂപപ്പെടുത്തിയ ജീവിതം ആണെന്നു പറയാം. പക്ഷേ വൃദ്ധയായ മിസ്സിസ് തലത്തിന്റെ ഇപ്പോഴത്തെ താപസോചിതമായ വേഷത്തിൽ സുധീറിന് ബഹുമാനം തോന്നി. മാഡം എന്ന സംബോധന പോലും അവരിന്ന് ആഗ്രഹിക്കുന്നില്ല. ഡോക്ടർ തലത്തിനോടൊപ്പം മാഡം തലത്ത് മരിച്ചുപോയെന്നാണ് അവരുടെ പ്രതികരണം. താഴത്തു കുഞ്ഞിക്കുട്ടിയമ്മയായി ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് അവർ സുധീറിനോട് പറഞ്ഞത്. തന്റെ ജീവിതത്തിൽ വന്ന മാറ്റമാണ് വാക്കുകളിലൂടെ പ്രകടമാവുന്നത്.

ചോദ്യം 12.

"തങ്ങൾക്ക് രണ്ടുപേർക്കും പ്രിയപ്പെട്ടതായിരുന്നതും തങ്ങളെ കൂട്ടിയിണക്കിയിരുന്നതുമായഒരു വ്യക്തിയുടെ സ്മരണ അതിലൂടെ ഒലിച്ചിറങ്ങി. പ്രയോഗഭംഗി വിശദമാക്കി ഒരു കുറിപ്പ് തയ്യാറാക്കുക.

ഉത്തരം :

ലളിതാംബിക അന്തർജനത്തിന്റെ സമ്പൂർണ്ണ കഥകൾ എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് വിശ്വരൂപം എന്ന കഥ. പൈതൃകമായ എന്തിനെയും കൈവിട്ട് പാശ്ചാത്യ സംസ്കാരത്തിന്റെ പിറകെ പോകുന്ന സമകാലിക സമൂഹത്തിന്റെ കഥ പറയുകയാണ് ലളിതാംബിക അന്തർജനം വിശ്വരൂപം എന്ന കഥയിലൂടെ.

മിസ്സിസ് തലത്തിനെ അന്വേഷിച്ചെത്തിയ സുധീറിനും, മിസ്സിസ് തലത്തിനും പരസ്പരം തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒടുവിൽ അവരുടെയായ ശബ്ദങ്ങൾ വഴി അവർ തിരിച്ചറിയുന്നു. അതോടെ പറഞ്ഞറിയിക്കാൻ കഴിയാത്ത വിധമുള്ള വികാരവൈവശ്യത്താൽ അവർ പരസ്പരം കെട്ടിപ്പിടിക്കുകയും കണ്ണീരൊഴുക്കുകയും ചെയ്യുന്നു. ഭർത്താവ് നഷ്ടപ്പെട്ട കുഞ്ഞിക്കുട്ടിയമ്മയുടെഡോ. തലത്തിനെക്കുറിച്ചുള്ള ഓർമ്മകളാണ് അവരുടെ കണ്ണുകളെ നനയിപ്പിച്ചത്.  ജോലിയും കുടുംബത്തിലെ പുതിയസ്ഥാനവും നൽകിയ ഡോ. തലത്തിന്റെ വിയോഗത്തിൽ ദു:ഖിക്കുന്ന സുധീറിന്റെയും കണ്ണീരിന്റെ നനവുകളാണ് അത്. ഡോ.തലത്ത് എന്ന വ്യക്തിയുടെ സ്മരണ രണ്ടുപേരുടെയും ഹൃദയത്തിൽ തെളിയുന്ന ചിത്രം വ്യക്തമാക്കാൻ "തങ്ങൾക്ക് രണ്ടുപേർക്കും പ്രിയപ്പെട്ടതായിരുന്നതും തങ്ങളെ കൂട്ടിയിണക്കിയിരുന്നതുമായ ഒരു വ്യക്തിയുടെ സ്മരണ അതിലൂടെ ഒലിച്ചിറങ്ങി എന്ന പ്രയോഗത്തിന് കഴിയുന്നു.

ചോദ്യം 13.

നീയോ സുധീർ!

നീ...നീ.ഇവിടെ. ഇപ്പോൾ? -

ആഖ്യാനരീതിയുടെ സവിശേഷതകൾ കുറിക്കുക.

ഉത്തരം :

ലളിതാംബിക അന്തർജനത്തിന്റെ സമ്പൂർണ്ണ കഥകൾ എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് വിശ്വരൂപം എന്ന കഥ. ജനിച്ചുവളര്‍ന്ന നാടിന്റെ നന്മകളെല്ലാം കൈവിട്ട് പാശ്ചാത്യ സംസ്കാരത്തിന്റെ പിറകെ പോകുന്ന സമകാലിക സമൂഹത്തിന്റെ കഥ പറയുകയാണ് ലളിതാംബിക അന്തർജനം വിശ്വരൂപം എന്ന കഥയിലൂടെ.

ലളിതാംബിക അന്തർജനത്തിന്റെ വിശ്വരൂപം എന്ന കഥയിലെ സന്ദർഭമാണിത്. വർഷങ്ങൾക്കു ശേഷം മിസ്സിസ് തലത്തും സുധീറും കണ്ടുമുട്ടുകയാണ്. രൂപം കൊണ്ട് പരസ്പരം തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും ശബ്ദം കൊണ്ട് അവർ തിരിച്ചറിഞ്ഞു.

സുധീറിനെ കണ്ടതിലുള്ള ആഹ്ലാദവും അമ്പരപ്പുമെല്ലാമാണ് മിസ്സിസ് തലത്തിന്റെ വാക്കുകളിൽ പ്രകടമാകുന്നത്. മിസ്സിസ് തലത്തിന്റെ വൈകാരികാവസ്ഥ വെളിപ്പെടുത്തുകയാണ് സംഭാഷണത്തിൽ. സംഭാഷണത്തിലെ ആവർത്തനവും ഇടയ്ക്കുള്ള മൗനവുമെല്ലാം അവരുടെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്നു. കഥാ സന്ദർഭത്തിനിണങ്ങുന്ന ആഖ്യാനരീതിയാണ് കഥാകൃത്ത് സ്വീകരിച്ചിരിക്കുന്നത്.

ചോദ്യം 14.

"സുധീർ ഇപ്പോഴാണ് വാസ്തവത്തിൽ ഞെട്ടിയത് - വാക്യത്തിന്റെ പൊരുൾ കണ്ടത്തി എഴുതുക?

ഉത്തരം :

ലളിതാംബിക അന്തർജനത്തിന്റെ സമ്പൂർണ്ണ കഥകൾ എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് വിശ്വരൂപം എന്ന കഥ. പൈതൃകമായ എന്തിനെയും കൈവിട്ട് പാശ്ചാത്യ സംസ്കാരത്തിന്റെ പിറകെ പോകുന്ന സമകാലിക സമൂഹത്തിന്റെ കഥ പറയുകയാണ് ലളിതാംബിക അന്തർജനം വിശ്വരൂപം എന്ന കഥയിലൂടെ.

സമ്പന്നയും പരിഷ്കാരിയും തന്റേടിയുമായ മിസ്സിസ് തലത്തിന് ഒരു ചക്രവർത്തിനിയുടെ ഭാവമായിരുന്നു. തന്റെ നാലുകുട്ടികളേയും അവർ ലാളിച്ചും സ്നേഹിച്ചും വളർത്തിയതേയില്ല. അവർ പലയിടത്തായി പല വഴിക്കു വളർന്നു. അമ്മയുടെ വാത്സല്യം മക്കളോ മക്കളുടെ സ്നേഹം അമ്മയോ അനുഭവിച്ചിട്ടില്ല.

മിസ്സിസ് തലത്തിന്റെ ജീവിതകാഴ്ചപ്പാട് അതായിരുന്നു. എന്നാൽ കുട്ടികളെ ബോർഡിങ്ങിൽ അയയ്ക്കാതെ അമ്മയുടെ കൂടെ വളർത്തണമെന്നും അവരെ ശാസിക്കുകയും സ്നേഹിക്കുകയും വേണമെന്നും ഇപ്പോൾ മിസ്സിസ് തലത്ത് പറയുമ്പോൾ സുധീർ അമ്പരക്കുകയാണ്. മിസ്സിസ് തലത്തിന് വന്ന മാറ്റം ഉൾക്കൊള്ളാൻ സുധീറിന് പെട്ടെന്നു കഴിയുന്നില്ല. അവസ്ഥയാണ് സുധീർ ഞെട്ടിയെന്ന് കഥാകൃത്ത് പറയുന്നത്.

 

ആറു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം 15.

1. 'നാഗരികതയുടെ പൊങ്ങച്ചത്തിൽ നിന്നും ഗ്രാമീണതയുടെ നന്മയിലേക്ക് ഇറങ്ങിവരുന്നു.'

2. 'യഥാർത്ഥ സ്നേഹത്തിന്റെ ശക്തി അനുഭവത്തിലൂടെ തിരിച്ചറിയുന്നു.

-സൂചനകൾ വിശകലനം ചെയ്ത് കൂടുതൽ സന്ദർഭങ്ങൾ കണ്ടെത്തി മിസ്സിസ് തലത്തിന്റെ കഥാപാത്ര നിരൂപണം നടത്തുക.

ഉത്തരം :

മിസ്സിസ് തലത്ത്

ലളിതാംബികാ അന്തർജനത്തിന്റെ "വിശ്വരൂപം' എന്ന കഥയിലെ ശക്തമായ ഒരു കഥാപാത്രമാണ് മിസ്സിസ് തലത്ത്. ജനിച്ചുവളര്‍ന്ന നാടിന്റെ നന്മകളെല്ലാം കൈവിട്ട് പാശ്ചാത്യ സംസ്കാരത്തിന്റെ പിറകെ പോകുന്ന ഇക്കാലത്തിന്റെ പ്രതിനിധിയാണ് കഥാപാത്രം.

പണത്തിലും പ്രശസ്തിയിലും അധികാരത്തിലും ഒക്കെയാണ് മിസ്സിസ് തലത്തിന്റെ ആകർഷണം. അതിനുള്ള ഒരു സന്ദർഭവും അവർ ഒഴിവാക്കില്ല. കല്യാണം കഴിയുന്നതോടെയാണ് അവർ തനിരൂപം കാണിക്കാൻ തുടങ്ങുന്നത്. നയതന്ത്ര ഉദ്യോഗ സ്ഥന്റെ ഭാര്യയായ അവർ നാട്ടിൻപുറത്തുകാരിയെ മറന്നു. ഉടുപ്പിലും നടപ്പിലും എല്ലാം തനി മദാമ്മയെപ്പോലെസൊസൈറ്റി ലേഡി"യായി.

മക്കളെപ്പോലും അവർ ശ്രദ്ധിക്കുന്നില്ല. അവരെ ബോർഡിങ്ങുകളിലും മറ്റുമായാണ് പഠിപ്പിച്ചത്. പലപ്പോഴും ഭർത്താവിനെ അവരുടെ നിഴൽ പോലെ തളച്ചിടാനാണ് അവർ ശ്രമിച്ചത്. ഭർത്താവ് മരിച്ചതോടെയാണ് അവർ അവരുടെ യഥാർത്ഥ ജീവിതധർമ്മത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങുന്നത്. അപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. മക്കൾ നാലും നാലു വഴിക്കായി. ഒടുവിൽ നാട്ടിൻ പുറത്ത്. തിരിച്ചെത്തി.

ശരീരം കൊണ്ടും മനസ്സുകൊണ്ടും തനി നാട്ടിൻപുറത്തുകാരിയായി മാറുന്നു. തന്റെ മക്കൾക്ക് നൽകാത്ത സ്നേഹം സുധീർ എന്ന ചെറുപ്പക്കാരന് നൽകി അയാളെ കെട്ടിപ്പിടിച്ചു കരയുന്ന രംഗം ആരെയും കരയിപ്പിക്കുന്നതാണ്.

ചുരുക്കത്തിൽ പാശ്ചാത്യ സംസ്കാരത്തിന്റെ തിക്തതകൾ അനുഭവിച്ച് പൗരസ്ത്യ ജീവിതത്തിന്റെ സ്നേഹസമ്പന്നതയിലേക്ക് തിരിച്ചെത്തുകയാണ് അവർ. സ്ത്രീത്വത്തിന്റെ യഥാർത്ഥ ധർമ്മം തിരിച്ചറിയുകയാണ് തലത്ത്.

ചോദ്യം 16.

"രാവിലൊന്നുണരുമ്പോളമ്മയ്ക്ക് കൈ നീളുന്നു പൂവുടലേതോ തൊട്ടുതടവാൻ, തഴുകുവാൻ, ഏറെ നാളായി കുനുകുന്തളച്ചുരുൾച്ചാർത്താർ ന്നോരിളംശിരസ്സുതന്മാർ ചേർന്നിട്ടെന്നാകിലും" - (ബാലാമണിയമ്മ) . വരികളിൽ ആവിഷ്കരിച്ച മാതൃഭാവം മിസ്സിസ് തലത്ത് എന്ന കഥാപാത്രത്തിന് എത്രത്തോളം ഇണങ്ങുന്നുണ്ട് ? കഥ വിശകലനം ചെയ്ത് കഥാപാത്രനിരൂപണം തയ്യാറാക്കുക.

ഉത്തരം :

മിസ്സിസ്സ് തലത്ത്

ശ്രീമതി ലളിതാംബിക അന്തർജനത്തിന്റെ അതി മനോഹരമായ ഒരു കഥയാണ് സ്ത്രീത്വത്തിന്റെ യഥാർത്ഥരൂപം വെളിപ്പെടുത്തുന്ന വിശ്വരൂപം എന്ന കഥ. അതിലെ മുഖ്യകഥാപാത്രമാണ് മിസ്സിസ്സ് തലത്ത്. അവരെ ചുറ്റിപ്പറ്റിയാണ് വിശ്വരൂപം എന്ന ചെറുകഥ ഇതൾ വിരിയുന്നത്. സ്ത്രീ ജന്മത്തിന്റെ രണ്ടവസ്ഥകൾ അതീവ ഹൃദ്യമായി കഥയിൽ നമുക്ക് കാണാം. അമ്മ എന്നത് മാതൃഭാവത്തിന്റെ അതിലോലമായ ഹൃദയഭാവമാണ്. അമ്മ എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ ഹൃദയാന്തരങ്ങളിലേക്ക് കടന്നുവരിക സ്നേഹോഷ്മളമായ സ്നേഹപ്രകടനത്തിന്റയും, വാത്സല്യത്തിന്റേയും, മാതൃത്വത്തിന്റെയും അനുസ്മരണങ്ങളാണ്. എന്നാൽ അത്തരമൊരു മാനസീകാവസ്ഥ കൈമോശം വന്ന കഥാപാത്രമായിട്ടാണ് മിസ്സിസ്സ് തലത്ത് കഥയിൽ പ്രത്യക്ഷപ്പെടുന്നത്. അമ്മയെന്ന വികാരത്തെക്കുറിച്ചു പറയുമ്പോൾ നമുക്ക് ബാലാമണിയമ്മയുടെ കവിതാശകലങ്ങൾ ഒന്ന് നോക്കാം. നാലു വരികളിൽ സ്നേഹമയിയായ ഒരമ്മയുണ്ട്. അവരുടെ സ്നേഹമുണ്ട്. മക്കളെക്കുറിച്ചുള്ള അവരുടെ ആകാംക്ഷയുണ്ട്, സംതൃപ്തിയുണ്ട്. ചുരുക്കത്തിൽ ഒരമ്മയുടെ ഹൃദയവായ്പുകളാണ് ആദ്യശകലം.

കുനുകുനുങ്ങനെയുള്ള ചുരുൾമുടിയാർന്ന ഇളം ശിരസ്സുമായി അമ്മയുടെ മാറിൽ തന്നെ കുഞ്ഞ് ഉറങ്ങിക്കിടക്കുന്നു. എങ്കിലും രാവിൽ അറിയാതുണരുന്ന അമ്മ ഉറങ്ങിക്കിടക്കുന്ന കുത്തിനെ തൊട്ടുനോക്കാനായി കൈ പായിക്കുന്നു. സ്വന്തം മാറിലാണ് കുഞ്ഞ്. എന്നിട്ടും അമ്മ കുഞ്ഞ് അവിടെ തന്നെ ഉണ്ടോ എന്ന് ഉറപ്പുവരുത്തുവാൻ വേണ്ടി തൊട്ടുനോക്കുന്നു. ഒരമ്മയുടെ കുഞ്ഞിനോടുള്ള സ്നേഹത്തിന്റേയും, ആകാംക്ഷയുടേയും പ്രത്യക്ഷ ഉദാഹരണമാണിത്.

ഒരമ്മയുടെ മാതൃവാത്സല്യത്തിന്ന് ഇതിലും വലിയ ഉദാഹരണങ്ങൾ അന്വേഷിക്കേണ്ടതില്ല. എന്നാൽ ഇത്തരത്തിൽ മക്കളെ അതിയായി സ്നേഹിച്ചിരുന്ന ഒരു മാതാവായിരുന്നില്ല മിസ്സിസ്സ് തലത്ത്. ഒരു പക്ഷേ മാതൃസ്നേഹം  എന്തന്നറിയാതെയാണ് അവർ വളർന്നത് എന്ന് പറയാം. പൊതുവെ കുഞ്ഞുങ്ങളെ അവർക്കിഷ്ടമുണ്ടായിരുന്നില്ല. അവർക്ക് സ്നേഹിക്കുവാനായിരുന്നില്ല ഇഷ്ടം. മറിച്ച് ശാസിക്കാനായിരുന്നു. ഭർത്താവിന്റെ ഓഫീസ് കാര്യങ്ങളിൽ പോലും ഇടപെടുകയും അവിടുത്തെ സ്റ്റാഫിനെപോലും ശാസിക്കുവാനും അവർ തയ്യാറാവുന്നു. അത്തരം ഒരു നിലപാടാണ് സ്വന്തം കുട്ടികളുടെ കാര്യത്തിലും അവർ കൈക്കൊണ്ടത്. നാല് മക്കൾ അവർക്കുണ്ടായിരുന്നു. എന്നാൽ മക്കളെ എല്ലാം അവർ വളർത്തിയത് ബോർഡിംഗിൽ ചേർത്തായിരുന്നു. മക്കൾക്ക് വേണ്ട സ്നേഹവും പരിചരണവും. കൊടുക്കേണ്ട കാലത്ത് അത് നൽകാതെ ഭർത്താവിന്റെ ഔദ്യോഗിക കാര്യങ്ങളിൽ പ്രവർത്തിക്കുവാനാണ് ശ്രമിച്ചത്. മാത്രമല്ല ഒഴിവുസമയങ്ങൾ സൊസൈറ്റി ലേഡിയായി പാർക്കുകളിലും ക്ലബ്ബുകളിലും പോകാനുമായി ചെലവഴിച്ചു. മാതൃഭാവത്തിന്റെ ഊഷ്മളമായ ഭാവങ്ങളൊന്നും തന്നെ കഥാപാത്രത്തിൽ നമുക്ക് കാണാൻ കഴിയുകയില്ല. ഇതിന് നല്ലൊരു ഉദാഹരണം നമ്മുടെ മുന്നിലുണ്ട്.

ഒരു ദിവസം മിസ്റ്റർ തലത്ത് ഓഫീസ് കാര്യങ്ങളിൽ സഹായിക്കുന്ന ഒരു ആൺകുട്ടിയുമായാണ് വീട്ടിൽ എത്തിയത്. എന്നിട്ട് നമുക്ക് അഞ്ചാമതായി ഒരു ആൺകുട്ടി കൂടി ഉണ്ടായിരിക്കുന്നു എന്ന് കരുതിയാൽ മതി എന്നു പറയുന്നു. കൂട്ടത്തിൽ എന്നാൽ അവൻ ഇവിടെ നമ്മളോടൊപ്പം കുറച്ചുകാലം ഉണ്ടാവും എന്ന് പരിഹസിക്കുന്നു. ഇതിൽ നിന്ന് തന്നെ ഭാര്യക്ക് മക്കളോടുള്ള സ്നേഹം എത്രത്തോളം ഉണ്ട് എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു.

മാതാവ് എന്ന നിലയിൽ അവരെ സ്നേഹിക്കുവാനും പരിചരിക്കുവാനും അവരുടെ ഭാവിയിൽ ഉത്കണ്ഠപ്പെടാനും ഒരമ്മയ്ക്ക് കഴിയണം. മിസ്സിസ് തലത്ത് അത്തരത്തിൽ ചിന്തിക്കില്ല എന്ന് മാത്രമല്ല കുഞ്ഞുങ്ങളെ പാടെ അവഗണിക്കുകയും ചെയ്യുന്നു. അതിന്റെ മാരകമായ അനന്തരഫലം അവർ അനുഭവിക്കുകയും ചെയ്തു.

ഭർത്താവ് മരിച്ചതോടെയാണ് അവസാന കാലത്ത് മക്കളെ ഉണ്ടാവൂ എന്ന കാര്യം അവർ തിരിച്ചറിഞ്ഞത്. അവർ മക്കളുടെ അരികിലേക്ക് താമസം മാറ്റുവാൻ ഒരു ശ്രമം നടത്തുന്നു. പക്ഷെ അപ്പോഴേക്കും സമയം ഏറെ വൈകിപ്പോയിരുന്നു. മക്കൾ നാലും നാലുവഴിയിലായിരുന്നു. ഇന്ത്യയിലും വിദേശത്തുമായിരുന്നു അവരുടെ ജീവിതം. ആത്മാർത്ഥത നിറഞ്ഞ ഒരു സമീപനം അവരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. അങ്ങനെ അവർ തന്റെ നാട്ടിൻ പുറത്ത് തന്നെ തിരിച്ചെത്തുന്നു. മനസ്സുകൊണ്ടും ശരീരം കൊണ്ടും അവർ തനി നാട്ടിൻപുറത്തുകാരിയായിമാറുന്നു. തന്റെ സ്വത്വം തിരിച്ചറിയുന്നു. തന്നിലെ അമ്മയെ തിരിച്ചറിയുന്നു. അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സുധീറിനെ ഹൃദയപൂർവ്വം കെട്ടിപ്പിടിച്ചത്. സ്വന്തം മക്കളെ കെട്ടിപ്പിടിക്കുന്നതിലെ ആനന്ദം തിരിച്ചറിഞ്ഞ അവരുടെ കണ്ണുകളിൽ നിന്ന് കണ്ണുനീർത്തുള്ളികൾ അടർന്ന് വീണു. ആരും കാണാതെ അവരത് തുടയ്ക്കുമ്പോൾ ആസ്വാദകരുടെ കണ്ണുകളും ഒരു പക്ഷേ നിറയും.

ഒടുവിൽ ആത്മസത്ത തിരിച്ചറിഞ്ഞ മിസ്സിസ്സ് തലത്ത് കല്യാണം കഴിക്കാൻ പോകുന്ന സുധീറിന്ന് നല്ലൊരു ഉപദേശം തന്നെ കൊടുക്കുന്നു. ഭാര്യയോടെങ്ങനെ പെരുമാറണമെന്നും മക്കളെ എങ്ങനെ വളർത്തണമെന്നും ഒക്കെ സുധീറിനെ ഉപദേശിക്കുന്നു. താൻ നഷ്ടപ്പെടുത്തിയത് മറ്റൊരാൾക്കെങ്കിലും അനുഭവവേദ്യമാകുവാൻ അവരാഗ്രഹിക്കുന്നു. ചുരുക്കത്തിൽ പാശ്ചാത്യ സംസ്കാരത്തിന്റെ പിന്നാലെ പാഞ്ഞു പോകുന്ന സ്ത്രീസമൂഹത്തിന്ന് പൗരസ്ത്യ ജീവിതത്തിന്റെ നൈർമ്മല്യഭാവങ്ങളെ കാണിച്ചു കൊടുക്കുന്ന നല്ലൊരു മിഴിവാർന്ന കഥാപാത്രമാണ് മിസ്സിസ്സ് തലത്ത്.

ചോദ്യം 16.

സ്ത്രീത്വത്തിന്റെ വിശ്വരൂപമാണോ വിശ്വരൂപം എന്ന  കഥയിൽ ആവിഷ്കരിക്കുന്നത്? ഉപന്യാസം തയ്യാറാക്കുക.

ഉത്തരം :

ലളിതാംബിക അന്തർജനത്തിന്റെ സമ്പൂർണ്ണ കഥകൾ എന്ന കൃതിയിൽ നിന്ന് എടുത്തു ചേർത്തതാണ് വിശ്വരൂപം എന്ന കഥ. പൈതൃകമായ എന്തിനെയും കൈവിട്ട് പാശ്ചാത്യ സംസ്കാരത്തിന്റെ പിറകെ പോകുന്ന സമകാലിക സമൂഹത്തിന്റെ കഥ പറയുകയാണ് ലളിതാംബിക അന്തർജനം വിശ്വരൂപം എന്ന കഥയിലൂടെ. കഥയിലെ ശക്തമായ ഒരു കഥാപാത്രമാണ് മിസ്സിസ് തലത്ത്. സ്ത്രീ എന്ന അവസ്ഥയുടെ രണ്ട് തലങ്ങൾ കഥയിൽ സസൂക്ഷ്മം അവതരിപ്പിക്കപ്പെടുന്നു. നമ്മൾ ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന സ്ത്രീയുടെ രണ്ട് അവസ്ഥകൾ.

ഒന്ന് സ്ത്രീയുടെ സഹജമായ ജന്മവാസനകൾ അവഗണിച്ച് തികച്ചും സ്വതന്ത്രമായ മാർഗത്തിലൂടെ നടക്കുന്ന ഒരു സ്ത്രീ. മറ്റത് കുടുംബ സാഹചര്യങ്ങളിൽ തളച്ചിടുന്ന പരമ്പരാഗതമായ ശൈലിയിൽ ജീവിക്കപ്പെടുന്ന ഒരു സ്ത്രീ. രണ്ട് അവസ്ഥകളുടേയും സാഹചര്യങ്ങളും അനന്തരഫലവും കഥയിലൂടെ അന്തർജ്ജനം വ്യക്തമാക്കുന്നു. തുടർന്ന് മിസ്സിസ് തലത്ത് എന്ന കഥാപാത്രത്തിലൂടെ രണ്ടാമത്തെ അവസ്ഥയിലെത്തിയസ്ത്രീ' യാണ് സമൂഹനന്മയുടെ പ്രതീകമായി പ്രതിഷ്ഠിക്കുകയും. സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ ഒരു സ്ത്രീജന്മത്തിന്റെ യഥാർത്ഥരൂപം തന്നെ യാണ് ലളിതാംബിക നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. യഥാർത്ഥരൂപം എന്ന് പറയുമ്പോൾ നൈസർഗികമായ ചോദനകളാൽ

ജീവിക്കുന്ന ഒരു "സ്ത്രീ എന്നേ അവർ ഉദ്ദേശിക്കുന്നുള്ളൂ. നമ്മുടെ കുടുംബ

സാഹചര്യങ്ങളിലും സാമൂഹ്യസാഹചര്യങ്ങളിലും എല്ലാം പഴയ കാലം തൊട്ടേ സ്ത്രീ വീട്ടുഭരണത്തിനും കുഞ്ഞുങ്ങളെ പ്രസവിക്കാനും അവരുടെ പരിചരണത്തിനും വേണ്ടി ഉള്ളവരാണ് എന്നൊരു ധാരണയാണുള്ളത് എന്നാൽ കാലമേറെ പുരോഗമിച്ചപ്പോൾ അത്തരം ചിന്തകളൊക്കെ മാറി പുരുഷനോടൊപ്പം സ്ത്രീ എന്ന സങ്കൽപം ശക്തപ്പെട്ടു. അവളും വിദ്യാസമ്പന്നയായി. പുരുഷനെപ്പോലെത്തന്നെ ഉദ്യോഗകാര്യങ്ങളിലടക്കം ഇടപെടുവാനും സഹകരിക്കുവാനും ഇടവന്നു.

ഇത്തരം ഒരു സാഹചര്യത്തിൽ സ്ത്രീപുരുഷബന്ധങ്ങളിലും കുടുംബബന്ധങ്ങളിലും ഉണ്ടായേക്കാവുന്ന ചില പ്രയാസങ്ങൾ എടുത്ത് കാണിക്കുകയാണ് അന്തർജ്ജനം.

നാട്ടിൻപുറത്തുകാരിയായ കുഞ്ഞുക്കുട്ടി അമ്മ വിദേശത്തെത്തിയതോടെ ആകെ മാറുന്നു. അതുവരെ ജീവിച്ചിരുന്ന ഒരു സ്ത്രീയെയല്ല നാം അവിടെ കാണുന്നത്. ഭർത്താവിനെ ഭരിക്കുന്ന, അദ്ദേഹത്തിന്റെ ജോലിയിൽ വരെ ഇടപെടുന്ന കണിശക്കാരിയായ, ജോലിക്കാരെ ഭരിക്കുന്ന കുട്ടികളെപ്പോലും അകറ്റി നിർത്തുന്ന മറ്റൊരു സ്ത്രീയായി മാറുന്നു.

ഭർത്താവിന്റെ മരണത്തോടെ അവർ അത്തരമൊരു ജീവിതത്തിന്റെ തിക്തഫലം തിരിച്ചറിയുകയും ചെയ്യുന്നു. പഴയ സാഹചര്യങ്ങളിലേക്ക് തിരിച്ചെത്തുന്നു. പഴയ നാട്ടിൻപുറത്തുകാരിയായി മക്കളെ സ്നേഹിക്കുകയും ശാസിക്കുകയും ചെയ്ത് വളർത്തുന്ന അമ്മയുടെ, സ്ത്രീയുടെ വിശ്വരൂപമാണ് കഥയുടെ അവസാനത്തിൽ സുധീർ കാണുന്നത്.

ചുരുക്കത്തിൽ സ്ത്രീയുടെ മൗലികമായ ധർമ്മങ്ങളിൽ ഊന്നൽ കൊടുത്ത് ജീവിക്കുന്ന സ്ത്രീത്വത്തിന്റെ വിശ്വരൂപം തന്നെയാണ് അന്തർജ്ജനം കഥയിലൂടെ ആവിഷ്കരിക്കുന്നത്

കുടുംബകാര്യങ്ങളിലും മറ്റും ശ്രദ്ധിക്കാതെ, സ്വന്തം മക്കൾക്കു സ്നേഹം നൽകാതെ ജീവിക്കുന്ന പച്ചപ്പരിഷ്കാരത്തിന്റെ നേർക്കുള്ള വിമർശനമാണ്, പരോക്ഷമായി പറഞ്ഞാൽ കഥയിലെ വിഷയം. സ്ത്രീ പ്രകൃതിയാണെന്നും അവളുടെ പ്രാഥമിക ഉത്തരവാദിത്വം സ്വന്തം കുടുംബത്തോടും മക്കളോടും ആണെന്നും അതിനപ്പുറമാണ് നമ്മുടെ പരിഷ്കാരവും സ്വതന്ത്രചിന്തകളും എല്ലാം എന്നുള്ള ചിത്രമാണ് എഴുത്തുകാരി അവതരിപ്പിക്കുന്നത്

ചോദ്യം 17.

"കുട്ടികളെ അമ്മ തന്നെ വളർത്തണം. ശാസിക്കയും ലാളിക്കയും കൂട്ടുകൂടുകയും വേണം. എങ്കിലേ അമ്മ എന്നത് കുട്ടികളുടെ ഒരു ഭാഗവും കുട്ടികൾ അമ്മയുടെ ഒരു ഭാഗവുമായിത്തീരുകയുള്ളൂ." മിസ്സിസ് തലത്തിന്റെ അഭിപ്രായം ലിംഗസത്വം, കുട്ടികളുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തി വിലയിരുത്തുക.

ഉത്തരം :

ലളിതാംബിക അന്തർജ്ജനത്തിന്റെ അതിസുന്ദരവും ധാരാളം ചർച്ച ചെയ്യപ്പെട്ടതുമായ ഒരു കഥയാണ് "വിശ്വരൂപം', സ്ത്രീ നിലയിൽ ഒരു വ്യക്തിയുടെ അടിസ്ഥാന ഭാവമെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കഥയുടെ അന്തർഭാവം എന്ന് പറയാം.

സ്ത്രീ അത്യന്തികമായി കുട്ടികളെ പ്രസവിക്കുവാനും വളർത്തുവാനും ഉള്ളതാണ് എന്ന പരമ്പരാഗത സങ്കല്പത്തെ അടിവരയിട്ടുറപ്പിക്കുന്ന കഥയാണ് "വിശ്വരൂപം" എന്ന കഥ. തനി നാട്ടിൻപുറത്തുകാരിയായ ഒരു സ്ത്രീ, കല്യാണം കഴിയുന്നതോടെ ഭർത്താവിനൊത്ത് പുതിയൊരു ജീവിതാനുഭവവുമായി പാലക്കാട്ടെ കുഗ്രാമത്തിൽ നിന്ന് പടിഞ്ഞാറ് വിദേശ രാജ്യത്തെത്തുന്നു.

അവിടെയെത്തിയതോടെ പൗരസ്ത്യമായ ജീവിത രീതികളും സങ്കൽപങ്ങളും എല്ലാം അവഗണിച്ചുകൊണ്ട് തീർത്തും പടിഞ്ഞാറൻ സംസ്കാരം ഉൾക്കൊള്ളുന്ന ഒരു പച്ച പരിഷ്കാരിയായി അവർ മാറിപ്പോകുന്നു. വീണ്ടും ഭർത്താവിന്റെ നിര്യാണത്തെ തുടർന്ന് ജീവിതം നൽകിയ പുതിയ അനുഭവങ്ങളുമായി സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തുന്നു.

 അനുഭവങ്ങൾ അവരെ ആകെ മാറ്റിമറിച്ചു. തിരിച്ചെത്തിയ അവർ തന്നിലെ സ്ത്രീത്വവും അതിന്റെ ജന്മവാസനകളും തിരിച്ചറിയുന്നു. ഇതാണ് കഥയിലെ പ്രമേയം. വളരെക്കാലത്തിന് ശേഷം അവരെക്കാണാനെത്തിയ സുധീർ എന്ന കല്യാണം കഴിയാത്ത ചെറുപ്പക്കാരന്ന് മിസ്സിസ് തലത്ത് നൽകുന്ന ഉപദേശങ്ങളിലാണ് ഇപ്രകാരം പറയുന്നത്. ധാരാളം ചർച്ച ചെയ്യപ്പെടേണ്ട് ഒന്നാണിത്. വ്യത്യസ്തമായ പല അന്തർ ധാരകളും ഇവിടെയുണ്ട്.

ഒരേ സമയം സ്ത്രീ പുരുഷ സമത്വത്തിന്റേയും ലിംഗസമത്വത്തിന്റേയും വാതിലുകളാണ് വാക്കുകളിൽ കിടക്കുന്നത്. ഒറ്റ വായനയിൽ നോക്കുമ്പോൾ "സ്ത്രീപുരുഷ സമത്വം' എന്ന ചിന്താധാരയ്ക്ക് കടയ്ക്കൽ കത്തിവെക്കുന്നതാണ് ഇതെന്ന് തോന്നാം. സ്ത്രീയും പുരുഷനും സൃഷ്ടിപരമായും സാമൂഹ്യപരമായും ഒന്നാണെന്നാണ് ആധുനികമായ കാഴ്ചപ്പാട്. ശാരീരികമായ പ്രത്യേകതകൾ മാത്രമേ അവരെ വേർതിരിക്കുന്നുള്ളൂ. മറ്റെല്ലാകാര്യങ്ങ അവർ തുല്യരാണ്.

അതിനാൽ സാമൂഹ്യമായും ഗാർഹികവും മറ്റുമായ യാതൊരു വേർതിരിവുകളും അനുവദിക്കപ്പെടുന്നില്ല എന്നതാണ് ആധുനികമായ സ്ത്രീപുരുഷ സമത്വത്തിന്റെ അല്ലെങ്കിൽ ലിംഗസമത്വത്തിന്റെ ആശയം. പുത്തൻ ആശയത്തിന്റെ എല്ലാ ഗുണഭോക്താവുമായിരുന്നു മിസ്സിസ് തലത്ത്. ഒരു കണക്കിൽ പറഞ്ഞാൽ ഭർത്താവായ പുരുഷനേക്കാൾ അവർ സ്വാതന്ത്ര്യം അനുഭവിച്ചു.

എല്ലാം തന്റേതാക്കി മാറ്റാനുള്ള ശ്രമത്തിൽ അവർ വിജയിച്ചു. പക്ഷേ അതിനിടയിൽ തന്റേതായ സമത്വചിന്തകൾക്ക് പ്രാമുഖ്യം നൽകിയപ്പോൾ അവർ നഷ്ടപ്പെടുത്തിയത് തന്റെ തന്നെ കുട്ടികളുടെ അവകാശങ്ങളാണ്. എല്ലാ

സ്വാതന്ത്ര്യങ്ങളും ഭാര്യാഭർത്താക്കന്മാർ അനുഭവിക്കുമ്പോൾ അവരുടേതായി ഭൂമിയിലേക്ക് വരുന്ന പുതിയ തലമുറയായ കുട്ടികളോടും നീതി കാണിക്കേണ്ടതുണ്ട്. അക്കാര്യത്തിൽ പരാജയപ്പെട്ടുപോയ ഒരു സ്ത്രീയാണ് മിസ്സിസ് തലത്ത്. അവർ കുട്ടികളെ ശരിയാംവണ്ണം പരിചരിച്ചില്ല. തനിക്കൊപ്പം ചേർത്ത് വളർത്തിയില്ല. അമ്മയുടെ യാതൊരു സംസർഗവും കിട്ടാതെ ബോർഡിംഗുകളിലെ നാലു ചുമരുകൾക്കുള്ളിൽ അവർക്ക് അവരുടെ ബാല്യകാലം കഴിക്കേണ്ടി വന്നു. അച്ഛന്റേയും അമ്മയുടേയും അരികിൽ അവരുടെ സ്നേഹവാത്സല്യങ്ങൾ നുണഞ്ഞ് വളരുക എന്നത് ഏതൊരു കുട്ടിയുടെയും അവകാശവും മോഹവുമാണ്.

അതെല്ലാമാണ് തലത്ത് തട്ടിത്തെറിപ്പിച്ചത്. അവകാശം എന്നതിലപ്പുറത്ത് അതൊരു നൈസർഗ്ഗികമായ താൽപര്യവും കൂടിയായിരുന്നു. പ്രകൃതിയിൽ നോക്കിയാൽ നമുക്കത് കാണാം. ഏതൊരു ക്രൂരസ്വഭാവമുള്ള ജന്തുവായാലും സ്വന്തം മക്കളുടെ അരികിൽ അവർ ഹൃദയാലുക്കളാണ്. എന്നാൽ ഇവിടെ കഥയിലെ നാലു കുട്ടികളും വളരുന്നത് സ്നേഹനിരാസത്തിന്റെ കളിത്തൊട്ടിലിലാണ്. പണം കൊടുത്ത് വാങ്ങുന്ന സ്നേഹമേ അവർക്ക് ഹോസ്റ്റലുകളിൽ നിന്ന് കിട്ടിക്കാണുകയുള്ളൂ. അതിന്റെ ഫലം മാരകമായിരുന്നു. സ്വന്തം - അമ്മയെ അവർ മറന്നു. വാർദ്ധക്യസഹജമായ ലക്ഷണങ്ങളോടെ തങ്ങളെ കാണാനെത്തെത്തിയ അമ്മയെ അവർ അവഗണിച്ചു. അവഗണന സഹിക്കാൻ കഴിയാതെ അവർക്ക് തിരിച്ച് പോരേണ്ടി വരുന്നു. കുട്ടികൾക്ക് യാന്ത്രികമായി വിദ്യാഭ്യാസമോ ആഹാരമോ പാർപ്പിടമോ ഉണ്ടാക്കിക്കൊടുത്താൽ പോര. അവർ തന്റെ കുടുംബത്തിന്റെ ഭാവിയിലെ സമ്പത്ത് കൂടിയാണെന്ന് നാം തിരിച്ചറിയണം. അതാണ് മിസ്സിസ് തലത്തിന് ഇല്ലാതെ പോയത്. തിരിച്ചറിവിന്റെ ഫലമായി അവർ സ്വയം മാറി. ഇങ്ങനെ സ്വയം മാറി സ്ത്രീത്വത്തെ തിരിച്ചറിഞ്ഞ മാഡം തലത്താണ് സുധീറിനോട് ഇങ്ങനെ സംസാരിച്ചത്.

സ്വന്തം കുട്ടികളെ സ്നേഹവാത്സല്യങ്ങളോടെ സ്നേഹിച്ചും ശകാരിച്ചും വളർത്തിയെടുക്കുന്നതിലെ കുടുംബഭദ്രതയുടെ ആഴവും

ശക്തിയും അവർ തിരിച്ചറിയുന്നു. ഒരു സ്ത്രീ എന്ന നിലയിൽ യാതൊരു പാരതന്ത്യവും മിസ്സിസ് തലത്ത് അനുഭവിച്ചിട്ടില്ല. മറിച്ചു പറഞ്ഞാൽ സ്വാതന്ത്യം ഏറ്റവും കൂടിയ തരത്തിൽ അവർ അനുഭവിക്കുകയാണുണ്ടായത്. ഒരു പക്ഷേ ഇത്തരം അമിതസ്വാതന്ത്ര്യവും അവരുടെ ജീവിതത്തിൽ ഇത്തരമൊരു പതനത്തിലേക്ക് നയിച്ചിരിക്കാം. അപ്പോഴേക്കും കാലം ഏറെ കടന്നുപോയി എന്നുമാത്രം. അതുകൊണ്ടാവണം കല്യാണം കഴിക്കുവാൻ തയ്യാറെടുക്കുന്ന സുധീറിനെ സ്വന്തം മകനെപ്പോലെ കെട്ടിപ്പിടിച്ചതും ഉപദേശിച്ചതും. അവകാശങ്ങൾ നിലനിൽക്കെത്തന്നെ നാം നമ്മുടെ കടമകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും ഒളിച്ചോടരുത് എന്നുമുള്ള മഹത്തായ സന്ദേശം കഥ മാനവരാശിക്ക് നൽകുന്നു.

ചോദ്യം 18.

"അമ്മ കുട്ടികളുടെ ഒരു ഭാഗവും കുട്ടികൾ അമ്മയുടെ ഒരു ഭാഗവുമായിത്തീരുകയുള്ളൂ". -മിസ്സിസ് തലത്തിന്റെ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം സമർത്ഥിച്ച് കൊണ്ട് ആനുകാലിക സംഭവങ്ങൾ കൂടി പരിഗണിച്ച് മക്കളെ വളർത്തുമ്പോൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി മുഖപ്രസംഗം (എഡിറ്റോറിയൽ) എഴുതുക.

ഉത്തരം :

മക്കളെ വളർത്തുമ്പോൾ

സമകാലികമായി വരുന്ന വാർത്തകൾ ഓരോന്നും മാതാപിതാക്കൾ എന്ന നിലയിൽ നമ്മെ ഞെട്ടിക്കുന്നവ തന്നെയാണ്. മക്കളുടെ പ്രത്യേകിച്ചും പെൺകുട്ടികളുടെ അപഥസഞ്ചാരവും അപമൃത്യുവും നിത്യേനയെന്നോണം പെരുകിവരുന്നു.

ആൺ പെൺ വ്യത്യാസമില്ലാതെ കുട്ടികൾ ലഹരി മരുന്നിനും കഞ്ചാവ്, മദ്യം, പുകയില തുടങ്ങിയ ഉൽപന്നങ്ങൾക്കും അടിമകളായി മാറുന്നു. ഓരോ ദിവസം കഴിയുന്തോറും ഇത്തരം സംഭവങ്ങൾ കുറയുകയല്ല. കൂടിക്കൊണ്ടേയിരിക്കുന്നു. ഇതിന് പലകാരണങ്ങൾ കണ്ടെത്താമെങ്കിലും ഏറ്റവും പ്രധാനമായി പറയാവുന്നത് വീട്ടിൽ നിന്ന് അവർക്ക് ലഭിക്കാതെ പോകുന്ന സ്നേഹവാത്സല്യങ്ങൾ തന്നെയാണ്.

പഴയ കൂട്ടു കുടുംബസ്ഥിതിയല്ല ഇന്ന് നമ്മുടെ അണു കുടുംബങ്ങളിൽ നിലനിൽക്കുന്നത്. ആർക്കും ഒന്നിനും സമയമില്ല. രക്ഷിതാക്കൾ 'അവരവരുടേതായ ജോലിയിലും പണമുണ്ടാക്കുന്നതിന്റെയും തിരക്കിൽ. വീട്ടിലുള്ളപ്പോൾ തന്നെ വാട്സാപ്പ്, ഫെസ്റ്റ് ബുക്ക് തുടങ്ങി നവമാധ്യമവിനോദങ്ങളിൽ മുഴുകുന്നു. ഇതിനിടയിൽ ഒറ്റപ്പെട്ടു പോകു ന്ന ബാല്യത്തെയും നാം തിരിച്ചറിയണം. മിസ്സിസ് തലത്തിന്റെ ജീവിതവും ഉപദേശവും നാം ചെവിക്കൊണ്ടേതീരൂ. കുട്ടികൾക്ക് രക്ഷിതാക്കളിൽ നിന്ന് കിട്ടേണ്ട സ്നേഹത്തെക്കുറിച്ചാണ് അവർ കുറ്റ ബോധ ത്തോടെ സംസാരിക്കുന്നത്. രക്ഷിതാക്കളുടെ തണലിൽ കുട്ടികൾ വളരാത്തത്തിന്റെ അപകടം സ്വന്തം ജീവിതം അവരെ പഠിപ്പിച്ചു. സ്നേഹശൂന്യരായി കുടുംബത്തോട് ആത്മബന്ധം പോലുമില്ലാതെ അവർ പലവഴി കഴിയുന്നു. സ്ഥിതി ആർക്കും ഇനി ഉണ്ടായിക്കൂടാ.

ആധുനികകാലത്തിന്റെ അപകട മേഖലകളിൽ പെടാതിരിക്കാൻ നാം അവരോടൊപ്പം നിതാന്ത ജാഗ്രതയോടെ സഞ്ചരിച്ചേ പറ്റൂ. അല്ലെങ്കിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത അരാജക സംസ്കാരത്തിലേക്ക് അവർ കൂപ്പുകുത്തും. മിസ്സിസ് തലത്തിന്റെ ഉപദേശം നമുക്കൊരു സൂചനയാണ്. ഇനി മറ്റൊരാൾക്കും ഗതി വന്ന് കൂടാത്തതുകൊണ്ട് നമ്മൾ രക്ഷിതാക്കൾ ഇക്കാര്യത്തിൽ ഉണർന്നേ പറ്റൂ. അതിനായി കുട്ടികളോടൊപ്പം നമുക്കും സ്നേഹമാധുര്യം നുകർന്ന് കൊണ്ട് അവരുടെ വഴികാട്ടികളാവാം.

 

ലളിതാംബിക അന്തർജനം

മലയാള കഥാസാഹിത്യത്തിലെ പ്രശസ്തയായ എഴുത്തുകാരിയാണ് ലളിതാംബിക അന്തർജനം.

"അഗ്നിസാക്ഷി' എന്ന ഒറ്റനോവൽ കൊണ്ട് മലയാള സാഹിത്യ വിഹായസ്സിൽ ശാശ്വതപ്രതിഷ്ഠ നേടാൻ കഴിഞ്ഞു. നോവൽ, കഥാസമാഹാരം, നാടകം, ബാലസാഹിത്യം തുടങ്ങിയ മേഖലകളിലായി മുപ്പതിലധികം കൃതികൾ എഴുതിയിട്ടുണ്ട്. അഗ്നിസാക്ഷി, മൂടുപടത്തിൽ, മാണിക്കൻ, വിശ്വരൂപം, അഗ്നിപുഷ്പങ്ങൾ, ആയിരത്തിരി, ഭാവദീപ്തി തുടങ്ങിയവയാണ് പ്രധാന കൃതികൾ, 'ആത്മകഥക്ക് ഒരാമുഖം' ലളിതാംബിക അന്തർജനത്തിന്റെ ആത്മകഥയാണ്. 1909 മുതൽ 1987 വരെയാണ് ജീവിതകാലം.

No comments:

Post a Comment

കേരളപാഠാവലി

 യൂണിറ്റ് 1 പാഠം 1        ലക്ഷ്മണസാന്ത്വനം പാഠം 2        ഋതുയോഗം പാഠം 3        പാവങ്ങള്‍ യൂണിറ്റ് 2 പാഠം 1        വിശ്വരൂപം പാഠം 2        പ...