കടല്‍ത്തീരത്ത്‌


 

കടൽത്തീരത്ത് 

വി വിജയൻ

 

പാഠഭാഗത്തിന്റെ ആശയം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തന്റെ മകൻ കണ്ടുണ്ണിയെ കാണാൻ വൃദ്ധനായ വെള്ളായിയപ്പൻ പാഴുതറ ഗ്രാമത്തിന്റെ മുഴുവൻ വേദനയും ഏറ്റുവാങ്ങിക്കൊണ്ട് കണ്ണൂർ ജയിലിലേക്ക് യാത്രയാവുന്നു. പണമില്ലാത്തത് കൊണ്ട് കുടുംബക്കാർക്കോ അയൽവാസികൾക്കോ നിസ്സഹായനായ വൃദ്ധനെ പിൻതുടരാൻ കഴിഞ്ഞില്ല. പാഴുതറയുടെ പ്രതിനിധിയായി ഗ്രാമവാസികളുടെ നിലവിളികൾക്ക് സാക്ഷ്യം വഹിച്ച് അയാൾ നാട്ടുപാതയിലൂടെ നടന്നു.

ഭാര്യ കോടച്ചി നൽകിയ പൊതിച്ചോറുമായി പോകുമ്പോൾ വെള്ളായിയപ്പൻ പലതും ഓർമ്മിച്ചു. അപ്പന്റെ ശവം കുളിപ്പിച്ചത്, മകൻ കണ്ടുണ്ണിയെ കുളത്തിൽ കുളിപ്പിച്ചത് തുടങ്ങിയവയെല്ലാം.

 കണ്ണൂർക്ക് ടിക്കറ്റ് വാങ്ങി കാത്തിരിക്കുമ്പോൾ അപരിചിതന്റെ വാക്കുകളിൽ അയാൾക്ക് രസിക്കാനായില്ല. ഒരു കൊലക്കയറിനെപ്പോലെ അത് വെള്ളായിയപ്പന്റെ കഴുത്തിൽ മുറുകി. പുലർച്ചെ വെള്ളായിയപ്പൻ കണ്ണൂരെത്തി. ഓട്ടോ തൊഴിലാളികളുടെ പരിഹാസങ്ങളും ഏറ്റു വാങ്ങി അയാൾ ജയിലിൽ എത്തി. ജയിലിൽ വെച്ചു മകനെ കാണാൻ വെള്ളായിയപ്പന് അനുമതി കിട്ടി. വികാരതീവ്രമായ കണ്ടുമുട്ടലിൽ കണ്ടുണ്ണി തന്റെ നിരപരാധിത്വം വിളിച്ചു പറയുന്നു.

പിറ്റെ ദിവസം വെളുപ്പിന് മകന്റെ മൃതശരീരം പാറാവുകാരനിൽ നിന്ന് ഒരു പേറ്റിച്ചിയെപ്പോലെ ഏറ്റുവാങ്ങി. സംസ്കരണത്തിനു പണമില്ലാത്തതിനാൽ പോലീസുകാർ തോട്ടികളെ ഏർപ്പാടാക്കി. ഉന്തുവണ്ടിയിലൂടെ കൊണ്ടുപോയ കണ്ടുണ്ണിയുടെ ശവം  കടപ്പുറത്ത് കുഴിച്ചുമൂടി. കോടച്ചി നൽകിയ പൊതിച്ചോറ് മകനുള്ള ബലിതർപ്പണമെന്നോണം വെള്ളായിയപ്പൻ കടപ്പുറത്ത് വിതറി. ബലിക്കാക്കകൾ അത് സ്വീകരിക്കാനെത്തുന്നതോടെ കഥ അവസാനിക്കുന്നു.

 

ഒരു മാർക്കിനുള്ള മാതൃകാ ചോദ്യോത്തരം

ചോദ്യം 1.

അപരിചിതരുടെ താല്പര്യരഹിതമായ സംഭാഷണം വെള്ളായിയപ്പന് അനുഭവപ്പെടുന്നതെങ്ങനെ?

1. ആഹ്ലാദകരമായി

2. നിരാശയായി

3. കൊലക്കയറുകളായി

4. വിസ്മയകരമായി.

 

ഉത്തരം :

കൊലക്കയറുകളായി

 

രണ്ടു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം 2.

"കടൽത്തീരത്ത് എന്ന കഥയുടെ ഏറ്റവും വലിയ സവിശേഷത അതിലെ മൗനങ്ങളാണ്

കഥയിലെ ഏറ്റവും പ്രധാനപ്പെട്ട മൗനം ഏതാണ്?

 

ഉത്തരം :

ജയിലിൽ വെച്ച് വെള്ളായിയപ്പനും മകനും തമ്മിൽ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന മൗനം.

 

ചോദ്യം 3.

കൈയിൽ ഘടികാരമില്ലെങ്കിലും ഒരു കർഷകന്റെ ജന്മസിദ്ധിയിലൂടെ വെള്ളാ യിയപ്പൻ സമയം അറിഞ്ഞു. - ആശയ ഭംഗി കുറിക്കുക

 

ഉത്തരം :

വെള്ളായിയപ്പൻ എന്ന തനി നാടൻ കർഷകൻ പ്രകൃതിയുടെ ഭാഗമാണ്. പ്രകൃതിയുടെ താളമാണ് അയാളുടെ ജീവിതം തന്നെയും. അക്ഷരാഭ്യാസമില്ലാത്ത വെള്ളായിയപ്പന് പക്ഷേ സമയം കൃത്യമായി ഗ്രഹിക്കാൻ കഴിയും. സൂര്യചന്ദ്രന്മാരുടെ സാന്നിധ്യം ഉൾപ്പെടെ പ്രകൃതിയുടെ ഭാവപരിണാമങ്ങൾ വെള്ളായിയപ്പന് സമയബോധം പകരുന്നു.

 

ചോദ്യം 4.

"ഒരു പേറ്റിച്ചിയെപ്പോലെ തന്റെ മകന്റെ ദേഹത്തെ വെള്ളായിയപ്പൻ പാറാവു കാരിൽ നിന്ന് ഏറ്റുവാങ്ങി.

- പേറ്റിച്ചിയെപ്പോലെ എന്ന പദം സന്ദർഭത്തിനു നൽകുന്ന ആശയതലം കണ്ടെത്തിയെഴുതുക.

 

ഉത്തരം:

പ്രസവമെടുക്കുന്ന സ്ത്രീകളുടെ കൈകളിലേക്കായിരിക്കും നിഷ്കളങ്കതയുടെ മുഖവുമായി കുട്ടികൾ പിറക്കുക. അതുപോലെ നിഷ്കളങ്കനായ കണ്ടുണ്ണിയുടെ ജീവനില്ലാത്ത ശരീരം ഏറ്റു വാങ്ങുകയാണ് വെള്ളായിയപ്പൻ.

 

ചോദ്യം 5.

"വെള്ളായിയപ്പൻ യാത്ര പുറപ്പെടുമ്പോൾ വീട്ടിൽനിന്നു കൂട്ടനിലവിളി ഉയർന്നു." കുട്ടനിലവിളിക്ക് പ്രേരകമായത് എന്തെല്ലാമായിരിക്കും? ചർച്ച ചെയ്യുക.

 

ഉത്തരം :

കണ്ണൂർ ജയിലിൽ നിന്നും വന്ന ഒരു മഞ്ഞക്കടലാസ് കിട്ടുന്നതോടെയാണ് വെള്ളായിയപ്പൻ യാത്രയാവുന്നത്. അതിലെന്താണ് എഴുതിയത് എന്ന് വെള്ളായിയപ്പനോ നാട്ടുകാർക്കോ വ്യക്തമല്ല. എന്തോ അപകടം ഉണ്ട് എന്ന പേടിയായിരിക്കണം കൂട്ടനിലവിളിക്ക് കാരണം.

 

ചോദ്യം 6.

"വെളളായിയപ്പൻ പൊതിയഴിച്ചു. - വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിഞ്ഞു . വെയിലിന്റെ മുകൾത്തട്ടിലെവിടെനിന്നോ ബലിക്കാക്കകൾ അന്നം കൊത്താൻ ഇറങ്ങി വന്നു.”-ഒറ്റവാക്യമാക്കുക.

 

ഉത്തരം :

വെള്ളായിയപ്പൻ പൊതിയഴിച്ച് അന്നം നിലത്തേക്കെറിഞ്ഞപ്പോൾ വെയിലിന്റെ മുകൾത്തട്ടിലെവിടെനിന്നോ ബലിക്കാക്കകൾ അത് കൊത്താൻ ഇറങ്ങി വന്നു.

 

ചോദ്യം 7.

കൈയിൽ ഘടികാരമില്ല. എങ്കിലും - ഒരു കർഷകന്റെ ജന്മസിദ്ധിയിലൂടെ വെള്ളായിയപ്പൻ സമയം അറിഞ്ഞു.

- വാചകങ്ങൾ ഒറ്റവാക്യമായി എഴുതുക.

 

ഉത്തരം :

കൈയിൽ ഘടികാരമില്ലെങ്കിലും ഒരു കർഷകന്റെ ജന്മസിദ്ധിയിലൂടെ വെള്ളാ യിയപ്പൻ സമയം അറിഞ്ഞു

 

ചോദ്യം 8

1. "ജയിലിലിക്ക് ഏതിയാണ് വഷി?",

2. "വെറുതെ പുഴാണ്." - ഇത്തരം പ്രയോഗങ്ങൾ ധാരാളമുണ്ട് കഥയിൽ, കഥയിലെ ഭാഷാപരമായ പ്രത്യേകതകൾ എഴുതുക.

 

ഉത്തരം :

വെള്ളായിയപ്പന്റെ വാക്കുകളാണിത്. അയാളുടെ വാമൊഴി, കഥാപാത്രങ്ങളുടെ ചിത്രങ്ങൾക്ക് മിഴിവേകുവാൻ സഹായിക്കുന്നു. കഥാപാത്രങ്ങളുടെ ജീവിതപശ്ചാത്തലം, സംസ്കാരം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾ ഇത്തരം സംസാരഭാഷയ്ക്ക് കഴിയുന്നു.

 

നാലു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ

ചോദ്യം - 9.

അപരിചിതന്റെ സംഭാഷണം കൊലക്കയറിനെപ്പോലെ വെള്ളായിയപ്പന്റെ കഴുത്തിൽ ചുറ്റുമുറുകി."

"രണ്ടുവാക്കുകൾ മാത്രം. രണ്ടു വാക്കു കൾക്കിടയ്ക്ക് സാന്ത്വനത്തിന്റെ നിറവ്." -

ഇത്തരത്തിൽ അർത്ഥപൂർണങ്ങളായ മൗനങ്ങളാണ് കഥയെ പൂരിപ്പിക്കുന്നത്. ചർച്ചചെയ്യുക.

 

ഉത്തരം:

വി വിജയന്റെ കടൽത്തീരത്ത് എന്ന കഥാസമാഹാരത്തിലേതാണ് കടൽത്തീരത്ത് എന്ന കഥ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകൻ കണ്ടുണ്ണിയെ കാണാൻ വൃദ്ധനായ വെള്ളായിയപ്പൻ കണ്ണൂർ ജയിലിലേക്ക് പോകുന്നതും ശിക്ഷാവിധി കഴിഞ്ഞ് കണ്ടുണ്ണിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുന്നതു വരെയുള്ള സംഭവങ്ങളാണ് കടൽത്തീരത്ത് എന്ന കഥയിലൂടെ വി വിജയൻ പറയുന്നത്.

മലയാള ഭാഷയെ ഭാവാത്മകമായ സൗന്ദര്യത്തോടെ ഉപയോഗപ്പെടുത്തിയ എഴുത്തുകാരനാണ് .വി. വിജയൻ. അതിന്റെ ഏറ്റവും നല്ല തെളിവുറ്റ ഉദാഹരണങ്ങളാണ് ചോദ്യത്തിൽ എടുത്തുചേർത്തിരിക്കുന്നത്. "വെള്ളാ യിയച്ചോ" എന്ന ഒറ്റ വിളിയാൽ നിർത്തുകയാണ് നീലി. ഒറ്റവിളിയിൽ തന്നെ സാന്ത്വനത്തിന്റെയും ആകാംക്ഷയുടെയും അന്വേഷണത്തിന്റെയും അതിതീവ്രവികാരം ആസ്വാദകർക്ക് വായിച്ചെടുക്കാം.

"നീലിയേ" എന്ന വെള്ളായിയപ്പന്റെ മറുപടിയിലും വെള്ളായിയപ്പന്റെ അന്തർസംഘർഷങ്ങളും അടക്കാനാവാത്ത ദു:ഖം വഴിയുണ്ടാകുന്ന നിസ്സംഗതയും നിരാശയും എല്ലാം തെളിഞ്ഞു കാണാം. അൽപമായ ഭാഷയിലൂടെ അനന്തമായ ഭാവവികാരപ്രപഞ്ചം സൃഷ്ടിക്കാൻ വി വിജയന്റെ ഭാഷയ്ക്ക് കഴിയുന്നു.

 

ചോദ്യം 10.

പൊതിച്ചോറിന് കഥയിൽ സവിശേഷമായ സ്ഥാനമാണുള്ളത്. കഥ വിശകലനം ചെയ്ത് പ്രസ്താവനയോട് പ്രതികരിക്കുക.

 

ഉത്തരം :

വി വിജയന്റെ കടൽത്തീരത്ത് എന്ന കഥാസമാഹാരത്തിലേതാണ് കടൽത്തീരത്ത് എന്ന കഥ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകൻ കണ്ടുണ്ണിയെ കാണാൻ വൃദ്ധനായ വെള്ളായിയപ്പൻ കണ്ണൂർ ജയിലിലേക്ക് പോകുന്നതും ശിക്ഷാവിധി കഴിഞ്ഞ് കണ്ടുണ്ണിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുന്നതു വരെയുള്ള സംഭവങ്ങളാണ് കടൽത്തീരത്ത് എന്ന കഥയിലൂടെ വി വിജയൻ പറയുന്നത്.

കണ്ണൂർക്കുള്ള യാതവേളയിൽ ഭാര്യ കോടച്ചി കൊടുത്തുവിട്ട പൊതിച്ചോറിന് സവിശേഷമായ സ്ഥാനമുണ്ട്. പൊതിച്ചോറ് ഒരു കഥാപാത്രമായി മാറുന്നു. യാത്രാമധ്യേ വെള്ളായിയപ്പന് കഴിക്കുവാൻ നൽകിയതാണ് പൊതിച്ചോറ്. പക്ഷെ മകന്റെ ശവം മറവു ചെയ്യുന്നതു വരെ വെള്ളായിയപ്പൻ പൊതി അഴിച്ചില്ല. പൊതിയുടെ നനവിലൂടെ അയാൾ കോടച്ചിയുടെ ദു:ഖത്തിന്റെ നനവു തന്നെയാണ് തിരിച്ചറിയുന്നത്.

കഥാരംഭംതൊട്ട് കടപ്പുറത്ത് മകന്റെ ബലിതർപ്പണമായി ചോറ് വിതറുന്നത് വരെ എല്ലാ സന്ദർഭങ്ങൾക്കും സാക്ഷിയായി പൊതിച്ചോറ് വെള്ളായിയപ്പന്റെ കയ്യിലുണ്ട്. വെള്ളായിയപ്പന്റെ ദു:ഖസാന്ദ്രീകൃതമായ മൗനാവസ്ഥയുടെ പ്രതീകമെന്നോണം കഥയാകെ നിറഞ്ഞു നിൽക്കുന്ന കഥാപാത്രം തന്നെയാണ് "പൊതിച്ചോറ്' എന്നു പറയാം.

 

ചോദ്യം  11.

"മലയിൽ ആറ്റിത്തണുപ്പിച്ച വെയില്, ചുരത്തിലൂടെ മലവെള്ളം പോലെ ആർത്തിരമ്പി പാലക്കാട്ടേയ്ക്ക് വീശുന്ന കിഴക്കൻകാറ്റ്. ഊണുകഴിച്ച് പായവിരിച്ച് ഉറങ്ങാൻ കിടന്നു. വർഷങ്ങൾക്കു ശേഷം ആദ്യമായി എയർകണ്ടീഷണറില്ലാതെ ഉറങ്ങുകയാണ്. പുറത്ത് കാറ്റിന്റെ ഗാഢമായ ശബ്ദം."

"ചുരത്തിലൂടെ കടലേറ്റംപോലെ കിഴക്കൻ കാറ്റ് തിരതല്ലി."

"തസ്കരനെ വാല്മീകിയാക്കിയ ഏട്ടന്റെ കരുണ കാറ്റിൽ നിറഞ്ഞു.

(-കാറ്റ് പറഞ്ഞ കഥ -.വി.വിജയൻ)

-.വി.വിജയന്റെ കഥകളിൽ കാറ്റ് ശക്തമായ സാന്നിധ്യമാണ്. കാറ്റ് പറഞ്ഞ കഥ, കടൽത്തീരത്ത് എന്നീ കഥകൾ വിലയിരുത്തി കുറിപ്പ് തയ്യാറാക്കുക.

 

ഉത്തരം :

വി വിജയന്റെ കടൽത്തീരത്ത് എന്ന കഥാസമാഹാരത്തിലേതാണ് കടൽത്തീരത്ത് എന്ന കഥ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകൻ കണ്ടുണ്ണിയെ കാണാൻ വൃദ്ധനായ വെള്ളായിയപ്പൻ കണ്ണൂർ ജയിലിലേക്ക് പോകുന്നതും ശിക്ഷാവിധി കഴിഞ്ഞ് കണ്ടുണ്ണിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുന്നതു വരെയുള്ള സംഭവങ്ങളാണ് കടൽത്തീരത്ത് എന്ന കഥയിലൂടെ വി വിജയൻ പറയുന്നത്.

അതിതീവ്രമായ മാനസികാവസ്ഥകളെ .വി.വിജയൻ പല പ്രതീകങ്ങളിലൂടെയും ധ്വനിമുഖരിതമായ ഭാഷയിലൂടെയും ആവിഷ്ക്കരിക്കുന്നുണ്ട്. അതുപോലെ ശക്തമായ ഒരു സാന്നിധ്യമാണ് കാറ്റ്. പാലക്കാടൻ മലനിരകളിൽ സദാ വീശിക്കൊണ്ടിരിക്കുന്ന കാറ്റ് വെള്ളായിയപ്പന്റെ മാനസികാവസ്ഥയുടെ പ്രതീകമായി മാറുന്നു. ദുഃഖത്തിന്റെയും കുളിർമ്മയുടേയും ആകാംക്ഷയുടേയും ഒക്കെ പ്രാതിനിധ്യം പേറിക്കൊണ്ട് നിൽക്കുന്ന ശക്തമായ സാന്നിധ്യം തന്നെയായി .വി.യുടെ കഥകൾ മാറുന്നു എന്നതാണ് സത്യം.

 

ചോദ്യം 12.

1. ഒരു പേറ്റിച്ചിയെപ്പോലെ തന്റെ മകന്റെ ദേഹത്തെ വെള്ളായിയപ്പൻ പാറാവുകാരിൽ നിന്ന് ഏറ്റുവാങ്ങി

2. യജമാനന്മാരേ, എന്റെ കൈയിൽ പണമില്ല.

3. കോടച്ചി കെട്ടിത്തന്ന പൊതിച്ചോറാണ്. വെള്ളായിയപ്പൻ പൊതിയഴിച്ചു. വെള്ളായിയപ്പൻ അന്നം നിലത്തേക്കെറിഞ്ഞു. വെയിലിന്റെ മുകൾത്തട്ടിലെവിടെനിന്നോ ബലിക്കാക്കകൾ അന്നം കൊത്താൻ ഇറങ്ങിവന്നു."

- കഥയുടെ വൈകാരികതലം വർധിപ്പിക്കുന്നതിൽ ഭാഷ പ്രധാന പങ്കുവഹിക്കുന്നു. തന്നിരിക്കുന്ന സൂചനകളും കഥയും പരിഗണിച്ച് പ്രസ്താവനയോട് പ്രതികരിച്ച് നിരൂപണം തയാറാക്കുക.

 

ഉത്തരം :

മലയാളഭാഷയുടെ ഭാവസാന്ദ്രത സംവേദനസൗന്ദര്യത്തോടെ ഉപയോഗപ്പെടുത്തിയ കഥാകൃത്താണ് .വി. വിജയൻ. മലയാളത്തിന്റെ ശക്തിയും സൗന്ദര്യവും ഭാവോന്മീലന ശക്തിയും ഇത്രയും ഉപയോഗപ്പെടുത്തിയ മറ്റു രചനകളില്ല. വായനക്കാരെ, അതിതീവ്രമായ വൈകാരികാനുഭൂതിയിലേക്ക് നയിക്കുവാൻ പര്യാപ്തമാണ് കഥയിലെ ഭാഷ.

തൂക്കിലേറ്റപ്പെട്ട മകന്റെ മൃതശരീരം ഏറ്റുവാങ്ങുന്ന അച്ഛന്റെ ചിത്രം ആർക്കാണ് മറക്കാൻ കഴിയുക. വയറ്റാട്ടിയുടെ കൈയ്യിലേക്ക് വീഴുന്ന നിഷ്കളങ്കമായ കുട്ടിയുടെ ശരീരം പോലെ എന്നാണ് വിജയൻ പ്രയോഗിച്ചത്. യജമാനന്മാരേ എന്ന നീട്ടിവിളിയുടെ വൈകാരിക ഭാവം, വിശപ്പും ദാഹവും സഹിച്ച് മകനായി സൂക്ഷിച്ച പൊതിച്ചോറ്, വെയിലുകൾക്കപ്പുറം നിന്ന് ഇറങ്ങി വരുന്ന മകന്റെ ആത്മാവാകുന്ന കാക്കകൾ... തുടങ്ങിയ പ്രയോഗങ്ങൾ കഥയുടെ വൈകാരിക ഭാവത്തിന് ഊർജ്ജം നൽകുന്ന ഘടക ങ്ങളാണ്.

 

ചോദ്യം 13.

" പുലർച്ചെ ആരാ വരാമ്പറഞ്ഞത്?

പാറാവുകാരൻ പരുക്കനായി പറഞ്ഞു. "ആപ്പീസ് തൊറക്കട്ടെ." .. ഏതോ ശീലത്തിന്റെ സ്വാധീനത്തിൽ പാറാവുകാരൻ കടലാസ് നിവർത്തി നോക്കി. പാറാവുകാരന്റെ മുഖം പൊടുന്നനെ കനിവുറ്റതായി. -പാറാവുകാരന്റെ മനോഭാവത്തിന്റെ കാരണം സന്ദർഭം വിശകലനം ചെയ്ത് കണ്ടെത്തുക.

 

ഉത്തരം :

വി വിജയന്റെ കടൽത്തീരത്ത് എന്ന കഥാസമാഹാരത്തിലേതാണ് കടൽത്തീരത്ത് എന്ന കഥ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകൻ കണ്ടുണ്ണിയെ കാണാൻ വൃദ്ധനായ വെള്ളായിയപ്പൻ കണ്ണൂർ ജയിലിലേക്ക് പോകുന്നതും ശിക്ഷാവിധി കഴിഞ്ഞ് കണ്ടുണ്ണിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുന്നതു വരെയുള്ള സംഭവങ്ങളാണ് കടൽത്തീരത്ത് എന്ന കഥയിലൂടെ വി വിജയൻ പറയുന്നത്.

തന്റെ മകന്റെ വധശിക്ഷയറിയിക്കുന്ന മഞ്ഞക്കടലാസുമായി ജയിലിലെത്തിയ വെള്ളായിയപ്പൻ അത് പാറാവുകാരനെ ഏല്പിക്കുന്ന സന്ദർഭമാണിത്. കുറ്റവാളികളെ കാണാൻ പതിവ് സന്ദർശകരിൽ ഒരാളായിരിക്കുമെന്നേ പാറാവുകാരൻ കരുതിയുള്ളൂ. എന്നാൽ. എഴുത്തിൽ ഉള്ളത് അടുത്ത ദിവസം തൂക്കിലേറ്റപ്പെടാനിരിക്കുന്ന കണ്ടുണ്ണിയുടെ മരണവാറന്റായിരുന്നു.   മകന്റെ അച്ഛനായി മുന്നിൽ നിൽക്കുന്ന വൃദ്ധനും നിസ്സഹായനുമായ വെള്ളായിയപ്പന്റെ മുഖമായിരിക്കണം പാറാവുകാരൻ കനിവുറ്റവനായി മാറാൻ കാരണം.

 

ചോദ്യം  14.

1. തുവർത്തിൽ കെട്ടിയ പൊതിച്ചോറിന്റെ കഞ്ഞി നനവ് കെയിൽ തട്ടി.

2. ഇനി നിനക്കു തരാൻ എന്റെ കൈയിൽ ഇതു മാത്രമേയുള്ളൂ.

-കോടച്ചി കെട്ടിത്തന്ന പൊതിച്ചോറാണ്. വെള്ളായിയപ്പൻ പൊതിയഴിച്ചു.

പൊതിച്ചോറിന് കഥയിൽ ഒരു സവിശേഷ സ്ഥാനമുണ്ട്. സന്ദർഭങ്ങൾ വിശകലനം ചെയ്ത് നിരൂപണം തയാറാക്കുക

 

ഉത്തരം :

വി വിജയന്റെ കടൽത്തീരത്ത് എന്ന കഥാസമാഹാരത്തിലേതാണ് കടൽത്തീരത്ത് എന്ന കഥ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകൻ കണ്ടുണ്ണിയെ കാണാൻ വൃദ്ധനായ വെള്ളായിയപ്പൻ കണ്ണൂർ ജയിലിലേക്ക് പോകുന്നതും ശിക്ഷാവിധി കഴിഞ്ഞ് കണ്ടുണ്ണിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുന്നതു വരെയുള്ള സംഭവങ്ങളാണ് കടൽത്തീരത്ത് എന്ന കഥയിലൂടെ വി വിജയൻ പറയുന്നത്.

പൊതിച്ചോറിന് കഥയിൽ സവിശേഷമായ ഒരു സ്ഥാനം തന്നെയുണ്ട്.  മറ്റു കഥാപാത്രങ്ങളെന്നപ്പോലെ ഒരു കഥാപാത്രം തന്നെയാണ് പൊതിച്ചോറും. വെള്ളായിയപ്പന്റെ യാത്രാരംഭം മുതൽ അത് കടപ്പുറത്ത് മകനുള്ള ബലിച്ചോറായി ഉപയോഗിക്കുന്നത് വരെയുള്ള നിശബ്ദസാന്നിദ്ധ്യമാണ് പൊതിച്ചോറ്. അതിന്റെ വക്കുകളിലൂടെ കിനിഞ്ഞിറങ്ങിയ നനവ് തന്റെ മകനോടുള്ള കോടച്ചിയുടെ കണ്ണുനീരിന്റെ ഉറവ തന്നെയാണ്. വെള്ളായിയപ്പന്റെ ദുഃഖസാന്ദ്രമായ മനസ്സിന്റെ ഘനീഭവിച്ച രൂപം തന്നെയാണ് പൊതിച്ചോറ്.

 

ചോദ്യം  15.

"പട്ടകളിൽ കാറ്റിരമ്പുന്നത് വെള്ളായിയപ്പന് അന്നാദ്യമായി അപരിചിതമായി തോന്നി." -പ്രയോഗഭംഗി കുറിക്കുക.

 

ഉത്തരം :

വി വിജയന്റെ കടൽത്തീരത്ത് എന്ന കഥാസമാഹാരത്തിലേതാണ് കടൽത്തീരത്ത് എന്ന കഥ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകൻ കണ്ടുണ്ണിയെ കാണാൻ വൃദ്ധനായ വെള്ളായിയപ്പൻ കണ്ണൂർ ജയിലിലേക്ക് പോകുന്നതും ശിക്ഷാവിധി കഴിഞ്ഞ് കണ്ടുണ്ണിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുന്നതു വരെയുള്ള സംഭവങ്ങളാണ് കടൽത്തീരത്ത് എന്ന കഥയിലൂടെ വി വിജയൻ പറയുന്നത്.

കടൽത്തീരത്ത് എന്ന ചെറുകഥയിലെ സന്ദർഭമാണിത്. പാലക്കാട് പശ്ചാത്തലമായ കഥയിൽ കാറ്റിന്റെ സജീവസാന്നിധ്യമുണ്ട്. കാറ്റിനെ അതിന്റെ സമസ്തഭാവങ്ങളിലും ആവിഷ്കരിക്കാനുള്ള കഥാകൃത്തിന്റെ മിടുക്ക് മലയാളികൾ പരിചയിച്ചതാണ്. കർഷകനായ വെള്ളായിയപ്പന് കാറ്റിന്റെ ഓരോ സ്പന്ദനവും അനുഭവിച്ചറിയാൻ കഴിയും. എന്നാൽ യാത്രയിൽ കാറ്റ് അയാൾക്ക് അപരിചിതമാവുകയാണ്. തന്റെ മനസ്സ് തന്നിൽ നിന്നകന്ന്, സ്വയം നിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയാണ് വാക്യത്തിലൂടെ വെളിപ്പെടുന്നത്. കാറ്റിന്റെ സാന്നിധ്യവും അതിനോടുള്ള മനോഭാവവും വെള്ളായിയപ്പൻ അനുഭവിക്കുന്ന അന്തഃസംഘർഷങ്ങളെ ആവിഷ്ക്കരിക്കുകയാണ്.

 

ചോദ്യം 16.

വെള്ളായിയപ്പന്റെ ദുഃഖം ഗ്രാമത്തിന്റെ ദുഃഖമായി കഥാകൃത്ത് അവതരിപ്പിച്ചത് എങ്ങനെയെല്ലാം?

 

ഉത്തരം :

.വി.വിജയന്റെ അതിപ്രശസ്തമായ ഒരു കഥയാണ് "കടൽത്തീരത്ത്', വായനക്കാർ ക്ക് ഇത്രയും പ്രിയതരമായ മറ്റൊരു കഥയുണ്ടാവില്ല. എന്നുതന്നെ പറയാം. അത്രയ്ക്കും ഹൃദ്യമാണ് അതിലെ ഭാഷയും പ്രമേയവും കഥാപാത്രങ്ങളും. തൂക്കിലേറ്റാൻ വിധിക്കപ്പെട്ട മകന്റെ വാർത്തയറിഞ്ഞ് ശവശരീരം ഏറ്റുവാങ്ങാനായി കണ്ണൂർ ജയിലിലേക്ക് യാത്ര തിരിക്കുന്ന നിസ്സഹായനായ ഒരു വൃദ്ധന്റെ ഹൃദയഭേദകമായ അനുഭവങ്ങളാണ് കഥയിലെ പ്രമേയം.

വെള്ളായിയപ്പൻ യാത്ര പുറപ്പെടുമ്പോൾ ഉള്ള ഗ്രാമത്തിന്റെ ദുഃഖം മിഴിവോടെ തന്നെ കഥാരംഭത്തിൽ ആവിഷ്ക്കരിച്ചിട്ടുണ്ട്. വീടുകളിൽ നിന്നുയരുന്ന നിലവിളി അയൽവീടുകളിലേക്ക് പടരുന്നു. വെള്ളായിയപ്പന്റെ കൂടെ പോകാൻ പാഴുതറയിലെ അമ്പതിൽചില്വാനം കുടിലുകളിലുള്ളവർ എല്ലാം തയ്യാറാണ്. പക്ഷെ ദാരിദ്ര്യമാണ് അവരെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. എങ്കിലും അവരുടെ മനസ്സ് വെള്ളായിയപ്പനൊപ്പമുണ്ട്. കുട്ട്യസ്സൻ മാപ്പിളയുടെയും നീലിയുടെയും നിസ്സഹായത നിറത്തെ മൗനവും ഗ്രാമത്തിന്റെ തന്നെയായിരുന്നു. കണ്ണൂരിലേക്കുള്ള തീവണ്ടിയാത്ര പാഴുതറ എന്ന ഗ്രാമത്തിനു വേണ്ടിയായിരുന്നു എന്ന് എഴുതുമ്പോൾ ഗ്രാമത്തിന്റെ ദു:ഖം എന്നത് പൂർണ്ണമാകുന്നു.

 

ചോദ്യം  17.

"ജയിലിലിക്ക് ഏതിയാണ് വഷി?" ഭാഷാ പരമായ സവിശേഷതകൾ കുറിക്കുക?

 

ഉത്തരം :

വി വിജയന്റെ കടൽത്തീരത്ത് എന്ന കഥാസമാഹാരത്തിലേതാണ് കടൽത്തീരത്ത് എന്ന കഥ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മകൻ കണ്ടുണ്ണിയെ കാണാൻ വൃദ്ധനായ വെള്ളായിയപ്പൻ കണ്ണൂർ ജയിലിലേക്ക് പോകുന്നതും ശിക്ഷാവിധി കഴിഞ്ഞ് കണ്ടുണ്ണിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുന്നതു വരെയുള്ള സംഭവങ്ങളാണ് കടൽത്തീരത്ത് എന്ന കഥയിലൂടെ വി വിജയൻ പറയുന്നത്.

വെള്ളായിയപ്പൻ എന്ന കഥാപാത്രത്തിന്റെ ജീവിത പശ്ചാത്തലം വെളിപ്പെടുത്തുന്ന വാക്കുകളാണിത്. വെള്ളായിയപ്പന്റെ സംസാരഭാഷയാണ് ഇതിൽ കാണാൻ കഴിയുന്നത്. ജയിലിലേക്ക് ഏതിലൂടെയാണ് വഴി എന്നാണ് അയാൾ ഉദ്ദേശിക്കുന്നത്. പ്രാദേശികമായി ഇങ്ങനെയുള്ള രൂപമാറ്റം കേരളത്തിൽ സർവ്വസാധാരണമാണ്. പ്രാദേശികഭംഗി എന്നാണ് ഇതിനെ പറയുക. നാടുകൾക്കനുസരിച്ചും ജാതിമത ഭേദങ്ങൾക്കനുസരിച്ചും ഇത്തരം പ്രാദേശികഭേദങ്ങൾ കാണാൻ കഴിയുന്നതാണ്.

 

ആറു മാർക്കിനുള്ള ചോദ്യോത്തരങ്ങൾ*

ചോദ്യം 18.

"ആകാശത്തിന്റെ ഇരുട്ടിൽ അകലെയെവിടെയോ വിടരുന്ന പുലരിയുടെ സൂചന."

"പറമ്പിലെ മഞ്ഞപ്പുല്ലിലൂടെ ആരുടെയൊക്കെയോ ദു:ഖസഞ്ചാരങ്ങളുടെ തഴമ്പായി ചവിട്ടടിപ്പാത. നീണ്ടുപോകുന്നു."

-ഗദ്യഭാഷയും കാവ്യാത്മകമാണ്. കഥയിലെ കാവ്യാത്മകമായ ഇത്തരം പ്രയോഗങ്ങൾ കണ്ടെത്തി വിവരിക്കുക.

 

ഉത്തരം :

മലയാളത്തിന്റെ ഭാവസുന്ദരമായ ഭാഷയുടെഉടമയാണ് .വി. വിജയൻ. ഭാഷയുടെ ആർജ്ജവവും ശക്തിയും ഇത്രയും ശക്തമായി സ്വാംശീകരിച്ച സാഹിത്യകാരനില്ല. സവിശേഷശൈലിയാലും അപൂർവസുന്ദരവും കാവ്യാത്മകവുമായ ഭാവനയാലും വ്യത്യസ്തമാണ് അദ്ദേഹത്തിന്റെ ഗദ്യം. ഗദ്യഭാഷയുടെ കാവ്യാന്തരീക്ഷം നിറഞ്ഞു നിൽക്കുന്ന കഥയാണ് കടൽത്തീരത്ത്.

കുറച്ചു മാത്രം എഴുതി കൂടുതൽ അനുഭവിപ്പിക്കുന്ന അപൂർവ സുന്ദരമായ ഒരു ശൈലിയാണ് അദ്ദേഹത്തിന്റേത്. ഗദ്യത്തെ കാവ്യമാക്കുന്ന രീതി കഥയിലാകെ നിറയുന്നു. വായിക്കുന്നവരുടെ ഹൃദയത്തിൽ അനന്തമായ സങ്കടക്കടലിന്റെ അലകൾ ഉണ്ടാക്കാൻ പര്യാപ്തതമാണ് ഇത്തരം പ്രയോഗങ്ങൾ. കാവ്യഭാഷ തന്നെയാണ് കടൽത്തീരത്ത് എന്ന കഥയെ മലയാളത്തിലെ മികച്ച കഥകളിലൊന്നാക്കുന്നത്.

.വി. വിജയന്റെ കാവ്യാത്മക ഭാഷയ്ക്കുള്ള ഉദാഹരണങ്ങളാണ് ഇവിടെ കാണുന്നത്. അതീവഹൃദ്യമായ ഒരു പ്രഭാതവർണനയാണ് ആദ്യത്തേത്. മകന്റെ മരണത്തിന് സാക്ഷിയാകാൻ പോകുന്ന വെള്ളായിയപ്പന്റെ മനസ്സിൽ ഉദിച്ചു വരുന്ന ഒരു പ്രകാശത്തിന്റെ ഛായ ഉണ്ടാക്കാൻ പ്രയോഗം ഉപകരിക്കുന്നു. അതുപോലെ തന്നെ സുന്ദരമായ ഒരു പ്രയോഗമാണ്

ദുഃഖസഞ്ചാരങ്ങളുടെ തഴമ്പായി ചവിട്ടട്ടിപ്പാത" എന്നതും. പട്ടിണിപ്പാവങ്ങളായ നാട്ടിൻപുറത്തുകാരുടെ ജീവിതയാത്രകളുടെ ആഴവും, ദൈന്യതയും പ്രയോഗത്തിലുണ്ട്.

ഹൃദയ വികാരങ്ങളും വിശദീകരണങ്ങളും സാന്ദ്രീഭവിച്ചു നിൽക്കുന്ന ഇത്തരം പ്രയോഗങ്ങളാണ് കടൽത്തീരത്ത് എന്ന കഥയെ സങ്കടത്തിന്റെ അലകളാക്കി മാറ്റുന്നത്. മറ്റൊരു ഉദാഹരണം പരിചയപ്പെടാം. കുട്ടപ്പൻ മാപ്പിള എതിരെ വരുമ്പോൾ ആദരവോടെ മാറി നിന്ന അയാൾ പറയുന്നു: “വെള്ളായിയേ" മറുപടിയായി വെള്ളായിയപ്പൻ "മരയ്ക്കാറെ" അത്രമാത്രം. രണ്ട് വാക്കുകൾ മാത്രം. രണ്ട് പ്രയോഗങ്ങളിൽ അവരുടെ സുദീർഘമായ ഒരു സംഭാഷണം തന്നെ . വി. വിജയൻ ധ്വനിപ്പിക്കുന്നു. മകന്റെ മരണത്തിന്ന് സാക്ഷ്യം വഹിക്കാൻ പോകുന്ന ഒരു വൃദ്ധനെ എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെ വിഷമിക്കുന്ന മരയ്ക്കാരുടെ ഹൃദയം ഒരുപാട് പറയുന്നുണ്ട്. അത് മരയ്ക്കാർ പറയുന്നില്ലെങ്കിലും ആസ്വാദകരായ നമുക്ക് വായിച്ചെടുക്കാം. ചുരുക്കത്തിൽ ഓരോ വരിയും ഓരോ കവിതയാവുന്നതാണ് .വി. വിജയന്റെ ഭാഷ

കൂടുതൽ പ്രയോഗങ്ങൾ നോക്കൂ

1. കരിമ്പനപ്പട്ടകളിലെ കാറ്റ് ദൈവസാന്ദ്രമായി.

2. കാൽവണ്ണയെ തഴുകിക്കൊണ്ട്, പരൽമീനുകളെ പേറിക്കൊണ്ട് പുഴ ഒഴുകി.

3. അവസാന തിരിഞ്ഞുനോട്ടത്തിന്റെ ശ്രദ്ധാഞ്ജലിയോടെ വെള്ളായിയപ്പൻ നടന്നകന്നു.

4. വീടാത്ത കടങ്ങൾ പടച്ചോന്റെ സൂക്ഷിപ്പുകളാണ്.

 

ചോദ്യം 19.

"കടൽത്തീരത്ത് എന്ന കഥയ്ക്ക് ആസ്വാദനം തയാറാക്കുക

സൂചനകൾ:

1. കഥാപാത്രസൃഷ്ടിയിലെ സവിശേഷതകൾ

2. രചനാതന്ത്രം

3. പാരിസ്ഥിതികപശ്ചാത്തലം

4. ആഖ്യാനശൈലി

5. സാമൂഹികപശ്ചാത്തലം

 

ഉത്തരം

.വി.വിജയന്റെ അതിപ്രശസ്തമായ ഒരു കഥയാണ് "കടൽത്തീരത്ത്', വായനക്കാർ ക്ക് ഇത്രയും പ്രിയതരമായ മറ്റൊരു കഥയുണ്ടാവില്ല. എന്നുതന്നെ പറയാം. അത്രയ്ക്കും ഹൃദ്യമാണ് അതിലെ ഭാഷയും പ്രമേയവും കഥാപാത്രങ്ങളും. തൂക്കിലേറ്റാൻ വിധിക്കപ്പെട്ട മകന്റെ വാർത്തയറിഞ്ഞ് ശവശരീരം ഏറ്റുവാങ്ങാനായി കണ്ണൂർ ജയിലിലേക്ക് യാത്ര തിരിക്കുന്ന നിസ്സഹായനായ ഒരു വൃദ്ധന്റെ ഹൃദയഭേദകമായ അനുഭവങ്ങളാണ് കഥയിലെ പ്രമേയം.

ഒരു ഗ്രാമത്തിന്റെ മുഴുവൻ ദുഃഖവും ആകാംക്ഷകളും ഏറ്റുവാങ്ങി അദ്ദേഹം യാത്ര പുറപ്പെടുന്നു. റെയിൽവേസ്റ്റേഷനിൽ എത്തുന്ന അദ്ദേഹത്തിന് അപരിചിതരുടെ കുശലാന്വേഷണങ്ങൾപോലും അസഹനീയമാവുന്നു. ഒടുവിൽ കണ്ണൂർ റെയിൽവേസ്റ്റേഷനിൽ ചെന്നിറങ്ങിയ അയാൾ ഓട്ടോ തൊഴിലാളികളുടെ പരിഹാസത്തിന് വിധേയനാകുന്നു.

ജയിലിലേക്ക് ഏതാ വഴി എന്ന ചോദ്യത്തിന്  "കട്ടാലും മതി" എന്നായിരുന്നു അവരുടെ മറുപടി. ഒടുവിൽ ജയിലിലെ പാറാവുകാരൻ അദ്ദേഹത്തെ മനസ്സിലാക്കുകയും അയാൾക്ക് മകൻ കണ്ടുണ്ണിയുമായി സംസാരിക്കുവാൻ അവസരവും നൽകുന്നു. മകൻ തന്റെ നിരപരാധിത്വം വിളിച്ചു പറഞ്ഞത്

വെള്ളായിയപ്പൻ എന്ന കഥാപാത്രത്തെ കൂടുതൽ ദുഃഖിതനാക്കുന്നു. ഒടുവിൽ വിധിക്ക് കീഴ്പ്പെട്ട കണ്ടുണ്ണിയുടെ മൃതശരീരം ഉന്തുവണ്ടിക്കാരുടെ സഹായത്തോടെ കടപ്പുറത്ത് കൊണ്ടു വന്ന് കുഴിച്ചുമൂടുന്നു.

കയ്യിൽ കരുതിയ പൊതിച്ചോറ് മകന്റെ ബലിതർപ്പണമെന്നോണം അവിടെ വാരിവിതറുകയും ചെയ്യുന്നു. വെള്ളായിയപ്പൻ എന്ന കേന്ദ്രകഥാപാത്രത്തിലൂടെയാണ് കഥയുടെ ഇതൾ വിരിയുന്നതെങ്കിലും, വെള്ളായിയപ്പന്റെ ഭാര്യ കോടച്ചി, കുട്ട്യസ്സൻ മാപ്പിള, നീലി, പാറാവുകാരൻ തുടങ്ങി ഒട്ടനവധി കഥാ പാത്രങ്ങളുണ്ട് കഥയിൽ. ചെറുതും വലുതുമായ കഥാപാത്രങ്ങളാണെങ്കിലും അവരെല്ലാം വളരെ മിഴിവാർന്ന ചിതങ്ങളാണ് ആസ്വാദകർക്ക് നൽകുന്നത്.

.വി. വിജയന്റെ രചനാകൗശലത്തിനും കഥാപാത്രസൃഷ്ടി വൈഭവത്തിനും മകുടോദാഹരണമാണ് "പൊതിച്ചോറ്'. പൊതിച്ചോറ്, കഥയിലെ ഒരു പ്രതീകാത്മക കഥാപാത്രം തന്നെയാണ്. കഥയുടെ ആരംഭം മുതൽ കഥാവസാനം വരെ നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്ന ഒരു കഥാപാത്രത്തിന്റെ പ്രാധാന്യം പൊതിച്ചോറിനുണ്ട്. കരിമ്പനക്കാറ്റിന്റെ സംഗീതം നിറഞ്ഞ പാലക്കാടൻ ഗ്രാമീണതയും, നെൽവയലുകളും, പുഴയും, കുളവും എല്ലാം കഥയ്ക്ക് നൽകുന്ന പാരിസ്ഥിതികപശ്ചാത്തലം എടുത്തുപറയേണ്ടതു തന്നെയാണ്.

എല്ലാറ്റിനും ഉപരി നിരപരാധിയായ ഒരു മനുഷ്യന്റെ മരണത്തിനു മുമ്പുള്ള നിസ്സഹായമായ ആർത്തനാദവും സമകാലികാവർത്തന സംഭവങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ട് നിൽക്കുന്നു. അതീവ സുന്ദരമായ മലയാളഭാഷയുടെ ചൈതന്യവും, ഭാവസാന്ദ്രതയും, ധ്വനിമുഖരിതയും കഥയെ വായനക്കാരന് അതിതീവ്രമായ ഒരു വായനാസുഖം നൽകുന്നു. ചുരുക്കത്തിൽ മലയാളികൾക്ക് എന്നല്ല കഥാലോകത്തിലെ തന്നെ ഹൃദയ സ്പർശിയായ ഒരു കഥയാണിത്.

 

ചോദ്യം 20.

സ്നേഹബന്ധത്തിന്റെ വ്യത്യസ്തതലങ്ങൾ വിശ്വരൂപം, പ്രിയദർശനം, കടൽത്തീരത്ത് എന്നീ പാഠഭാഗങ്ങളിൽ വായിക്കാം. ഉചിതമായ സന്ദർഭങ്ങൾ കണ്ടെത്തി വിശകലനം ചെയ്ത് ഉപന്യാസം തയ്യാറാക്കുക. '

 

ഉത്തരം :

സ്നേഹത്തിന്റെ വിവിധതലങ്ങൾ

മനുഷ്യനെ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ഘടകങ്ങളിൽ പ്രധാനമാണ് സ്നേഹം. പരസ്പരം ഇഷ്ടപ്പെടാനും ഒന്നിച്ചുകൂടി സമൂഹജീവിതം സാധ്യമാക്കുവാനും ജീവിതത്തിന്ന് ഒരർത്ഥമുണ്ടാക്കുവാനും സ്നേഹം എന്ന വികാരത്തിന് കഴിയുന്നു. അതൊരു മാനസിക ഭാവവമാണ്. അലിവ്, കരുണ, ആർദ്രത, ഇഷ്ടം എന്നൊക്കെ വ്യത്യസ്തമായി നാം വ്യവഹരിക്കുന്നുണ്ടെങ്കിലും അതിലൊക്കെ അപ്പുറത്തു നിൽക്കുന്ന നിത്യാസത്യമാണ് സ്നേഹം എന്ന് പറയാം. ഏതായാലും പരസ്പരം വ്യക്തികളെ ഒന്നിപ്പിക്കുന്ന ഒരു മാനസികഭാവമാണ് അത്.

സ്നേഹം ഓരോ വ്യക്തിയിലും ഏറിയും കുറഞ്ഞും വ്യത്യസ്തമായ ചേഷ്ടകളോടെ പ്രകടനങ്ങളോടെ നമുക്ക് കാണാം.

അതായത് വ്യക്ത്യാധിഷ്ഠിതമാണ് സ്നേഹം. അതിന്ന് ഏറ്റക്കുറച്ചിലുകളുണ്ട്. ചിലപ്പോൾ സ്നേഹം അന്ധവുമാണ്.

സ്നേഹത്തിന്റെ വ്യത്യസ്ത തലങ്ങൾ ദർശിക്കാൻ കഴിയുന്ന മൂന്ന് സൃഷ്ടികളാണ് വിശ്വരൂപം, പ്രിയദർശനം, കടൽത്തീരത്ത് എന്നിവ. 'സ്നേഹത്തിന്റെ വ്യത്യസ്ത തലങ്ങളാണ് മൂന്നു കൃതികളും പ്രമേയമാക്കിയിട്ടുള്ളത്. വിശ്വരൂപം എന്ന കഥ ലളിതാംബിക അന്തർജ്ജനത്തിന്റേതാണ്. ഭർത്താവിന്റെ കൂടെ ജോലിസ്ഥലത്തെത്തിയ ഒരു നാട്ടിൻപുറത്തുകാരിയുടെ കഥയാണിത്. വിദേശജീവിതം താൽക്കാലികമായെങ്കിലും അവരുടെ സ്നേഹഭാവത്തിന് തിരശ്ശീലയിടുന്നു. പിന്നീട് പരുക്കൻ ഭാവത്തിലേക്കും അധീശത്വത്തിലേക്കും മറിഞ്ഞു വീഴുന്ന ഒരു തന്റേടിയായ സ്ത്രീയെയാണ് നമുക്ക് അവരിൽ കാണാൻ കഴിയുന്നത്. ആർദ്രതയുടെ കണികപോലുമില്ലാതിരുന്ന അവർക്ക് സ്വന്തം മക്കളെപ്പോലും സ്നേഹിക്കുവാനോ വളർത്തുവാനോ ഇഷ്ടപ്പെടുവാനോ കഴിയുന്നില്ല. മക്കളോടുള്ള അവരുടെ സ്നേഹപ്രകടനം അവരെ ഹോസ്റ്റലിൽ അയക്കാനും അതിന്റെ ഫീസ് കൊടുക്കാനും മറ്റും മാത്രമാണ്. അതിന്റെ അനന്തരഫലം അവർ തന്നെ തിരിച്ചറിഞ്ഞ് കളങ്കലേശമില്ലാത്ത സ്നേഹലോകത്തിലേക്ക് വൈകിയെങ്കിലും അവർ തിരിച്ചെത്തുന്നു.

സ്നേഹത്തിന്റെ മറ്റൊരു മുഖമാണ് നാം പ്രിയദർശനം എന്ന കവിതാഭാഗത്ത് കാണുന്നത്. കുമാരനാശാന്റെ നളിനിയിലെ ഒരു ഭാഗമാണത്.

സ്നേഹവും സ്നേഹംമൂലം തന്നെയുള്ള സ്നേഹനിരാസവും നമുക്കിവിടെ കാണാം. അർത്ഥത്തിൽ കുമാരനാശാൻ സ്നേഹത്തിന് മറ്റൊരു വ്യാഖ്യാനം തന്നെ നൽകുന്നു. ചെറുപ്പകാലത്ത് സ്നേഹിച്ചിരുന്ന നളിനിയെ പ്രായം ചെന്നതോടെ ഉപേക്ഷിച്ച് സന്യാസിയായി പോകുന്ന ചെറുപ്പക്കാരനാണ് ദിവാകരൻ. ദിവാകരനോടൊപ്പം ദാസത്യം സ്വപ്നം കണ്ട് അദ്ദേഹത്തേയും തേടി വീട് വിട്ടിറങ്ങുന്ന സ്ത്രീയാണ് നളിനി. ഒടുവിൽ ഹിമാലയത്തിൽ അവർ കണ്ടുമുട്ടുകയാണ്. ദിവാകരനെ കാമുകനായി കാണുന്ന നളിനി. സഹോദരിയായോ അല്ലെങ്കിൽ നിർമ്മമതയുടേയോ നിർവികാരത്തിന്റേയോ ലോകത്ത് മാത്രം നളിനിയെ കാണുന്ന ദിവാകരൻ.

സ്നേഹത്തിന്റെ രണ്ട് വ്യത്യസ്തങ്ങളായ തലങ്ങളാണ് ഇവിടെ കാണുന്നത്. മാംസ നിബദ്ധമല്ലാത്ത, സ്നേഹബന്ധത്തിന്റെ വിശുദ്ധലോകമാണ് ഇവരുടെ സമ്പർക്കത്തിലൂടെ ആശാൻ കാവ്യമാക്കുന്നത്. സ്നേഹത്തിന്റെ വൈവിധ്യവും ആഴവും അളക്കാൻ കഴിയാത്ത മറ്റൊരു വിചിത്രലോകം കാഴ്ചവെയ്ക്കുന്ന കൃതിയാണ് . വി. വിജയന്റെ "കടൽത്തീരത്ത്' എന്ന കഥ. തൂക്കിലേറ്റാൻ വിധിക്കപ്പെട്ട മകനെ കണ്ണൂർ സെൻട്രൽ ജയിലിൽ പോയി കാണാൻ വിധിക്കപ്പെടുന്ന ഒരു ഹതഭാഗ്യനായ വൃദ്ധന്റെ കഥയാണ് "കടൽത്തീരത്ത്'.

സ്നേഹത്തിന്റെ അതിവിശാലമായ ഒരു ലോകമാണ് .വി. വിജയൻ പരിചയപ്പെടുത്തുന്നത്. അച്ഛന് മകനോടുള്ള സ്നേഹം, മകന് അച്ഛനോടുള്ള സ്നേഹം, അമ്മയായ കോടച്ചിക്ക് മകനോടുള്ള സ്നേഹം, ഭർത്താവിനോടുള്ള സ്നേഹം, ഗ്രാമത്തിന്ന് സഹജീവികളോടുള്ള സ്നേഹം എന്നിങ്ങനെ വിവിധ സ്നേഹസരണികൾ ഒഴുകുന്ന അതിദുഃഖസാന്ദ്രമായ ഒരു കഥയാണ് കടൽത്തീരത്ത്

തന്റെ പ്രിയതമന് വണ്ടിയിൽ വെച്ച് കഴിക്കാനായി കൊടുത്ത "പൊതിച്ചോറ് കഴിക്കാതെ അത് തന്റെ മകനുള്ള അവസാന ഭക്ഷണമായി രണ്ട് ദിവസം കൊണ്ടുനടക്കുന്ന വൃദ്ധനായ വെള്ളായിയപ്പൻ പിതൃ സ്നേഹത്തിന്റെ തെളിഞ്ഞ ആൾരൂപം തന്നെയാണ്.

ചുരുക്കത്തിൽ പരസ്പരാശയത്വം നൽകുന്ന ജീവിതത്തെ ഇമ്പമേറിയതും അതോടൊപ്പം തന്നെ ദുഃഖസാന്ദ്രവുമാക്കുന്ന സ്നേഹം എന്ന വികാരത്തിന്റെ ഉൾത്തുടിപ്പുകൾ നിറയുന്ന മൂന്ന് രചനകളാണ് ഇവ മൂന്നും.

 

ചോദ്യം 21.

1. മിസ്സിസ് തലത്ത് കുട്ടികളെ പ്രസവിച്ചെന്ന് മാത്രം. മുല കൊടുത്തിട്ടില്ല. താരാട്ടു പാടിയിട്ടില്ല. വാശിപിടിച്ചു കരയുമ്പോൾ ശാസിക്കുകയോ, സുഖക്കേടിൽ ശുശ്രൂഷിക്കുകയോ ചെയ്തിട്ടില്ല. അലങ്കരിച്ച ബൊമ്മകളെപ്പോലെ ഇടക്ക് ഉമ്മവെക്കാൻ അവർ അടുത്തുവരും.

2. മിസ്സിസ് തലത്ത് ഒരു യജമാനത്തിയുടെ അകൽച്ച പാലിച്ചുകൊണ്ട് മന്ദഹസിച്ചു കൈനീട്ടി. പക്ഷെ, പാണികൾ " ഗ്രഹിച്ചപ്പോൾ ഇന്നത്തെപ്പോലെയുള്ള ചൂട് ഇല്ലായിരുന്നുവെന്ന് അയാളോർത്തു.

3. മിസ്സിന്റെ തലത്ത് അയാളുടെ മൂർദ്ധാവിൽ കൈവെച്ച് അനുഗ്രഹിച്ചു. നിനക്ക് നന്മവരട്ടെ സുധീർ.

4. ഓർമ്മകൾ. അതുമാത്രമേ വാർധക്യത്തിനവകാശപ്പെടാനുള്ളൂ. സുധീർ മടങ്ങിവരുമ്പോൾ ഞാനുണ്ടായി എന്നു വരില്ല. പക്ഷെ, എനിക്ക് നിന്റെ മനസ്സിലെങ്കിലും ജീവിക്കണം

5. "പ്രാണനോടുമൊരുനാൾ ഭവൽപദം

കാണുവാൻ ചിരമഹോ കൊതിച്ചു ഞാൻ കേണുവാണിവിടെ,യേകുമർത്ഥിയാം

പ്രാണിതൻ പ്രിയമൊരിക്കലീശ്വരൻ.

 

"പിന്നെയൊന്നൊരുപകാരമേതിനോ

യെന്നെയോർത്ത് സഖീ, ഏതതോതുക;

അന്യജീവനുതകി സ്വജീവിതം

ധന്യമാക്കുമമലേ വിവേകികൾ."

 

വെള്ളായിയപ്പന്റെ കൂടെ തീവണ്ടി കേറാൻ പണമുണ്ടായിരുന്നെങ്കിൽ അമ്മിണിയേടത്തിയും, മുത്തുവണ്ണനും, നാകേലച്ചനും, കോമ്പിപ്പൂശാലിയും പിന്നെ പാലുതറയിലുള്ളവരത്രയും തന്നെ കണ്ണൂരിലേക്ക് പോകുമായിരുന്നു."

 

പുലർച്ചക്ക് ആരാ വരാമ്പറഞ്ഞത്?" - പാറാവുകാരൻ പരുക്കനായി പറഞ്ഞു. "ആപ്പീസ് തൊറക്കട്ടെ." ജയിലിന്റെ ഉമ്മറത്തെ ചാരുപടിയിൽ വെള്ളായിയപ്പൻ ഇരുന്നു. അമ്പലത്തിലെ നടതുറക്കാൻ കാത്തിരിക്കുന്നതുപോലെ. "

 

"കാർണോർക്ക് ചായയോ മറ്റോ വേണോ ?"

 

കണ്ടുണ്ണി ശ്രവണത്തിനപ്പുറമുള്ള ഒരു സ്ഥായിയിൽ നിലവിളിച്ചു. വെള്ളായിയപ്പൻ കരത്തു വിളിച്ചു: “മകനേ.". കണ്ടുണ്ണി മറുവിളി വിളിച്ചു: “അപ്പാ. " രണ്ടു വാക്കുകൾ മാത്രം. രണ്ടുവാക്കു കൾക്കിടയ്ക്ക് ദുഃഖത്തിൽ,  മൗനത്തിൽ, അച്ഛനും മകനും അറിവുകൾ  കൈമാറി.

 

തിരിച്ചുവരുമ്പോൾ ഞാനുണ്ടായി എന്നു വരില്ല. പക്ഷെ, എനിക്ക് നിന്റെ മനസ്സിലെങ്കിലും ജീവിക്കണം

 

- സൂചനകളുടെ പശ്ചാ ത്തലത്തിൽ "സ്നേഹസങ്കല്പം മലയാള സാഹിത്യത്തിൽ" എന്ന വിഷയവുമായി ബന്ധപ്പെട്ട സെമിനാർ പ്രബന്ധം തയാറാക്കുക.

 

ഉത്തരം :

"സ്നേഹസങ്കല്പം മലയാള സാഹിത്യത്തിൽ"

മലയാള സാഹിത്യത്തിലെ സ്നേഹസങ്കല്പത്തെക്കുറിച്ച് എഴുതിയിട്ടുള്ള രചനകൾ ഏറെയാണ്. അവരിൽ എന്തുകൊണ്ടും - പ്രധാനപ്പെട്ടവരാണ് കുമാരനാശാൻ, ലളിതാംബിക അന്തർജനം, .വി.വിജയൻ തുടങ്ങിയവർ. വ്യക്തികൾ തമ്മിലുണ്ടാകുന്ന ഹൃദയബന്ധത്തിന്റെ അടിസ്ഥാനഭാവമാണ്

സ്ത്രീ-പുരുഷ ബന്ധത്തിലും മാതാപിതാ ബന്ധങ്ങളിലും, പുതി-പുത്ര ബന്ധങ്ങളിലും കാമുക-കാമുകീ ബന്ധങ്ങളിലും എന്നുമാത്രമല്ല പ്രപഞ്ചമാകെത്തന്നെ പരസ്പരബന്ധത്തിന്റെ ഊഷ്മളത യിൽ മാത്രം മുന്നോട്ടുപോകുന്നവയാണ്ഇത്തരം മഹനീയമായ സ്നേഹഭാവത്തെക്കുറിച്ചാണ് ആശാനും, ലളിതാംബികയും, .വി.വിജയനും അവരുടെ സൃഷ്ടികളിലൂടെ പ്രതികരിക്കുന്നത്.

സ്വാർത്ഥമായ സ്നേഹത്തിന്റെ പ്രതിനിധിയായിരുന്നു മിസ്സിസ് തലത്ത്. ആഢംബര ജീവിതത്തിൽ മതിമറന്നുപോയ അവർ ഭർത്താവിനെയോ, മക്കളെയോ ഒന്നും തന്നെ സ്നേഹിച്ചില്ല. എന്നാൽ തലത്തിന്റെ മരണത്തോടെ മക്കളെ സ്നേഹിക്കാത്തതിന്റെയും കുടുംബബന്ധങ്ങളിൽ സ്നേഹത്തിന്റെ സ്ഥാനം മറന്നുപോയതിന്റെയും വില അവർ മനസ്സിലാക്കുന്നു. ഒടുവിൽ ഒരു കുറ്റബോധമെന്നോണം മക്കൾക്ക് നൽകാൻ കഴിയാതെ പോയ സ്നേഹം സുധീറിനായി നൽകുവാൻ തയ്യാറാകുന്നു.

മാംസനിബദ്ധമല്ലാത്ത സ്നേഹത്തിന്റെ ഗായകനാണ് കുമാരനാശാൻ. കാമുകീകാമുകസ്നേഹത്തിന്റെ മൂർത്തരൂപമാണ് നളിനി. മരണമടയുന്നതിന് മുമ്പ് തന്റെ സ്നേഹനിധിയെ ഒരു മാത്ര കാണുവാൻ ആണ് അവൾ ആഗ്രഹിക്കുന്നത്. ആശമോചിതമായ ജീവിതം നയിക്കുന്ന വ്യക്തിയാണിപ്പോൾ ദിവാകരൻ. അയാൾക്കും ജീവികളോട് സ്നേഹം തന്നെയാണുള്ളത്. എന്നാൽ അവിടെ സ്നേഹം വ്യക്തി. നിഷ്ഠമല്ല. സ്നേഹം എല്ലാവർക്കും പങ്കിട്ടു നൽകുന്നതിലാണ് അദ്ദേഹം ആനന്ദം കാണുന്നത്.

അച്ഛനും മകനും, അമ്മയും മകനും തമ്മിലുള്ള സ്നേഹത്തിന്റെ നേർകാഴ്ചയാണ് കടൽത്തീരത്ത് എന്ന കഥയിൽ കാണുന്നത്. തൂക്കുകയറിലേക്ക് പോകുന്ന കണ്ടുണ്ണിയോടുള്ള പാറാവുകാരന്റെ സ്നേഹം, കുട്ട്യസ്സൻ മാപ്പിളയുടെ സ്നേഹം, നീലിയുടെ സ്നേഹം, നാട്ടുകാരുടെ സ്നേഹം ഒക്കെ മനോഹരമായി ഇക്കഥയിൽ വിജയൻ അവതരിപ്പിക്കുന്നു. ചുരുക്കത്തിൽ അതിർവരമ്പുകളില്ലാത്ത വിശാലമായ ഒരു വികാരമാണ്  "സ്നേഹം" എന്നു മനസ്സിലാക്കാം.

 

ചോദ്യം 22.

വെള്ളായിയപ്പൻ നിരക്ഷരനാണ്. എന്നാൽ സ്ഥലകാലങ്ങൾക്കനുസരിച്ച് അയാൾ പ്രതികരിക്കുന്നു. പ്രവർത്തിക്കുന്നു. വിശദീകരിക്കുക

 

ഉത്തരം :

കഥയിലെ ശ്രദ്ധേയമായ സാന്നിധ്യമാണ് പൊതിച്ചോറ്. കോടച്ചി കൊടുത്തയച്ച പൊതിച്ചോറ് പക്ഷേ വെള്ളായിയപ്പൻ കഴിക്കുന്നില്ല. പൊതിച്ചോറിലെ കഞ്ഞിയുടെ നനവ് വെള്ളായിയപ്പന് ഓർമ്മകളാവുന്നു. മൂന്നു ദിവസങ്ങളിലായുള്ള യാത്രയിൽ വെള്ളായിയപ്പൻ ഒരു തുള്ളി വെള്ളം പോലും കുടിക്കുന്നില്ല. കൈയിൽ സൂക്ഷിച്ചിരുന്ന പൊതിച്ചോറ് കഴിക്കാനും ഹതഭാഗ്യനു കഴിഞ്ഞില്ല. പൊതിച്ചോറിന്റെ സാന്നിധ്യം വായനക്കാരനോട് പറയാതെ പറയുന്ന അനുഭവങ്ങളാണ് കഥാ കൃത്ത് ആവിഷ്കരിക്കുന്നത്. .വി.വിജയന്റെ കഥകളിൽ "കാറ്റ് സജീവ സാന്നിധ്യമാണ്. കാറ്റ് അതിന്റെ സമസ്ത ഭാവങ്ങളിലും വിജയന്റെ കഥകളിൽ നിറത്തുനിൽക്കുന്നു.

പനമ്പട്ടകളിൽ തട്ടിയെ ത്തുന്ന കാറ്റിന് അനേക ഭാവങ്ങളുണ്ട്. വെള്ളായിയപ്പന് കാറ്റ് അപരിചിതമാവുകയാണ്. വെള്ളായിയപ്പന്റെ മാനസികാവസ്ഥ വെളിപ്പെടുത്താൻ സന്ദർഭത്തിനു കഴിയുന്നു. സ്വയം നിയന്ത്രിക്കാൻ കഴിയാത്ത മാനസികാവസ്ഥയാണ് കാറ്റിന്റെ അപരിചിതത്വം പറയാതെ പറയുന്നത്.

വെള്ളായിയപ്പനും മകൻ കണ്ടുണ്ണിയുമെല്ലാം വായനക്കാരുടെ മനസ്സിൽ പതിയുന്നു. കഥയിൽ മിന്നിമറഞ്ഞുപോവുന്ന കഥാപാത്രങ്ങൾ ജീവിതത്തിന്റെ ദൈന്യതയും നിസ്സഹായതയും ശക്തമായി അനുഭവിപ്പിക്കുന്നു.

സംഭാഷണത്തിൽ കഥാകൃത്ത് കാണിക്കുന്ന മിതത്വം കഥയുടെ ആഖ്യാനസവിശേഷതകളിൽ പ്രധാനമാണ്. റെയിൽവേസ്റ്റേഷനിലേക്കുള്ള നടത്തത്തിനിടയിൽ കണ്ടുമുട്ടുന്ന നീലിമണ്ണാത്തിയുമായുള്ള സംഭാഷണം രണ്ടു വാക്കിൽ ഒതുങ്ങുന്നു, എന്നാൽ വെള്ളായിയപ്പന്റെ വേദന മുഴുവൻ ഏറ്റുവാങ്ങാൻ മൗനസംഭാഷണങ്ങൾക്കു കഴിയുന്നു. അച്ഛനും മകനും തമ്മിലുള്ള സംഭാഷണവും ധ്വനിസാന്ദ്രമാണ്.

പ്രമേയത്തിൽ മാത്രമല്ല ആഖ്യാനത്തിലും കഥ വേറിട്ടതാവുന്നു. കണ്ടുണ്ണി എന്തിനു തൂക്കിലേറ്റപ്പെട്ടു എന്ന ചോദ്യമാണ് കഥയുടെ രാഷ്ട്രീയ വായന നിർവഹിക്കുന്നത്. പാഴുതറ ഗ്രാമത്തിന്റെ വിലാപത്തിലൂടെ കണ്ടുണ്ണിയുടെ മരണം സ്വകാര്യദു:ഖത്തിൽ നിന്നും സാമൂഹിക ചുറ്റുപാടുകളിലേക്ക് മാറുകയാണ്.


അമ്പരപ്പിക്കുക - അമ്പരപ്പ്

അവലംബിക്കുക- അവലംബം

സമ്മതിക്കുക - സമ്മതം

വ്യസനിക്കുക - വ്യസനം

കണ്ടുപിടിക്കുക - കണ്ടുപിടിത്തം

പ്രവചിക്കുക - പ്രവചനം

പുകഴ്ത്തുക - പുകഴ്ത്തൽ

ചിത്രീകരിക്കുക - ചിത്രീകരണം

ആളിക്കത്തുക- ആളിക്കത്തൽ

പ്രതിപാദിക്കുക - പ്രതിപാദ്യം

 

.വി. വിജയൻ

മലയാള കഥാസാഹിത്യത്തിലെ പ്രമുഖനായ എഴുത്തുകാരൻ, കാർട്ടൂണിസ്റ്റ് ചിന്തകൻ, പത്രപ്രവർത്തകൻ തുടങ്ങിയ എല്ലാ നിലകളിലും പ്രശസ്തൻ. പാലക്കാട് ജില്ലയിൽ 1930- ജനനം. ഖസാക്കിന്റെ ഇതിഹാസം, ധർമ്മ പുരാണം, ഗുരുസാഗരം, തലമുറകൾ, കടൽ തീരത്ത്, കാറ്റ് പറഞ്ഞ കഥ, ഒരു സിനൂരപ്പൊട്ടിന്റെ ഓർമ്മയ്ക്കായി തുടങ്ങിയവ പ്രധാന കൃതികൾ, 2005- അന്തരിച്ചു.

3 comments:

  1. വെള്ളായപ്പൻ്റെ കഥാപാത്രനിരൂപണം കൂടി ചോദ്യാത്തരം കൂടി വേണം

    ReplyDelete

കേരളപാഠാവലി

 യൂണിറ്റ് 1 പാഠം 1        ലക്ഷ്മണസാന്ത്വനം പാഠം 2        ഋതുയോഗം പാഠം 3        പാവങ്ങള്‍ യൂണിറ്റ് 2 പാഠം 1        വിശ്വരൂപം പാഠം 2        പ...